തിരുവനന്തപുരം: കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതുൾപ്പെടെ സർവ്വതിനും നികുതി കൂട്ടിയതിലൂടെയുണ്ടാവുന്ന അധിക ജീവിതച്ചെലവ് ആഭ്യന്തരവിനോദസഞ്ചാരത്തെ പാടെ തകർക്കുമെന്ന് കേരള ടൂറിസം ഡെവലപ്പമെന്റ് അസോസിയേഷൻ (കെ.ടി.ഡി.എ) ജനറല്‍ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാറും ട്രഷറർ സിജി നായരും അഭിപ്രായപ്പെട്ടു.
കോവിഡാനന്തര ടൂറിസം കേരളത്തിൽ ആഭ്യന്തര ടൂറിസ്റ്റുകളെകൊണ്ടാണ് കഷ്ടിച്ച് പിടിച്ചുനിൽക്കുന്നത്. അതുകൂടി ഇല്ലാതാക്കുന്നതാണ് മുറിവാടകയും ആഹാരവും യാത്രയുമടക്കം സർവ്വ ചെലവുകളും ക്രമാതീതമായി ഉയർത്താനിടയാക്കുന്ന പുതിയ നികുതിനിർദ്ദേശങ്ങൾ. അതുകാരണം വിനോദസഞ്ചാരത്തിനും കോൺഫെറൻസുകൾക്കും ആഘോഷങ്ങൾക്കും ജനം ചെലവു കുറവുള്ള മറ്റ് സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ആശ്രയിക്കാനുള്ള സാധ്യതയേറെയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ടൂറിസത്തെ വ്യവസായമായി പരിഗണിച്ചുകൊണ്ടുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ടൂറിസം സംരംഭകർക്കായി പ്രത്യേക വായ്‌പാ പദ്ധതികളോ ഇൻസെന്റീവുകളോ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാരണത്താൽ വിനോദ സഞ്ചാര രംഗത്ത് 362.15 കോടി രൂപ മാറ്റി വച്ചതിന്റെ യഥാർത്ഥ ഗുണം ഈ മേഖലക്ക് ലഭിക്കാതെപോകും എന്നും അവർ പറഞ്ഞു.
അതേസമയം അന്തർദേശീയ ടൂറിസം പ്രചരണത്തിന് 81 കോടിരൂപയും പൈതൃക, സാംസ്ക്കാരിക, പ്രാദേശിക ഉത്സവങ്ങൾക്കായി എട്ടുകോടിയും കേരള ട്രാവല്‍ മാര്ട്ടി നായി 7 കോടിയും കൊല്ലം ജില്ലയുടെ വിനോദ വികസനത്തിന് പത്തു കോടിയും ഉത്തരവാദിത്ത ടൂറിസത്തിന് 9 കോടിയും വകയിരുത്തിയതിനെ അസോസിയേഷൻ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: