ന്യൂദല്‍ഹി: കേരള ബജറ്റിലെ നികുതി വര്‍ധനവുമായി ബന്ധപ്പെട്ട്, കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേരളത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം നല്കുന്നു. കേന്ദ്രവിഹിതം സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തോട് മുഖ്യമന്ത്രിയും ധനമന്ത്രിയും മൗനം പാലിച്ചെന്നും വി. മുരളീധരന് ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
2011ലെ സെന്‍സസ് അടിസ്ഥാനമാക്കി പതിനഞ്ചാം ധനകാര്യ കമ്മിഷന് മാനദണ്ഡങ്ങള്‍ പുതുക്കിയത് മുഖ്യമന്ത്രിക്ക് അറിയുന്ന കാര്യമാണ്. അത് കേരളത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. മാനദണ്ഡങ്ങള്‍ മാറിയപ്പോള്‍ ഏറ്റവുമധികം നഷ്ടം സംഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് ബിജെപി ഭരിക്കുന്ന കര്‍ണാടകമാണ്. നേട്ടമുണ്ടാക്കുന്ന ഒരു സംസ്ഥാനം തമിഴ്നാടാണ്. ഇതില്‍ എവിടെയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലെന്നും മുരളീധരന് ചോദിച്ചു. സംസ്ഥാനങ്ങള്‍ കടക്കെണിയിലാകാതിരിക്കാന്‍ കേന്ദ്രം മുന്‍കരുതലെടുക്കും. കിഫ്ബിയുടെ പേരിലെ കടമെടുപ്പ് തടഞ്ഞത് അധികാരമുള്ളത് കൊണ്ട് തന്നെയാണ്. സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് കേന്ദ്രത്തിന്റെ കൂടി ഗ്യാരന്റിയിലാണ്. സമീപ രാജ്യങ്ങളിലെ പോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാന്‍ കേന്ദ്രം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
2022ലെ ആര്‍ബിഐ റിപ്പോര്‍ട്ടില്‍ കേരളം കടക്കെണിയിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടി വേണം. ചുറ്റും നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേത്. നികുതി വരുമാനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യങ്ങളാണ്. റവന്യൂ ചെലവിന്റെ നല്ല പങ്കും പോകുന്നത് വികസനത്തിനല്ല. വികസനത്തിന് പണം ചെലവാക്കുന്നു എന്ന് പറയുന്നവരുടെ ധൂര്‍ത്ത് ജനം മനസ്സിലാക്കുന്നുണ്ടെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: