കൊല്ലം: കേരളത്തിന് വിദേശ നാണ്യം നേടിത്തരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ചെമ്മീന്‍ വാങ്ങാന്‍ ആളില്ല. പീലിങ് തൊഴിലാളികള്‍ സമരം കടുപ്പിച്ചതോടെ കേരളത്തിലെ ചെമ്മീന്‍ വിപണി കടുത്ത പ്രതിസന്ധിയില്‍. ഒരാഴ്ചയിലേറെ സമയമെടുത്ത് പിടിച്ചു കൊണ്ടുവരുന്ന ടണ്‍ കണക്കിന് ചെമ്മീന്‍ ഏജന്റുമാര്‍ ഏറ്റെടുക്കാതായതോടെ നശിപ്പിച്ചു കളയേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികള്‍. സമരം നീണ്ടാല്‍ വിദേശത്തേക്കുള്ള ചെമ്മീന്‍ കയറ്റുമതിയും നിലയ്ക്കും.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കാര്‍ത്തികപ്പളളി താലൂക്കുകളില്‍ ചെമ്മീന്‍ പീലിങ് വേതനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലേറെയായി തൊഴിലാളികള്‍ സമരത്തിലാണ്. ഇതിന് പിന്നാലെ ആലപ്പുഴയില്‍ നിന്ന് ചെമ്മീന്‍ വാങ്ങാന്‍ ഏജന്റുമാര്‍ വരാതായതോടെയാണ് കൊല്ലത്തെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പ്രതിസന്ധിയിലായത്.
മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ മുടക്കി ഏഴും എട്ടും ദിവസമെടുത്ത് ഇരുനൂറ് നോട്ടിക്കല്‍ മൈല്‍ ബോട്ടുകളില്‍ സഞ്ചരിച്ചാണ് ചെമ്മീന്‍ പിടിച്ചു കൊണ്ടുവരുന്നത്. സമരം നാല് ദിവസം പിന്നിട്ടതോടെ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകള്‍ പ്രതിസന്ധിയിലാണ്. ഒന്നുകില്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കണം. അല്ലെങ്കില്‍ കടലില്‍ ഒഴുക്കി കളയണം.
ശരാശരി ഒരുബോട്ടില്‍ 2000 മുതല്‍ 4000 കിലോവരെ ചെമ്മീനുണ്ടാകും. ഇങ്ങനെ 300ല്‍പ്പരം ബോട്ടുകളാണ് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നത്. ഇത് ആഭ്യന്തര വിപണിയില്‍ മാത്രം വില്‍പ്പന നടത്താന്‍ കഴിയില്ല. 20,000 രൂപയ്ക്ക് വിറ്റിരുന്ന ചെമ്മീന്‍ 8000 രൂപയ്ക്ക് വിറ്റ് കൈയൊഴിയേണ്ട ഗതികേടിലാണ് മത്സ്യ തൊഴിലാളികള്‍. പെട്ടെന്നുള്ള സമരം കാരണം ചെമ്മീന്‍ വാങ്ങാന്‍ ആളില്ലാതായതോടെ നഷ്ടം കൊണ്ട് നട്ടം തിരിയുകയാണ് ബോട്ടുടമകളും തൊഴിലാളികളും. സമരം സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പരിഹരിക്കണം. ഇത്തരം മേഖലകളില്‍ സമരം നടത്തുമ്പോള്‍ കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും അറിയിപ്പ് നല്‍കണമെന്നുമാണ് ബോട്ടുടമകളും തൊഴിലാളികളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: