മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ പരശു രാമനാണ് കേരളമുണ്ടാക്കിയതെന്നല്ലെ ഐതിഹ്യം. വംശപാരമ്പര്യം കൊണ്ടും അനുഷ്ഠാനം കൊണ്ടും ഒരു ഋഷിയാണെങ്കിലും അപരാധബോധത്തിന്റെ ഒഴിയാബാധയാല്‍ നിരന്തരമായി അലട്ടപ്പെട്ട നിര്‍ബന്ധബുദ്ധിയായ ഒരു പാപ കര്‍ത്താവ് കൂടിയായിരുന്നു പരശുരാമന്. ഹൃദയത്തില്‍ അപരാധത്തിന്റെ കനത്തഭാരവും ചുമലില്‍ മൂര്‍ച്ചയേറിയ ഒരു വെണ്‍മഴുവുമുണ്ടായിരുന്നു. ക്ഷത്രിയന്മാരുടെ ഇരുപത്തൊന്ന് തലമുറകളെ കശാപ്പുചെയ്ത സംഹാരമൂര്‍ത്തിയായ പരശുരാമന് ഈ നിഷ്ഠുരകൃത്യം ചെയ്യാന്‍ കഴിഞ്ഞത് അദ്ദേഹം അവതാരങ്ങളിലെ അത്യപൂര്‍വ ജനുസ്സായതുകൊണ്ടാണല്ലോ. പാതകങ്ങളുടെ ഭാരത്തിന് കീഴില്‍ ഋഷിമാര്‍പോലും പശ്ചാത്താപഭരിതരായ പാപികളായി മാറുന്നു. തന്റെ പെരുത്ത പാപങ്ങളില്‍ നിന്ന് മോചനം നേടാനായി പരശുരാമന് ബ്രാഹ്മണര്‍ക്ക് ഭൂമിദാനം ചെയ്തു. സഹ്യാദ്രിയുടെ കൊടുമുടിയില്‍ കയറിനിന്നുകൊണ്ട് പരശുരാമന് തന്റെ ചോരക്കറ പുരണ്ട മഴു അറേബ്യന്‍ സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞത്രെ. അപ്പോഴുയര്‍ന്നുവന്ന കരപ്രദേശമാണ് കേരളമെന്ന് പറയുന്നു.
പുതുതായി ഉയര്‍ന്നുവന്നകരപ്രദേശം ബ്രാഹ്മണര്‍ക്കായി ദാനം ചെയ്തു എന്നാണ് ഐതിഹ്യം. പാപം തീര്‍ക്കാന്‍ ഉത്ഭവിപ്പിച്ച ഭൂമിയാണെന്ന പേര് പേറുന്ന കേരളത്തെ പിന്നീട് സ്വാമി വിവേകാനന്ദനാണ് ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ജാതിഭ്രാന്തിന്റെയും മതഭ്രാന്തിന്റെയും കേളീരംഗമായിരുന്ന കേരളത്തെ തീര്‍ത്ഥാടന കേന്ദ്രമാക്കിയത് ശ്രീനാരായണ ഗുരുദേവന്, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി തുടങ്ങിയവരുടെ പ്രവര്‍ത്തനംകൊണ്ടാണ്. അതങ്ങിനെയല്ല, തങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണെന്നാണ് കമ്യൂണിസ്റ്റ് ഭാഷ്യം. അതെന്തായാലും കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് പുതിയ സെക്രട്ടറിയെ കിട്ടിയാല്‍ ഒരു യാത്രയുണ്ട്. അതിലൊരു യാത്രയാണത്രെ ഗോവിന്ദന് മാഷിന്റേത്.
കഴിഞ്ഞദിവസം കുമ്പളയിലാണ് യാത്ര തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കുതിച്ചുമുന്നേറുന്ന സംസ്ഥാനം കേരളം മാത്രമെന്ന് സ്ഥാപിച്ചെടുക്കുവാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. വഴിനീളെ പ്രതിഷേധം കണ്ടതുകൊണ്ടാണോ, അതോ വിശ്വസ്തന് ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിയതറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല. ഓരോ വാക്കിലും വിറളി നിഴലിക്കുന്നതായി തോന്നി. ഒന്നും പറയില്ലെന്ന പ്രതീക്ഷ അസ്തമിക്കുകയാണോ, എല്ലാം തുറന്നുപറയുമോ എന്നതാകുമോ ആ വിറളിക്കാധാരമെന്നറിയില്ല. അത് മറച്ചുവയ്ക്കാനായി പിന്നത്തെ ശ്രമം. ദല്‍ഹിയില്‍ ആര്‍എസ്എസ്- ജമാഅത്ത് ചര്‍ച്ചയാണ് എടുത്തിട്ടത്. ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫയര്‍ പാര്‍ട്ടിത്രയത്തിന് പങ്കുണ്ടോ എന്ന സംശയവും പ്രകടിപ്പിച്ചു. ആര്‍എസ്എസ് ഇഷ്ടമില്ലാത്തവരെ കൊന്നുതള്ളുകയാണെന്നാക്ഷേപിച്ച മുഖ്യമന്ത്രി, ജമാഅത്തെ ഇസ്ലാമി എന്തിന് ചര്‍ച്ച നടത്തി എന്നറിയണം. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാകാന്‍ ഇടയില്ലെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒട്ടും സംശയമില്ല. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സിപിഎം ഉള്ളപ്പോള്‍ മറ്റാരെങ്കിലും എന്തിന് സംസാരിക്കണം എന്ന സംശയമാണ് മുഖ്യമന്ത്രിക്ക്.
സിപിഎം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ല, മതഭീകരസംഘടനകളുടെ താല്പര്യസംരക്ഷകരാണെന്നതല്ലെ സത്യം. കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചതിനെ മുസ്ലീം ന്യൂനപക്ഷം സര്‍വാത്മനാ സ്വാഗതം ചെയ്യുമ്പോള്‍ എതിര്‍പ്പുമായി നില്‍ക്കുന്നത് താലിബാനിസക്കാരാണ്. അവരോടൊപ്പമാണ് സിപിഎം. പൗരത്വനിയമം രാജ്യത്തെ ഒരു പൗരനും എതിരല്ലെന്നിരിക്കെ അത് മുസ്ലീം വരുദ്ധമെന്ന് വരുത്തിത്തീര്‍ക്കാനാണ് സിപിഎം ശ്രമം. പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കാന്‍ മനസ്സില്ലെന്ന് ആവര്‍ത്തിച്ചുപറയാനും മുഖ്യമന്ത്രി മറന്നില്ല. കേരളമെന്നല്ല രാജ്യത്തെ ഒരു സംസ്ഥാനത്തിനും ഇന്ത്യന്‍ പൗരന്മാര്ക്കെതിരെ പൗരത്വനിയമപ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന സത്യം മറച്ചുപിടിച്ചു.
ഗോവിന്ദന്മാഷും ആ അബദ്ധം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അതേസമയം ജാഥയില്‍ നിന്നെന്തേ സ്വന്തം ജില്ലക്കാരനും കേന്ദ്രകമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജന് വിട്ടുനില്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമേയില്ല. യാത്ര കാസര്‍കോഡും കണ്ണൂരും വയനാടും പിന്നിട്ടു. ജാഥ തുടങ്ങിയ ദിവസം ഇപി.ജയരാജന് കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നു. പിറ്റേദിവസം എറണാകുളത്തെ ഒരു ദല്ലാളായ നന്ദകുമാറിന്റെ അമ്മയെ ആദരിക്കാന്‍ അമ്പലത്തിലെത്തി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അവിടെയും മറുപടി ലഭിച്ചില്ല. കയ്യും കാലും പിടിച്ച് എങ്ങനെയെങ്കിലും യാത്രയുടെ ഭാഗമാക്കാന്‍ ശ്രമം നടക്കുകയാണ്. ആകാശ് തില്ലങ്കേരിയെ ഒതുക്കാന്‍ പി.ജയരാജനെ ഇറക്കിയതുപോലെ ഇപിയെ ഒതുക്കാന്‍ പിജെയെ തന്നെ രംഗത്തിറക്കിയാലും അതിശയിക്കാനില്ല.
പിജെയാണല്ലൊ ഏറ്റവും ഒടുവില്‍ ഇപിക്കെതിരെ നിറയൊഴിച്ചത്. കണ്ണൂരിലെ ‘വൈദേകം’ ആയുര്‍വേദ റിസോര്‍ട്ട് പണിതതെങ്ങിനെ എന്നതാണ് ചോദ്യം. അത് തന്റെ ഭാര്യ ഇന്ദിരയുടെയും മകന് ജയ്സന്നിന്റെയും വരുമാനം കൊണ്ടാണെന്നാണ് പാര്‍ട്ടിക്ക് നല്കിയ വിശദീകരണം. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഈ പരാതി നേരത്തെ ഉയര്‍ന്നതാണ്. അത് ചര്‍ച്ച ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നാണ് ഇപിയുടെ വിശദീകരണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിനും വിശദീകരണം നല്‍കിയിട്ടുണ്ട്. അത് കമ്മിറ്റി അംഗീകരിച്ചോ എന്നറിയില്ല. ഇനി കമ്മിറ്റി ചേരുന്നത് സെക്രട്ടറി ഗോവിന്ദന് മാഷിന്റെ യാത്ര തീരുന്ന മാര്‍ച്ച് 18നു ശേഷമായിരിക്കും. അതുവരെ വിഷയം സജീവമായി നില്‍ക്കില്ലെ എന്നതാണ് ഇപിയുടെ സംശയം.
പരശുരാമനെപോലെ പാപ്പക്കറയുമായി മാഷ് നടന്നുകൊണ്ടേയിരിക്കും. ആ കറ തീര്‍ക്കാന്‍ എന്ത് ദാനമാണോവോ മാഷ്ക്ക് നല്‍കാനുള്ളത്. മാഷിന് ആരെയാണ് പ്രതിരോധിക്കാനുള്ളത്? ഇപിയെ മാത്രമാണോ? അതോ തിങ്കളാഴ്ച ഹാജരാകാന്‍ ഇഡിയുടെ നോട്ടീസ് കൈപ്പറ്റിയ രവീന്ദ്രന്റെ മൊഴികളെയോ? അതോ ശിവശങ്കരന് നല്കിയ മൊഴികളെ തന്നെയോ? സ്വപ്ന സുരേഷ് ഇതിനകം നല്കിയ മൊഴികളും വെളിപ്പെടുത്തലുകളുമുണ്ടല്ലോ. അതിനെ പ്രതിരോധിക്കാന്‍ ഈ യാത്രകൊണ്ടാവുമോ? കടകംപള്ളിയെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല. ശ്രീരാമകൃഷ്ണന് കോളജ് പിള്ളേരെക്കാള്‍ കഷ്ടം എന്നുപറഞ്ഞതോ. അതോ തോമസ് ഐസക്ക് മൂന്നാറിലേക്ക് ക്ഷണിച്ചു എന്നുപറഞ്ഞതിനെയോ? ഏതായാലും മാഷ് പിടിച്ച പുലിവാല് ചെറുതല്ല. ഈ യാത്രകൊണ്ട് പ്രതിരോധം തീരുമെന്ന പ്രതീക്ഷയ്ക്കും ഒട്ടും വകയില്ലെന്നാണ് തോന്നുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: