രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ത്രിപുര, നാഗാലാന്റ്, മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ചതുപോലെ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം ഉജ്വല വിജയം നേടിയിരിക്കുന്നു. മൂന്നു സംസ്ഥാനങ്ങളിലും ബിജെപി സഖ്യത്തിന് ഭരണത്തുടര്‍ച്ചയ്‌ക്കുള്ള ജനവിധി ലഭിച്ചിരിക്കുകയാണ്. കാല്‍ നൂറ്റാണ്ടുകാലത്തെ ഇടതുപക്ഷത്തിന്റെ ഭരണകുത്തക അവസാനിപ്പിച്ച് അധികാരത്തില്‍ വന്ന ത്രിപുരയില്‍ ബിജെപിക്ക് എന്തു സംഭവിക്കുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. അവിടെ വിപ്ലവ് കുമാര്‍ ദേവിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയതും, സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായി ചില പ്രശ്‌നങ്ങളുണ്ടായതും, ഗോത്ര മേഖലയില്‍ തിപ്ര മോത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും, കോണ്‍ഗ്രസ്സും സിപിഎമ്മും സഖ്യമായി മത്സരിക്കുന്നതും ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ചിലര്‍ കരുതി. എന്നാല്‍ ഇത്തരം രാഷ്‌ട്രീയ വ്യാമോഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ബിജെപി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയിരിക്കുന്നത്. സഖ്യകക്ഷിയായ ഐപിഎഫ്ടിയെ ഒപ്പം കൂട്ടുന്നതിനു പുറമെ തിപ്ര മോതയും ഭരണത്തില്‍ പങ്കാളികളാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഭരണനേട്ടത്തിന്റെ പിന്‍ബലത്തില്‍ വീണ്ടും അധികാരത്തിലേറുമെന്ന ബിജെപി നേതൃത്വത്തിന്റെയും മുഖ്യമന്ത്രി മണിക് സാഹയുടെയും ആത്മവിശ്വാസം അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള ജനവിശ്വാസത്തിന്റെ പ്രഖ്യാപനമാണ് ത്രിപുരയിലെ ബിജെപി വിജയം.
ത്രിപുരയില്‍ ബിജെപി നേടിയത് തിളങ്ങുന്ന വിജയമാണെങ്കില്‍ കോണ്‍ഗ്രസ്സ്-സിപിഎം സഖ്യത്തിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും എതിര്‍ത്ത് മത്സരിച്ചതിനാല്‍ വോട്ടുകള്‍ ഭിന്നിച്ചതാണ് ബിജെപി ജയിക്കാനിടയായതെന്നും, ഇത്തവണ അത് നടക്കില്ലെന്നുമായിരുന്നു അവകാശവാദം. ഇത് പൊളിഞ്ഞതോടെ ഈ അവിശുദ്ധ സഖ്യത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തു വിലകൊടുത്തും ബിജെപിയെ തോല്‍പ്പിക്കുന്നതിനാണ് എതിര്‍പ്പുകള്‍ വിഴുങ്ങി സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ സിപിഎമ്മിന് സീറ്റു മാത്രമല്ല, വോട്ടും കുറഞ്ഞത് കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് മുന്‍കയ്യെടുത്ത പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് സംഖ്യത്തെ വലിയ ആവേശത്തോടെ ന്യായീകരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനുമൊക്കെ അണികളുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ വരും. സിപിഎമ്മിന്റെ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടപ്പെട്ടിരിക്കുന്നു. ഇടതു-കോണ്‍ഗ്രസ്സ് സഖ്യത്തെപ്പോലെ വലിയ അവകാശവാദങ്ങളുമായി ബിജെപിക്കെതിരെ മത്സരിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സിനും കനത്ത തിരിച്ചടിയാണേറ്റത്. ഒരു ശതമാനം പോലും വോട്ടുകള്‍ നേടാനാവാതെ നോട്ടയ്‌ക്കും താഴെയാണ് ഈ പാര്‍ട്ടിയുടെ നില. പ്രചാരണത്തിന് നേതൃത്വം കൊടുത്ത പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും മരുമകന്‍ അഭിഷേക് ബാനര്‍ജിക്കും മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.
നാഗാലാന്റില്‍ ചരിത്രപരമായ വിജയമാണ് ബിജെപി സഖ്യം നേടിയിരിക്കുന്നത്. അറുപതംഗ നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമാണ് എന്‍ഡിപിപി-ബിജെപി സഖ്യത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ നെയ്പിയു റിയോ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായിരിക്കുന്നു. ജനസംഖ്യയില്‍ ക്രൈസ്തവര്‍ക്ക് വന്‍ ഭൂരിപക്ഷമുള്ള നാഗാലാന്റില്‍ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ തറപറ്റിച്ചാണ് ബിജെപി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നാഗാലാന്റിലെ ജനവിധി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഒരുകാലത്ത് വിഘടനവാദത്തിന്റെ വിഹാരരംഗമായിരുന്ന നാഗാലാന്റില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച വിജയം ബിജെപി സഖ്യത്തിന് ജനങ്ങള്‍ നല്‍കിയിരിക്കുന്നത് ദേശീയ ശക്തികള്‍ക്ക് അഭിമാനകരമാണ്. മേഘാലയയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കിലും എന്‍ഡിഎ ഘടകക്ഷിയായിരുന്ന കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. സര്‍ക്കാരുണ്ടാക്കാന്‍ സാങ്മ ബിജെപിയുടെ പിന്തുണ തേടിയിട്ടുണ്ട്. മറ്റു കക്ഷികളുടെ പിന്തുണയോടെ ഇവിടെയും എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരാനാണ് എല്ലാ സാധ്യതയും. മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയം ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും പാര്‍ട്ടിക്ക് ശക്തമായ മത്സരം കാഴ്ചവയ്‌ക്കാനുള്ള ആവേശം നല്‍കും. ഇവിടങ്ങളില്‍ ജനങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ചോര്‍ന്നുപോവുകയും ചെയ്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: