ന്യൂദല്‍ഹി: ആം ആദ്മി ദല്‍ഹി സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രക്ഷിയ്‌ക്കാന്‍ പതിനെട്ടടവും വിഖ്യാത അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വി എടുത്തുപയോഗിച്ചിരുന്നു. ജേണലിസ്റ്റുകളായ വിനോദ് ദുവയുടെയും അര്‍ണാബ് ഗോസ്വാമിയുടെയും അറസ്റ്റുകളുമായി മനീഷ് സിസോദിയയെ താരതമ്യപ്പെടുത്താനും അഭിഷേക് മനു സിംഘ് വി ശ്രമിച്ചു. എന്നാല്‍ അതെല്ലാം കേസില്‍ വാദം കേട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസായ പി.എസ്. നരസിംഹയും തള്ളിക്കളഞ്ഞു.
മദ്യനയത്തിലെ അഴിമതിക്കേസില്‍ സിബിഐ കേസില്‍ ഒരിളവും പ്രതീക്ഷിക്കേണ്ടെന്നും ജാമ്യം വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസായ പി.എസ്. നരസിംഹയും പറഞ്ഞതോടെയാണ് മന്ത്രിസ്ഥാനം രാജിവെയ്‌ക്കാന്‍ മനീഷ് സിസോദിയ ഒരുങ്ങിയത്.
“ജേണലിസ്റ്റായ വിനോദ് ദുവയെ കോവിഡ് പ്രശ്നത്തില്‍ നടത്തിയ രാജ്യദ്രോഹപരമായ പ്രസ്താവനയുടെ പേരിലാണ് അറസ്റ്റ് ചെയ്തത്. അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റചെയ്തതും മറ്റൊരു വ്യത്യസ്ത കേസിലാണ്. അതുകൊണ്ട് നിങ്ങളുടെ വാദമുഖങ്ങള്‍ സ്വീകരിക്കാനാവില്ല”- ജസ്റ്റിസ് പി.എസ്. നരസിംഹ പറഞ്ഞു.
ദല്‍ഹിയില്‍ ഒരു സംഭവം നടന്നു എന്നതുകൊണ്ട് മാത്രം സുപ്രീംകോടതിയെ സമീപിക്കരുതെന്നും ജസ്റ്റിസ് നരസിംഹ താക്കീത് ചെയ്തു. മനീഷ് സിസോദിയയെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയെ ഓര്‍മ്മിപ്പിച്ചു. ഇത് ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിച്ച ജേണലിസ്റ്റ് വിനോദ് ദുവയുടെ കേസുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.
ഈ ഹര്‍ജി ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ജാമ്യംകിട്ടാന്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ഇതോടെ അഴിമതിയുടെ കറ കഴുകിക്കളയാനുള്ള ആം ആദ്മിയുടെ ശ്രമം പരാജയപ്പെട്ടു. മദ്യനയം പൂര്‍ണ്ണമായി സ്വകാര്യവല്‍ക്കരിക്കുന്ന നയമാണ് സിസോദിയയെ കുടുക്കിയത്. സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന കണ്‍സോര്‍ഷ്യത്തിന് 100 കോടി കൈക്കൂലി വാങ്ങിയാണ് ദല്‍ഹിയില്‍ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് മനീഷ് സിസോദിയ നല്‍കിയത്. ഇതോടെ അഴിമതിക്കെതിരായി സമരം ചെയ്ത് അധികാരത്തില്‍ വന്ന ആം ആദ്മി അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന സ്ഥിതിയിലെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: