കൊച്ചി : കുടിവെള്ള വിതരണത്തിനായി ടാങ്കര്‍ലോറി ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല. ലോറി പിടിച്ചെടുത്ത് വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍. ജില്ലയില്‍ പല സ്ഥലങ്ങളിലും കുടിവെള്ള വിതരണം തകരാറിലാണ്. ഈ സാഹചര്യത്തിലാണ് വെള്ള വിതരണത്തിനായി ടാങ്കര്‍ലോറി ആവശ്യപ്പെട്ടത്. എന്നാല്‍ ഉടമകള്‍ ഇത് നിരസിച്ചതോടെയാണ് വെഹിക്കിള്‍ ഇന്സ്പെകടറെത്തി വണ്ടി പിടിച്ചെടുത്തത്.
അടിയന്തിരാവശ്യത്തിനായി വണ്ടി വിട്ടു നല്‍കണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യപ്പെട്ടെങ്കിലും ലോറി ഉടമകള്‍ അത് നിരസിക്കുകയായിരുന്നു. ഇതോടെ എറണാകുളം ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.സി. ഷീബയും മറ്റൊരു ഇന്‍സ്പെക്ടറായ എം.പി. സുനില്‍ കുമാറും ചേര്‍ന്ന് വാഹനം പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കളമശ്ശേരി ഭാഗത്താണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഷീബയും സുനില്‍കുമാറും ചേര്‍ന്ന് ദേശീയപാതയിലൂടെ വന്ന കുടിവെള്ള ടാങ്കര്‍ലോറി തടഞ്ഞു നിര്‍ത്തുകയായിരുന്നു. കുമ്പളം പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്താന്‍ ടാങ്കര്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇന്‍സ്പെക്ടര്‍ ഷീബ ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ നോട്ടീസ് വാങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഉടമയുമായും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വണ്ടി വിട്ടു തരില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷീബയും സുനില്‍കുമാറും ഡ്രൈവറേയും കിളിയേയും ഇറക്കി വണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വണ്ടി ഷീബ ഓടിച്ച് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
മരട് ജലശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിക്കുന്ന പാഴൂര്‍ പമ്പ്ഹൗസിലെ പമ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് കൊച്ചി കോര്പ്പറേഷന്, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളെ കുടിവെള്ള വിതരണം ദിവസങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ രേണുരാജ് ദുരന്തനിവാരണ നിയമപ്രകാരം വണ്ടികള്‍ പിടിച്ചെടുത്ത് കുടിവെള്ള വിതരണം നടത്താന്‍ ഉത്തരവിട്ടത്. ഇതുപ്രകാരം ടാങ്കര്‍ലോറി പിടികൂടാന്‍ എറണാകുളം ആര്‍ടിഒ ജി. അനന്തകൃഷ്ണന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഈ നടപടി. ഇത്തരത്തില്‍ 30ലധികം ടാങ്കര്‍ ലോറികളാണ് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: