ന്യൂദല്‍ഹി: നാഗാലാന്‍ഡിലും മേഘാലയയിലും നാളെ വോട്ടെടുപ്പ്. നാഗാലാന്‍ഡിലെ 60 ല്‍ 59 മണ്ഡലങ്ങളിലും മേഘാലയയിലെ 60 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ആരംഭിച്ചു.
നാഗാലാന്‍ഡിലെ അകുലുട്ടോ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ കഷെറ്റോ കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാമ നിര്‍ദേശപത്രിക പിന്‍വലിച്ചതിനെതുടര്‍ന്ന് കിനിമിയെ തെരഞ്ഞെടുപ്പ് കമ്മിഷന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 59 മണ്ഡലങ്ങളിലായി 2315 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. 183 സ്ഥാനാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുക 13 ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാരാണ്.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ നാഗാലാന്‍ഡില്‍ 305 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ബിജെപി 20 സീറ്റുകളിലും സഖ്യകക്ഷിയായ എന്‍ഡിപിപി 40 സീറ്റിലുമാണ് ഇവിടെ മത്സരിക്കുന്നത്. 2018ല്‍ ബിജെപി 12 സീറ്റും എന്‍ഡിപിപി 18 സീറ്റുമാണ് നേടിയിരുന്നത്.
മേഘാലയയുടെ ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയും അസമുമായുള്ള സംസ്ഥാന അതിര്‍ത്തിയും വോട്ടെണ്ണല്‍ ദിവസം വരെ അടച്ചിടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 60 മണ്ഡലങ്ങളിലായി 3419 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിക്കുന്നത്. 375 സ്ഥാനാര്‍ഥികള്‍. ഇവിടെ 60 സീറ്റിലും ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: