ന്യൂദല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ രക്ഷയ്ക്ക്, അവര്‍ക്ക് വിത്തും വളവും വാങ്ങാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ കിസാന്‍ സമ്മാന്‍ പദ്ധതി തുടങ്ങിയിട്ട് നാലു വര്‍ഷമാകുന്നു. ഒരു വര്‍ഷം മൂന്നു തവണകളായി കര്‍ഷകര്‍ക്കു നേരിട്ട് 6000 രൂപ അവരുടെ അക്കൗണ്ടുകളിലെത്തിക്കുന്ന പദ്ധതി 2019 ഫെബ്രുവരി 24നാണ് ആരംഭിച്ചത്. പദ്ധതി വഴി നല്കുന്ന തുകയുടെ 13-ാം തവണ നാളെ വിതരണം ചെയ്തേക്കും. പന്ത്രണ്ടാം ഗഡു വിതരണം 2022 ഒക്ടോബര്‍ 17നായിരുന്നു. എട്ടു കോടിയിലേറെ കര്‍ഷകര്‍ക്കായി 2.24 ലക്ഷം കോടി രൂപ കൊടുത്തു കഴിഞ്ഞു. മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കാര്‍ഷിക മേഖലയ്ക്ക് കരുത്തു പകരാന്‍വേണ്ടി സജ്ജമാക്കിയതാണ്. രണ്ടു ഹെക്ടര്‍ വരെ കൃഷിയുള്ള ചെറുകിട കര്‍ഷകരെ ലക്ഷ്യമിട്ടുള്ളതാണിത്. 2023-24 ബജറ്റില്‍ മാത്രം 60,000 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയത്. പന്ത്രണ്ടാമത് ഗഡു 8.42 കോടി കര്‍ഷകര്‍ക്കാണ് ലഭിച്ചത്.
കൊവിഡ് കാലത്തും കര്‍ഷകര്‍ക്ക് ഇത് മുടക്കം കൂടാതെ ലഭിച്ചതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ സഹായമായിരുന്നു. വര്‍ഷം ആറായിരം രൂപയെന്നത് ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തത്ക്കാലം തീരുമാനമൊന്നും എടുത്തിട്ടില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്കുന്ന ലോകത്തെ വന്‍ പദ്ധതികളില്‍ ഒന്നാണിത്.
അനര്‍ഹര്‍ കിസാന്‍ സമ്മാന്‍ വാങ്ങുന്നത് കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം 30,416 അനര്‍ഹര്‍ കിസാന്‍ സമ്മാന്‍ കൈപ്പറ്റിയിട്ടുണ്ട്. ഇവരില്‍ 21018 പേര് ആദായ നികുതി അടയ്ക്കുന്നവരാണ്. കേരളത്തില്‍ 37.2 ലക്ഷം പേരാണ് കിസാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നു വര്‍ഷം കൊണ്ട് 5600 കോടി രൂപയാണ് കേരളത്തില്‍ മാത്രം വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: