കണ്ണൂര്‍ : ആകാശ് തില്ലങ്കേരിയെ പിന്തുണക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് മുന്നറിയിപ്പുമായി സിപിഎം. സിപിഎം തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആകാശിനെ സഹായിരിക്കുന്നവരും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആകാശ് തില്ലങ്കേരിക്കെതിരെ എം.വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്.
ആകാശിന്റെ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശിനെതിരെ പോലീസ് നടപടിയും കൈക്കൊണ്ടിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പങ്കെടുത്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് ആകാശിനെ സഹായിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് നേതൃത്വം കര്‍ശന താക്കീത് നല്‍കിയത്. ആകാശിനെ ഒറ്റപ്പെടുത്തുന്നതില്‍ ഇതുവരെ എല്‍സി സഹകരിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
അതേസമയം ഇനി സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളിക്കാനില്ലെന്നാണ് ആകാശ് തില്ലങ്കേരിയുടെ നിലപാട്. പാര്‍ട്ടി ലേബല്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടപെടില്ലെന്നുമാണ് ആകാശിന്റെയും സംഘത്തിന്റെയും നിലപാട്. അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ഡിവൈഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ജാമ്യമെടുത്തതിന് പിന്നാലെ രണ്ടാമത്തെ കേസിലും ആകാശ് തില്ലങ്കേരി സ്റ്റേഷനില്‍ ഹാജരായി.
സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാവ് വിനീഷ് ചേലേരി നല്‍കിയ പരാതിലാണ് ആകാശ് മട്ടന്നൂര്‍ സ്റ്റേഷനിലെത്തിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസായതിനാല്‍ ഇനി സമന്‍സ് കിട്ടുമ്പോള്‍ ഹാജരായാല്‍ മതി. ഇന്നലെ അറസ്റ്റ് ഒഴിവാക്കി കോടതിയില്‍ കീഴടങ്ങാന്‍ ആകാശിന് അവസരം ഒരുക്കിയത് പയ്യന്നൂര്‍ ഡിവൈഎസ്പിയാണെന്ന് കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചു. തില്ലങ്കേരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമവും നടത്തി. ലഹരിക്കടത്ത് മാഫിയയ്‌ക്കെതിരെ ഇന്ന് മട്ടന്നൂരില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ സംഗമം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: