തിരുവനന്തപുരം: കോവിഡ് പോലുള്ള ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നത് രാജ്യ വികസനത്തിന് തെളിവാണെന്ന് വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യയുടെ ജി -20 അധ്യക്ഷ പദവി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ്, കാലാവസ്ഥാ വെല്ലുവിളികൾ, സംഘർഷം തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യ ഏറ്റെടുത്ത് ജി-20 അധ്യക്ഷ പദവിക്ക് ഏറെ പ്രാധാന്യമുണ്ട്. ലോകത്തിന്റെ മുഴുവൻ താത്പര്യങ്ങൾ സംരക്ഷിക്കാനും ഇന്ത്യ പരിശ്രമിക്കുകയാണ്. ആഗോള പ്രശ്നങ്ങൾക്ക് ആഗോള പരിഹാരം എന്നതാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ട് വെയ്ക്കുന്ന ആശയം.ബാലി ഉച്ചകോടിയിൽ യുക്രൈൻ സംഘർഷത്തിന്റെ പശ്ചാതലത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വെച്ച ഇത് യുദ്ധത്തിന്റെ യുഗമല്ല എന്ന കാഴ്ചപ്പാട് മറ്റു രാജ്യങ്ങളും അംഗീകരിച്ചതായി വി മുരളീധരൻ ചൂണ്ടിക്കാട്ടി .
ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള നെഹ്റു യുവ കേന്ദ്രയുടെ അവാർഡ് വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന ജീവകല ക്ലബിന് കേന്ദ്ര സഹമന്ത്രി സമ്മാനിച്ചു.
പേട്രിയോട്ടിക്ക് ക്ലബ്ബുകളുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു.മന്ത്രി ആന്റണി രാജു, സംസ്ഥാന കായിക -യുവജനകാര്യ വകുപ്പ് ഡയറക്ടർ എസ്. പ്രേം കൃഷ്ണ, പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ കെ. കുഞ്ഞഹമ്മദ്, തുടങ്ങിയവരും പങ്കെടുത്തു.
കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയൽപക്ക യുവജന സഭയിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടന്നു. ജി-20 സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ സംബന്ധിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: