കല്‍പ്പറ്റ: കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വനവാസി വംശഹത്യയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍. കോഴിക്കോട്ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിശ്വനാഥന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ ഭരണത്തില്‍ വനവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു. 2016ല്‍ പിണറായി അധികാരത്തില്‍ വന്ന ശേഷം 35 വനവാസി യുവാക്കളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മിക്ക കേസുകളിലും പ്രതികള്‍ സിപിഎമ്മുകാരോ അവരുമായി ബന്ധപ്പെട്ടവരോ ആണ്. ഒന്നിലും പ്രതികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. വനവാസി പീഡന നിരോധന നിയമം പോലുള്ള ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടുപോലും പ്രതികള്‍ രക്ഷപ്പെടുന്ന സ്ഥിതിയാണുള്ളത്.
വിശ്വനാഥന്‍ കൊലക്കേസ് പ്രതികളെ പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ഉടന്‍ അറസ്റ്റ് ചെയ്യണം. കുടുംബത്തിന് നിയമപ്രകാരമുള്ള എട്ടുലക്ഷം രൂപ ധനസഹായം അനുവദിക്കണം. ആശ്രിതര്‍ക്ക് ജോലി നല്കണം. പെന്‍ഷന്‍ മുടങ്ങാതെ നല്കണം. കൂടാതെ ഭരണഘടന അനുശാസിക്കുന്നതുപോലെ കുടുംബത്തിന് ജീവിക്കാനുള്ള സാഹര്യം ഉണ്ടാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ് പോലെ വിശ്വനാഥന്റെ കേസും അട്ടിമറിക്കുമെന്ന ആശങ്കയാണ് പൊതുസമൂഹത്തിനുള്ളത്. വിശ്വനാഥനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്താന്‍ പോലീസ് തയാറാവണം. സിപിഎം തിരുകിക്കയറ്റിയവരാണ് സെക്ക്യൂരിറ്റി ജീവനക്കാര്‍. അവരെ സംരക്ഷിക്കുന്നതിനാണ് പോലീസ് കേസ് അട്ടിമറിക്കുന്നതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ പള്ളിയറ രാമന്‍, കെ.പി. മധു, കെ. ശ്രീനിവാസന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: