തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനു മൂന്നു മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ശാസ്ത്രീയ കൃഷി രീതി സംസ്ഥാനത്തു പ്രചാരത്തില്‍ കൊണ്ടുവരികവഴി ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുക, കാര്‍ഷികോത്പന്നങ്ങളുടെ ശേഖരണവും വിപണവും വര്‍ധിപ്പിച്ചു കര്‍ഷകര്‍ക്കു മികച്ച വരുമാന സ്ഥിരതയുള്ള വിപണി ലഭ്യമാക്കുക,
കാര്‍ഷികോത്പന്നങ്ങളെ വ്യാവസായിക മൂല്യവര്‍ധനവിനുള്ള നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രവര്‍ത്തന മേഖലകളെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആറാമത് വൈഗ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത സാമ്പത്തിക വര്‍ഷവും കാര്‍ഷികോത്പാദന വളര്‍ച്ചയ്ക്കു വലിയ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷികോത്പന്നങ്ങളെ വ്യാവസായികതലത്തിലുള്ള സംസ്കരണ, മൂല്യവര്‍ധന മേഖലകളുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ സ്ഥിരതയുള്ള വിപണിയും ഉയര്‍ന്ന വിലയും കര്‍ഷകനു ലഭിക്കൂ. ഇത് ഉറപ്പുവരുത്താന്‍ കാര്‍ഷിക മൂല്യവര്‍ധനവിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.
കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ചെറുകിട സ്പൈസസ് സംസ്കരണ യൂണിറ്റുകള്‍ക്കായി തൊടുപുഴയില്‍ സ്പൈസസ് പാര്‍ക്ക് സ്ഥാപിക്കും. നെല്‍കൃഷി മേഖലയില്‍ പാലക്കാടും തൃശൂരും ആലപ്പുഴയിലും മൂന്ന് ഇന്റഗ്രറ്റഡ് റൈസ് ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കും. നെല്ലിന്റെ സംസ്കരണത്തിനും മൂല്യവര്‍ധനവിനുംവേണ്ട പശ്ചാത്തല സൗകര്യം ഇവിടെ ഒരുക്കും. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ ഉതകുംവിധമാണ് ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
കേരളത്തിലെ പ്രമുഖ വിളയായ നാളികേരത്തിന്റെ മൂല്യവര്‍ധന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി കുറ്റിയാടിയില്‍ നാളികേര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കും. കാപ്പി കര്‍ഷകരെ സഹായിക്കുന്നതിനു വയനാട് ജില്ലയില്‍ ഇന്റഗ്രേറ്റഡ് കോഫി ആന്‍ഡ് അഗ്രി പ്രൊഡ്യൂസ് പ്രോസസിങ് പാര്‍ക്ക് സ്ഥാപിക്കും. സുസ്ഥിരമായ രീതിയില്‍ കാപ്പി കൃഷിചെയ്തു കാര്‍ബണ്‍ ന്യൂട്രല്‍ മലബാര്‍ കോഫി എന്ന ബ്രാന്‍ഡായി അതിനെ വിപണിയിലെത്തിക്കും.
റബര്‍ മേഖലയിലെ സര്‍ക്കാരിന്റെ സുപ്രധാന ഇടപെടലാണു കോട്ടയത്ത് സ്ഥാപിക്കപ്പെടുന്ന കേരള റബര്‍ ലിമിറ്റഡ്. 1050 കോടി രൂപയാണ് ഈ പൊതുമേഖലാ സ്ഥാപനത്തിനു ചെലവു പ്രതീക്ഷഇക്കുന്നത്. ലാറ്റക്സ് ഉത്പന്നങ്ങളുടെ ഹബ്ബും സ്വാഭാവിക റബറിന്റെ സംഭരണത്തിനുള്ള സൗകര്യങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ ഇതിനു മുതല്‍മുടക്കുണ്ടാകും.
കാര്‍ഷിക മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് കൃഷി വകുപ്പ് പ്രധാന പ്രവര്‍ത്തനം നടത്തുന്നതിനൊപ്പം സഹകരണ സംഘങ്ങള്‍, വ്യവസായ മേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം പിന്തുണനല്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റൈടുക്കണം. എങ്കിലേ ഉദ്ദേശിക്കുന്ന മുന്നേറ്റമുണ്ടാകൂ. കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധനവിനു പ്രാധാന്യം നല്കുന്ന മേളയെന്ന നിലയില്‍ കാര്‍ഷിക രംഗത്തെ വരുംകാല മുന്നേറ്റങ്ങള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ചകളും സംവാദങ്ങളും വൈഗ മേളയിലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈഗയുടെ ഭാഗമായുള്ള റിസോഴ്സ് സെന്ററുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിപിആര്‍ ക്ലിനിക്കുകള്‍ തുടര്‍ പ്രക്രിയയായി മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പത്മശ്രീ ചെറുവയല്‍ രാമന്, നബാര്‍ഡ് ചെയര്മാന് കെ.വി. ഷാജി എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
സിക്കം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലോക്നാഥ് ശര്‍മ, അരുണാചല്‍ പ്രദേശ് കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടഗേ ടകി, ഹിമാചല്‍ പ്രദേശ് കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചന്ദേര്‍ കുമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്, ഡയറക്ടര്‍ കെ.എസ്. അഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് രണ്ടു വരെ നടക്കുന്ന മേളയില്‍ കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന 210ലേറെ പ്രദര്‍ശന സ്റ്റാളുകള്‍, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: