Categories: Kerala

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യം യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കില്ല; ദമ്പതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍

Published by

കൊച്ചി : വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ ദമ്പതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍. നിയമ വിരുദ്ധമായാണ് കുട്ടിയെ ദത്ത് നല്‍കിയതെന്ന സിഡബ്ല്യൂസിയുടെ കണ്ടെത്തലിന് പിന്നാലൊണ് തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാറും സുനിതയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.  

കുട്ടിയുടെ ജനനത്തിന് ശേഷം കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യം കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കില്ലായിരുന്നു. കുട്ടിയുടെ അമ്മ അവിവാഹിതയും അച്ഛന് മറ്റൊരു കുടുംബവുമുണ്ടായിരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി തങ്ങള്‍ക്ക് കുട്ടികളില്ല. ഇതേത്തുടര്‍ന്നാണ് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നുമാണ് ദമ്പതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്.  

കുഞ്ഞ് തങ്ങളുടേതായി മാറണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ തീരുമാനിച്ചത്. കേസുമായി സഹകരിക്കുമെന്നും കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ഇവരുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. നിലവില്‍ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ കീഴില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നാലോളം കേസുകളാണ് ദമ്പതികള്‍ക്കെതിരെ രജിസ്റ്റര്‍# ചെയ്തിരിക്കുന്നത്.  

ഇടനിലക്കാരന്‍ മുഖേനയാണ് തൃപ്പൂണിത്തുറയിലെ അനൂപിനും കുടുംബത്തിനും കുട്ടിയെ കൈമാറിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.  പ്രസവിച്ച് ആറാം ദിവസമാണ് കുഞ്ഞിനെ കൈമാറുന്നത്. അനൂപ് അംഗമായ ഗാനമേള ട്രൂപ്പുമായി ബന്ധമുള്ളവരാണ് കുട്ടിയുടെ കുടുംബം. അനൂപുമായി ബന്ധമുള്ള വ്യക്തിയാണ് ഇടനിലക്കാരന്‍.

അനൂപും മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറും ജനുവരി 31-ന് ആശുപത്രിയില്‍ വെച്ച് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനുശേഷമാണ് കിയോസ്‌കിലെത്തി അനില്‍കുമാര്‍ ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതെന്നും പോലീസ് കണ്ടെത്തി. യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനാണ് ആദ്യം പദ്ധതി തയ്യാറാക്കിയത്. അത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക