പി.ശ്യാംരാജ്
(ദേശീയ സെക്രട്ടറി, ഭാരതീയ ജനതാ യുവമോര്‍ച്ച)
ബഫര്‍സോണ്‍ വിഷയങ്ങളും അതിനോടനുബന്ധിച്ചുള്ള സമരങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര്‍ത്തിഗ്രാമമായ മൂഴിക്കലില്‍ നിന്നും ചിലയാളുകള്‍ വിളിക്കുന്നത്. സര്‍ക്കാര്‍ നടത്തിയ സാറ്റലൈറ്റ് സര്‍വേയില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍, ഭൂരിഭാഗവും ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന ആ പ്രദേശത്തെ, വനമേഖല എന്നാണേ്രത രേഖപ്പെടുത്തിയിരിക്കുന്നത്! എത്ര പെട്ടെന്നാണ് ഒരു കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് ഒരു ജനവിഭാഗത്തെ ഭൂപടത്തില്‍ നിന്നുതന്നെ സര്‍ക്കാര്‍ തുടച്ചുമാറ്റിയത്?
ബഫര്‍ സോണ്‍ പരിധി അതത് സംസ്ഥാനത്തിന് തന്നെ നിര്‍ണയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങള്‍ ബഫര്‍ സോണ്‍ സീറോ കിലോമീറ്ററായി നിജപ്പെടുത്തുകയും ചെയ്ത അതേ സമയത്തുതന്നെയാണ് കേരള സര്‍ക്കാരിന്റെ ഈ ജനദ്രോഹവും നടക്കുന്നത്. നൂറ്റാണ്ടുകളായി വനമേഖലകളില്‍ താമസിക്കുന്നവര്‍, പ്രകൃതിക്ക് കോട്ടം തട്ടാതെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവര്‍. പരമ്പരകളായി കാട്ടുതേനും, കാട്ടുപത്രിയും ശേഖരിച്ച് ഉപജീവനമാര്‍ഗം കണ്ടിരുന്നവര്‍, തലമുറകളായി നൂറാനും, നറുനീണ്ടിയും മാന്തിയെടുത്ത് നെല്ലും തിനയും കരകൃഷി ചെയ്ത് ഭക്ഷണം കഴിച്ചിരുന്നവര്‍…ഒരു സുപ്രഭാതത്തില്‍ അവരോട് പറയുന്നു, നിങ്ങളീ ഭൂമിയുടെ ഉടമകളല്ലെന്ന്. നിങ്ങളീ ഭൂമിയില്‍ നിന്നും പടി കടക്കണമെന്ന്. കാടും മലയും വെട്ടിത്തെളിച്ച് പാറകള്‍ വെടിവച്ച് പൊട്ടിച്ചും, മരങ്ങളെകടപുഴകി വീഴ്ത്തിയും ഫഌറ്റുകളും മണിമാളികകളും പണിതുയര്‍ത്തിയവര്‍, ഒരു മരം പോലും മുറിക്കാതെ അതിന്റെ ശിഖരങ്ങള്‍ തൊട്ടിലാക്കുന്നവരോട്, ഇലകള്‍ മെത്തയാകുന്നവരോടുപറയുന്നു, നിങ്ങള്‍ വനം നശിപ്പിക്കുന്നുവെന്ന്. എന്തൊരനീതിയാണിത്?
കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍ മഹാത്മാ അയ്യന്‍കാളിയും ഗുരുദേവനുമൊക്കെ തെളിച്ച വഴിയിലൂടെ ഇവിടുത്തെ പട്ടികജാതി പട്ടികവര്‍ഗ-പിന്നാക്ക വിഭാഗങ്ങള്‍ ഒരുപാട് മുന്നോട്ടു പോയിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കടന്നുവരവോടുകൂടി, പട്ടികജാതി-വര്‍ഗ-പിന്നാക്ക വിഭാഗങ്ങളുടെ പിന്നോട്ടടിയും പതിയെ ആരംഭിക്കുകയായിരുന്നു. സ്വമേധയാ അവര്‍ ഒരടി മുന്നോട്ടുവയ്ക്കുമ്പോള്‍ രണ്ടടി പിന്നോട്ടുവലിക്കാന്‍ ഇടതുപക്ഷം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗുരുദേവനേയും, മഹാത്മാ അയ്യന്കാളിയെപ്പോലും തിരശീലയ്ക്കുപിന്നിലാക്കി, ഇവിടെ നടന്നിട്ടുള്ള നവോത്ഥാന ചലനങ്ങളെല്ലാം തങ്ങളിലൂടെയാണെന്ന് പിന്നാക്കവിഭാഗങ്ങളെ മാത്രമല്ല, പൊതുസമൂഹത്തെ മുഴുവനായും ധരിപ്പിക്കുവാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കായി എന്നത് യാഥാര്‍ത്ഥ്യമാണ്. നിങ്ങള്‍ക്ക് വഴി നടക്കാനായതും, കൂലി ലഭിക്കാനായതുമെല്ലാം തങ്ങള്‍ കാരണമാണെന്ന് ഇടതുപക്ഷം അവരെ പറഞ്ഞുപഠിപ്പിച്ചു. അങ്ങനെ പലവുരു ആവര്‍ത്തിച്ച പെരുംനുണകള്‍ പലരുടെയും മനസ്സില്‍ അവര്‍പോലുമറിയാതെ പതിഞ്ഞുകിടന്നു.
ഇടതുപക്ഷത്തിനുവേണ്ടി കൊടിപിടിക്കാനും, പോസ്റ്ററൊട്ടിക്കാനും ധാരാളമായിറങ്ങിയ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പക്ഷേ അധികാരസ്ഥാനങ്ങളില്‍ എക്കാലത്തും അയിത്തം നേരിടാന്‍ തന്നെയായിരുന്നു വിധി. മന്ത്രിസഭയില്‍ പോലും പട്ടികജാതി-പട്ടികവര്ഗവകുപ്പിനപ്പുറത്തേക്ക് മറ്റു പ്രധാന വകുപ്പുകളൊന്നും അവരെത്തേടിയെത്തിയില്ല. ഇക്കാലയളവില്‍ കേരളത്തിന്റെ മുഖ്യധാരാ മേഖലകളിലും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് കടന്നുചെല്ലാനായില്ല. രാഷ്ട്രീയം, സിനിമ, മാധ്യമം, വ്യാപാരം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിലെല്ലാം ഇക്കൂട്ടര്‍ക്ക് നാമമാത്രമായ പ്രാതിനിധ്യം പോലുമില്ല. അതോടൊപ്പമാണ് കേരളത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പട്ടികാജതി-പട്ടികവര്‍ഗ പീഡനങ്ങളും കൊലപാതകങ്ങളും.
വാളയാറിലെ പെണ്‍കുട്ടികളുടെ മരണം
2017 ജനുവരി 13നാണ്, 13 വയസ്സുള്ള മൂത്ത സഹോദരിയെ 9 വയസ്സുള്ള ഇളയ സഹോദരി ഒറ്റമുറി മാത്രമുള്ള വീടിനുള്ളില്‍ മരിച്ചു തൂങ്ങിക്കിടക്കുന്ന രീതിയില്‍ കണ്ടത്. ചിലര്‍ വീട്ടില്‍ നിന്നും മുഖം മറച്ച് ഇറങ്ങിപ്പോവുന്നത് കണ്ടിരുന്നു എന്ന് ഇളയ പെണ്‍കുട്ടി മൊഴികൊടുത്തുവെങ്കിലും ആ കേസ് വേണ്ട രീതിയില്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. രണ്ടുമാസങ്ങള്‍ക്കു ശേഷം 2017, മാര്‍ച്ച് 4ന് ഇളയ പെണ്‍കുട്ടിയേയും ഇതേരീതിയില്‍ വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ, സര്‍ക്കാരിന്റെ അനാസ്ഥനോക്കൂ. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിലരെയെങ്കിലും അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറായത്. തന്റെ മക്കള്‍ക്ക് നീതി നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവസാനം തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവന്നു ആ പെണ്‍കുട്ടികളുടെ അമ്മയ്ക്ക്. തെരഞ്ഞെടുപ്പില്‍ ആ അമ്മ പരാജയപ്പെട്ടെങ്കിലും മനുഷ്യത്വമുള്ളവരുടെ മനസ്സിലെ വോട്ട് ആ അമ്മയ്ക്ക് തന്നെയായിരുന്നു.
2018 ഫെബ്രുവരി 22ന് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയ മധു ഓരോ മലയാളിക്കും കണ്ണീരോര്‍മയാണ്. നാളിതുവരെയായിട്ടും മൂന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് മധുവിന്റെ കേസില്‍ നിന്ന് രാജിവച്ചൊഴിഞ്ഞത്. പലരുടെയും പ്രശ്നം ഫീസായിരുന്നു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുന്ന ചില കേസുകളില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവന്ന അതേ സമയത്തു തന്നെയാണ് ഫീസ് ലഭിച്ചില്ല എന്ന കാരണത്താല്‍ മധുവിനു വേണ്ടി അഭിഭാഷകര്‍ പോലും ഹാജരാവാതിരുന്നത്. മധുവിനെ ആള്‍ക്കൂട്ടം കൊല ചെയ്തതിനുശേഷം ആ വീഡിയോകള്‍ പ്രചരിപ്പിച്ചതും അവര്‍ തന്നെയായിരുന്നു. യാതൊരു മടിയോ, ഭയമോ കൂടാതെ, മധുവിനെ അങ്ങനെ ചെയ്യുക എന്നത് തങ്ങളുടെ അവകാശമാണെന്ന രീതിയിലായിരുന്നു ആ നരാധമന്മാരുടെ ഓരോ പ്രവൃത്തിയും. ആ കേസിലും പോലീസ് തുടക്കത്തില്‍ നിഷ്ക്രിയത്വം പാലിച്ചു.
2017 ജൂലൈ 17 നാണ് തൃശൂര്‍ ഏങ്ങണ്ടിയൂരിലെ വിനായകന് എന്ന ദളിത് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനു ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വഴിയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു നിന്നു എന്ന ‘കുറ്റത്തിനാണ്’ വിനായകനെ കസ്റ്റഡിയിലെടുത്തതും ക്രൂരമായി തല്ലിച്ചതച്ചതും. വിനായകന്റെ തലയിലും നെഞ്ചിലും മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളുണ്ടായിരുന്നു. കാലില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെയും. മുലഞെട്ടുകള്‍ ഞെരിച്ചുപൊട്ടിച്ചും, മുടിവലിച്ചുപറിച്ചും അതിക്രൂരമായിട്ടായിരുന്നു വിനായകനെ പോലീസ് മര്‍ദ്ദിച്ചത്. ഇതിനുമുന്‍പ് സൂചിപ്പിച്ച കൊലപാതകങ്ങളില്‍ പോലീസിന്റെ നിഷ്ക്രിയത്വമായിരുന്നു നീതിനിഷേധിക്കാന്‍ കാരണമെങ്കില്‍, ഇവിടെ കുറ്റവാളികള്‍ തന്നെ പോലീസുകാരാണ്. ഒരുതുണ്ടു ഭൂമി സ്വന്തമായിട്ടില്ലാത്തതിനാല്‍ ബന്ധുവിട്ടിലാണ് വിനായകന്റെ മൃതദേഹം സംസ്കരിച്ചത്. അവന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെയാണ് ജീവനെടുത്തതും.
മലപ്പുറം വളാഞ്ചേരിയിലെ ദേവിക എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പഠിക്കാന്‍ മിടുക്കിയായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ വലിയ പ്രതീക്ഷയായിരുന്നു അവള്. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവള്‍. പഠിച്ചുമിടുക്കിയായി, വലുതാവുമ്പോള്‍ തന്റെ മാതാപിതാക്കള്‍ക്ക് താങ്ങും തണലുമായി നിലനില്ക്കണമെന്നവള് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. പഠിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലഭ്യമാവാതിരുന്നതിനാല്‍ 2020 ജൂണില്‍ തീകൊളുത്തി ആത്മഹത്യചെയ്തു. കൊവിഡ് ലോകത്തെയാകമാനം നിശ്ചലമാക്കിയ സമയമായിരുന്നു അത്. സ്കൂളുകള്‍ അടച്ചുപൂട്ടി മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ പക്ഷേ, സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാത്ത ദേവികയെപ്പോലുള്ള ലക്ഷക്കണക്കിന് കുട്ടികളെ മറന്നു. ആ സമയത്ത് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്‍ഡ് പോലും സര്‍ക്കാര്‍ നല്‍കിയില്ല. 245 രൂപ കേബിള്‍ ചാര്‍ജ് ചെയ്യാന്‍ തന്റെ കയ്യിലുണ്ടായിരുന്നുവെങ്കില്‍, ഒരു പക്ഷേ ആ കുട്ടി ആത്മഹത്യ ചെയ്യുകയില്ലായിരുന്നു. വര്‍ഷങ്ങള്‍ കാത്തിരുന്നതിനുശേഷം കിട്ടിയ പൊന്‍കുഞ്ഞിനെ കാണാനാണ് വയനാട്ടിലെ ഊരില്‍ നിന്നും വിശ്വനാഥന് എന്ന ആദിവാസി യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിയത്. പക്ഷേ, മധുവിനെപ്പോലെ അയാളെയും ആള്‍ക്കൂട്ടം വിചാരണ ചെയ്ത് മരണത്തിലേക്ക് തള്ളിവിട്ടു.
തന്റെ മരുമകനെ കാണാനില്ലെന്ന് വിശ്വനാഥന്റെ ഭാര്യാമാതാവ് പോലീസില്‍ പരാതിപ്പെട്ടിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. കാണാതായ വിശ്വനാഥനെ തിരയാന്‍ പോലും പോലീസുകാര്‍ കൂട്ടാക്കിയില്ല. ഒരുപക്ഷേ വിശ്വനാഥന്റെ ബന്ധുക്കള്‍ പരാതിപ്പെട്ട സമയത്ത് പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ ഇന്നുമയാള്‍ ജീവനോടെ ഉണ്ടാവുമായിരുന്നു. ഒരു ആദിവാസി യുവാവ് ആള്‍ക്കൂട്ടവിചാരണയ്ക്ക് വിധേയനായിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടും പിന്നീട് അയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയിട്ടും, അയാളുടെ മരണത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചേര്‍ക്കാന്‍ പോലീസ് തയ്യാറായില്ലെന്നറിയുമ്പോഴാണ് ഇവരുടെയൊക്കെ സത്യസന്ധത ചോദ്യം ചെയ്യേണ്ടിവരുന്നത്.
എന്തുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങളും മരണങ്ങളും തുടര്‍ക്കഥകളാവുന്നത്? കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തതുമൂലം, ഇവിടെ ഇത്രമാത്രമേ സംഭവിക്കാനുള്ളൂ എന്ന അപകടകരമായ ധാരണ കേരള സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് അതീവ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടതാണ്. ഒരാള്‍ക്ക് പൊതുസമൂഹം കല്‍പ്പിച്ചുനല്‍കുന്ന മാന്യതയുടെ നിറവും, വസ്ത്രവും, സാമ്പത്തിക സ്ഥിതിയും, ജാതിയുമില്ലെങ്കില് അയാള്‍ കള്ളനാണെന്ന ധാരണ തച്ചുതകര്‍ത്ത് കളയേണ്ടതാണ്. ഒരാള്‍ ആദിവാസിയാണെങ്കില്‍ അയാള്‍ കള്ളനാണെന്ന ധാരണ വംശീയതയുടേതാണ്. മധുവിനെ ഇരുകൈകളും കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍, മധുവിന്റെയും, അവനൊപ്പം നിന്ന് സെല്ഫിയെടുക്കുന്നവന്റെയും കണ്ണുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നുവോ? ഇരയായ തനിക്ക് കിട്ടിയെ എലിയെ കൊല്ലാതെ കൊല്ലുന്ന പൂച്ചയുടെ മനോഭാവമായിരുന്നു ആ സെല്‍ഫിയെടുത്തവന്റെ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞത്. മധുവിന്റെ കണ്ണുകളാവട്ടെ, ഒന്നും മനസിലാവാത്ത നിഷ്കളങ്കനായ ഇരയുടെതിനു സമാനവുമായിരുന്നു.
കേരള മോഡല്‍ ദളിത് കൊലപാതകങ്ങളിലെ പ്രതികളെ ശ്രദ്ധിക്കുക. അവരൊന്നും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരായിരുന്നില്ല. അതിനര്‍ത്ഥം ഏതൊരു സാധാരണക്കാരനും ഒരു ആദിവാസിയെ എന്തും ചെയ്യാമെന്ന അപകടകരമായ മാനസികാവസ്ഥ കേരളത്തില്‍ വന്നുചേര്‍ന്നിട്ടുണ്ട് എന്നുതന്നെയാണ്. കേരളത്തിലെ ആദിവാസി ജനസംഖ്യ 5 ലക്ഷത്തോളം മാത്രമാണ്. അതില്‍ തന്നെ ചില ഗോത്രവര്‍ഗങ്ങളുടെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ത്യയിലൊട്ടാകെ ഗോത്രജനവിഭാഗങ്ങള്‍ വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഈ രാജ്യത്തിന്റെ രാഷ്ട്രപതിയായി ഒരു ഗോത്രവര്‍ഗ വനിത തന്നെ അവരോധിക്കപ്പെട്ടിരിക്കുകയാണ്. അതേ കാലഘട്ടത്തില്‍, ഇങ്ങിവിടെ കേരളത്തില്‍ ഗോത്രജനതയെ പിന്‍തിരിഞ്ഞുനടത്തരുത്. ഭൂപടത്തിലിടമില്ലാത്തവരും, ഭൂപടത്തിലേ ഇല്ലാത്തവരുമാക്കി മാറ്റരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: