‘സത്യാനന്തര കാലം’ എന്ന് ഒരു പ്രയോഗം ഇപ്പോള്‍ പരിചിതമായിക്കഴിഞ്ഞു. സംഘടിതമായി അത് പ്രയോഗിച്ച് പുതിയൊരു മിഥ്യ ഉണ്ടാക്കിയെടുക്കുന്നവരുടെ എണ്ണക്കൂടുതല്‍ കൊണ്ടാണ്, അല്ലാതെ ആ പ്രയോഗത്തിന്റെ കാലപ്പഴക്കം കൊണ്ടല്ല. ‘സത്യത്തിനു ശേഷമുള്ള കാലം’ എന്നാണ് സത്യാനന്തരകാലം എന്ന് പ്രയോഗിക്കുന്നവര്‍ വിവക്ഷിക്കുന്നത്. അതായത്, സത്യം കാലംകൂടി, സത്യം മരിച്ചു. അപ്പോള്‍ സത്യമില്ലാതായി, സത്യത്തിനു ശേഷം മറ്റൊന്നുണ്ടായി എന്നാണല്ലോ അര്‍ത്ഥം. അത് നുണയാണ്, അവാസ്തവമാണ്, അയഥാര്‍ത്ഥങ്ങളാണ്, വിശ്വസിക്കരുത് എന്നാണ് ആ പ്രചാരണത്തിന് പിന്നിലുള്ളത്. വാസ്തവത്തില്‍ സത്യാനന്തര കാലമല്ല, മിഥ്യകള്‍ വെളിപ്പെടുന്ന കാലമാണിത്. അതുകൊണ്ടാണ് പ്രമുഖ ചരിത്ര പണ്ഡിതയും ചരിത്ര ഗവേഷകയും ഗ്രന്ഥ രചയിതാവുമായ റൊമീളാ ഥാപ്പറുടെ ആനമണ്ടത്തരം ജനം തിരിച്ചറിഞ്ഞത്:- ഇതിഹാസമായ മഹാഭാരതത്തിലെ യുധിഷ്ഠിരന്‍, അധികാരം വേണ്ടെന്ന് പറഞ്ഞത് അശോക ചക്രവര്‍ത്തിയുടെ സ്വാധീനത്താലാണെന്നാണ് റൊമീല ഥാപ്പര്‍ എന്ന കമ്യൂണിസ്റ്റ് പക്ഷ ചരിത്രകാരി പ്രസ്താവിച്ചത്.
ചരിത്രകാരന്മാര്‍ക്ക് വേണ്ടത് കാലബോധമാണ്. കമ്യൂണിസ്റ്റുകളും മഹാഭാരതത്തിന് 5000 വര്‍ഷം പഴക്കം ‘സമ്മതിച്ചു’ കൊടുത്തിട്ടുണ്ട്. മൗര്യ സാമ്രാജ്യ ചക്രവര്‍ത്തിയായിരുന്ന അശോകന്റെ ഭരണകാലം ക്രിസ്തുവിന് മുമ്പ് (ബിസി) 268 മുതല്‍ 232 വരെയായിരുന്നു. എന്തൊരു അന്തരം. വീട്ടിലെ ഭിത്തിയില്‍ തൂങ്ങുന്ന മുത്തച്ഛന്റെ ചിത്രം കണ്ട് കൊച്ചുകുട്ടി ചിലപ്പോള്‍ പറഞ്ഞേക്കും ‘അച്ഛനെപ്പോലെതന്നെയായിരുന്നു മുത്തച്ഛനും’ എന്ന്. പക്ഷേ, ചരിത്രകാരന്മാര്‍ക്ക് അങ്ങനെ കാലബോധം ഇല്ലാതാകരുത്. ഇടതുപക്ഷ ചരിത്രകാരന്മാരുടെ മുഴുവന്‍ വികല രചനകളും ഇങ്ങനെയാണ്. ഒരാള്‍ ആനമണ്ടത്തരം എഴുതും, മറ്റൊരാള്‍ അത് അടുത്ത് പുസ്തകത്തില്‍ ആധികാരിക രേഖയെന്നപോലെ ചേര്‍ക്കും. അങ്ങനെ അനുയായികള്‍ പ്രമാണമാക്കി പറയും. അത് ചരിത്രമാക്കി തെറ്റിദ്ധരിപ്പിക്കും. അങ്ങനെ അബദ്ധം നാളെ ആചാരവും പിന്നീട് ശാസ്ത്രവുമാക്കി അവതരിപ്പിക്കും ഈ ‘ചരിത്രകാര’ന്മാര്‍. ഇതാണ് റൊമീളാ ഥാപ്പര്‍മാരുടെ ചരിത്രം. ഇടത് ചരിത്രകാരന്മാരെന്ന കുപ്രസിദ്ധരുടെ ചരിത്ര രചനകള്‍ ഏറെക്കുറേ ഇങ്ങനെയാണ്. അവരുടെ എഴുത്തിലെ ആധികാരികത അവര്‍ തന്നെ പറയുന്നതാകും, ചിലപ്പോള്‍ അവരുടെ കൂട്ടരില്‍ പെടുന്നവര്‍ തന്നെ പറയുന്നത്. ഇത്തരക്കാരുടെ ചരിത്രമെഴുത്തുകളുടെ ആധികാരികത പുനഃപ്പരിശോധിക്കപ്പെടേണ്ടതാണ്.
ചരിത്രത്തോടുള്ള ഈ മഹാപരാധങ്ങള്‍ പ്രത്യേക ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ മനസ്സുള്ളവര്‍ പങ്കാളികളായ സകല മേഖലയിലുമുണ്ട്. സാഹിത്യത്തിലും ശാസ്ത്രത്തിലും പോലും അവര്‍ ആവിഷ്‌കരിച്ച് ആധികാരികമാക്കും. അത്തരം ബോധപൂര്‍വമായ ശീലങ്ങളുടെ അബോധംകൊണ്ടുണ്ടാകുന്ന അബദ്ധങ്ങളാണ് ചിന്താ ജറോമിനെപ്പോലുള്ളവരുടെ ഗവേഷണ പ്രബന്ധങ്ങള്‍. അവര്‍ വൈലോപ്പിള്ളിയെ ചങ്ങമ്പുഴക്കൃതികളുടെ രചയിതാവാക്കും. അവരെ നയിക്കുന്ന ‘ഗൈഡുകള്‍’ ആ അബദ്ധങ്ങള്‍ കാണുന്നില്ല, കണ്ടാല്‍ തിരിച്ചറിയുന്നില്ല. സര്‍വകലാശാലകളുടെ ഗവേഷണ നിലവാരത്തിന്റെ സ്ഥിതികൂടിയാണിത് കാണിക്കുന്നത്. ചിന്തകളുടെ വൈകല്യം കണ്ടുപിടിക്കപ്പെടാതെ സര്‍വകലാശാലകളില്‍ എത്തുന്നു. അവിടെനിന്ന് അവ ചരിത്രമെഴുത്തിലേക്ക് കടക്കുന്നു. പിന്നീട് ആധികാരിക ചരിത്രമായി മാറുന്നു.
ഇക്കൂട്ടര്‍ സ്വയംകാണേണ്ടത് കാണാതിരിക്കുകയും അങ്ങനെ തമസ്‌കരിക്കുന്നവ മറ്റുള്ളവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ പുതിയ കാലത്ത് ഇത്തരക്കാരെ തിരിച്ചറിയാന്‍ സമൂഹം പഠിച്ചിരിക്കുന്നു. തിരിച്ചറിയുന്നത് വിളിച്ചുപറയാന്‍ മടികാട്ടാതിരിക്കാന്‍ പഠിച്ചു. അതുകൊണ്ട് സത്യാനന്തരകാലമല്ല, മിഥ്യാനന്തര കാലമാണ് ഇതെന്നുവേണം പറയാന്‍. മിഥ്യകളെ, കള്ളനാണയങ്ങളെ തിരിച്ചറിയുന്ന കാലം.
ഇക്കൂട്ടര്‍ മറച്ചുവെക്കുന്നതോ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നതോ ആയ പലതുമുണ്ട്. അവ ചര്‍ച്ച ചെയ്യുക എന്നതാണ് ഈ കാലത്ത് കപടരെ കണ്ടെത്തി ഇല്ലാതാക്കാനുള്ള മാര്‍ഗം. അതിന് സംഘടിത പരിശ്രമം സമൂഹത്തില്‍ നിന്നുണ്ടാകണം. ഉദാഹരണത്തിന് ‘മാളികപ്പുറം’ എന്ന സിനിമയെടുക്കുക. ആ സിനിമ ശബരിമലയുടെ ഐതിഹ്യം പറയാന്‍ എടുത്ത ചിത്രമല്ല. ക്ഷേത്രത്തെ പ്രകീര്‍ത്തിക്കാനോ അത് ഉണ്ണി മുകുന്ദനെന്ന നടനേയോ ദേവനന്ദ എന്ന ബാലതാരത്തേയോ പ്രശസ്തരാക്കാനോ നിര്‍മിച്ച സിനിമയല്ല. പക്ഷേ, സിനിമയെ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്ന് വഴിതിരിച്ച് ഒതുക്കി, മറ്റൊരുവഴിക്ക് ഒഴുക്കിവിടാന്‍ സംഘടിത ശ്രമം നടന്നു, ഏറെക്കുറേ അതില്‍ വിജയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുമുണ്ട് ചില സംഘടിത രീതി. തികച്ചും അനാവശ്യമായ, അപ്രസക്തമായ ഒരു വിവാദം കൃത്രിമമായി സൃഷ്ടിച്ചുയര്‍ത്തുന്നു. പിന്നീട് അതിനെച്ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നയിച്ച് യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്ന് പൊതുശ്രദ്ധ തിരിക്കുക. സമൂഹത്തില്‍ തുടരുന്ന ഈ പ്രവണതയുടെ കളരി സാമൂഹ്യ മാധ്യമമാണ്. അവിടെയും സംഘടിതമായി ഈ പദ്ധതിയുണ്ട്. ഒരു പ്രധാന വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ചര്‍ച്ച വഴിതിരിക്കാന്‍ ചിലര്‍ ചേര്‍ക്കുന്ന കമന്റുകളാണ് അതിന് തെളിവ്.
മാളികപ്പുറം സിനിമ സാമ്പത്തികമായി വിജയിച്ചുവെന്നതില്‍ തര്‍ക്കമില്ല. പക്ഷേ ആ സിനിമ ഉയര്‍ത്തിയ വിഷയങ്ങള്‍ വേണ്ടത്ര തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ എന്നതാണ് ചോദ്യം. ഇല്ല എന്നാണ് മറുപടി. അത് മാളികപ്പുറത്തെ ചുറ്റിപ്പറ്റി വിവാദമുണ്ടാക്കി ചര്‍ച്ച വഴിതിരിച്ചവര്‍ക്ക് പങ്കുണ്ട്. അത് ഇടത് ചരിത്രകാരന്മാരെപ്പോലെ, അക്കാദമിക് പണ്ഡിതരെപ്പോലെ സാധാരണക്കാരും മിഥ്യാ പ്രചാരകരുടെ കണ്ണിയില്‍ അണിചേരുന്ന അനുയായികളാകുന്നതിന്റെ തെളിവാണ്. മാളികപ്പുറം സിനിമ കൈകാര്യം ചെയ്യുന്ന അഞ്ച് സാമൂഹ്യ വിഷയങ്ങളുണ്ട്. ഒന്ന്: കടംകയറി മുടിയുന്ന, ഒടുവില്‍ ആത്മഹത്യയില്‍ ഒടുങ്ങുന്ന വിശ്വാസിയായ ഹിന്ദുവിന്റെ കുടുംബ ജീവിതം. രണ്ട്: തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പോലുള്ള തിരക്കുകളില്‍നിന്ന് കുട്ടികളെ തട്ടിയെടുത്ത് വില്‍ക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്ന മാഫിയാ സംഘത്തിന്റെ പ്രവര്‍ത്തനം. മൂന്ന്: കെഎസ്ആര്‍ടിസി എന്ന സര്‍ക്കാര്‍ മേഖലയിലുള്ള കോര്‍പ്പറേഷന്റെ ഭരണ നിര്‍വഹണ സ്ഥിതി. നാല്: അടിത്തറ തകര്‍ന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഹിന്ദു കുടുംബ സംസ്‌കാരത്തിന്റെ അവസ്ഥ. അഞ്ച്: അന്യനെ എങ്ങനെയും ചൂഷണം ചെയ്ത് ജീവിക്കുന്ന, മരണം കണ്ടാലും ദയയും കണ്ണീരുമില്ലാത്ത കണ്ണില്‍ ചോരയില്ലാത്തവരുടെ ലോകം.
മാളികപ്പുറത്തിനെ, മലയാളസിനിമയില്‍ കണ്ണീര്‍വിറ്റ് കാശുണ്ടാക്കിയ സിനിമകളുടെ ഗണത്തില്‍ പെടുത്താനാവില്ല; കരള്‍ പൊട്ടിക്കുന്നതാണ്, അച്ഛന്‍ അജയന്റെ (സൈജു കുറുപ്പ്്) ജഡത്തിനരികെയിരുന്ന് കല്ലു (ദേവനന്ദ) കരയുന്ന കരച്ചിലെങ്കില്‍പോലും. പക്ഷേ, ആ ആത്മഹത്യക്ക് കാരണമായ ചൂഷണത്തിന്റെ സാമൂഹ്യ വ്യവസ്ഥ ചര്‍ച്ചചെയ്യാതെ പോയത് എന്തുകൊണ്ടായിരിക്കണം? ഇനിയായാലും ചര്‍ച്ച വേണ്ടതാണ് ആ വിഷയം. അജയന്റെ കടവും കടത്തിനു മേല്‍ കടവും അത് മറച്ചുവെക്കാന്‍ പറയുന്ന കളവുകളും കൊടുത്ത പണം തിരിച്ചുപിടിക്കാന്‍ കനിവില്ലാതെ പെരുമാറുന്ന അമ്പാടിയും (ശ്രീജിത് രവി) കേരള സമൂഹത്തിലെ നിത്യപ്രതീകങ്ങളാണ്. കള്ളവും കള്ളക്കടത്തും രാജ്യദ്രോഹവും ചെയ്തതിന് സര്‍ക്കാരിന്റെ കണ്ടുകെട്ടല്‍ നിയമനടപടി നേരിട്ടവരെ ‘വഴിയാധാരമാകാതെ സംരക്ഷിക്കു’മെന്ന് കവലയില്‍ രാഷ്‌ട്രീയ വെല്ലുവിളി നടത്തുന്നവര്‍ക്ക് പക്ഷേ ജീവിതാസൂത്രണ പദ്ധതികള്‍ തെറ്റിയ ഇത്തരം ജീവിതങ്ങളെ കാണാന്‍ കണ്ണില്ലാതെപോകുന്നു, ഏത് സമുദായത്തിലും സമൂഹത്തിലുമായാലും. അമ്മൂമ്മക്കഥകള്‍ ജീവിതാനുഭവത്തിലെ ശരിതെറ്റുകളുടെ വിധിന്യായങ്ങളായി മാറുന്നുവെന്നതാണ് വാസ്തവം. പക്ഷേ ‘സത്യാനന്തരകാല’ക്കാരുടെ മിഥ്യാലോകത്ത് ഈ അമ്മൂമ്മമാര്‍ അകത്തളത്തിലെവിടെയോ അടച്ചിടപ്പെടുന്ന അധികപ്പറ്റുകളാണ്. അണുകുടുംബവും ആധുനിക പാശ്ചാത്യ സങ്കല്‍പ്പങ്ങളും അമ്മൂമ്മമാരെ അന്യംനിര്‍ത്തിക്കളയുന്നതാണ്. സിനിമയില്‍, അടിത്തറ ഇളകിയതാണെങ്കിലും, അടിസ്ഥാനപരമായി വിശ്വാസം ഉറക്കുകഥകളെങ്കിലുമായി പകരുന്ന സംസ്‌കാരത്തിന്റെ അവശേഷിപ്പുണ്ട്. അതും ഇല്ലാതാക്കണമെന്നതാണല്ലോ ‘സത്യാനന്തര’കാലം പ്രചരിപ്പിക്കുന്നവരുടെ മിഥ്യാനന്തര പ്രയത്നങ്ങള്‍.
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നല്ല, ആള്‍ക്കൂട്ടങ്ങളില്‍നിന്നെല്ലാം പ്രതിദിനം കാണാതാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. അവര്‍ എവിടെയെത്തുന്നുവെന്നത് അന്വേഷിച്ചുപോയാല്‍ ഫലം അമ്പരപ്പിക്കുന്നതാണ്. മാളികപ്പുറം സിനിമയില്‍ ‘കല്ലുവിനെ പൊക്കാന്‍’ പിന്തടരുന്ന മാഫിയാ സംഘത്തിലെ കണ്ണി, ബസ്സിലിരുന്ന് മൊബൈലില്‍ പകര്‍ത്തിയ കല്ലുവിന്റെ ദൃശ്യങ്ങളുടെ ആംഗിള്‍ ശ്രദ്ധിച്ചാല്‍ അത് ഉത്കണ്ഠകളേറ്റി, ഏത് രക്ഷിതാവിനേയും ഭ്രാന്തനാക്കിക്കളയുന്നതാണ്. ആ സാമൂഹ്യ വിഷയം ചര്‍ച്ചയാകേണ്ടതല്ലേ.
ചിത്രത്തിലെ മികച്ച കഥാപാത്രമാണ് കെഎസ്ആര്‍ടിസി. പൊതുമേഖലയിലെ ഈ സര്‍ക്കാര്‍ സംവിധാനം സര്‍വീസ് മേഖലയില്‍ നല്‍കുന്ന സേവനത്തിന്റെ നിലവാരവും തോതും അത്ര സൂക്ഷ്മമായി വിമര്‍ശന വിധേയമാക്കുന്നു മാളികപ്പുറം. നിരന്നുകിടക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ എത്ര സുന്ദര കാഴ്ചയാണ്. പക്ഷേ, വഴിയില്‍ ട്രിപ്പു മുടക്കുന്ന, ടിക്കറ്റെടുത്തിടത്തേക്ക് യാത്രയെത്തിക്കാതെ മറ്റൊരു ബസ്സിലേക്ക് അയ്യപ്പന്മാരെ കയറ്റി വിടാന്‍ ‘ഗൂഢാലോചന’ നടത്തുന്ന ഡ്രൈവറും കണ്ടക്ടറും, അതേപോലെ വഴിയില്‍ കൈകാണിച്ചാലും അയ്യപ്പനെ കയറ്റിയശേഷം മാത്രം വണ്ടിവിടുന്ന ബസ് ജീവനക്കാരും. ചര്‍ച്ച ചെയ്തില്ല നമ്മള്‍.
സിനിമയില്‍ ഇങ്ങനെ ഓരോന്നോരോന്നുണ്ടെങ്കിലും ഏതു വിധേനയും പണം പെരുക്കണമെന്ന് ചിന്തിച്ച് എന്തും ചെയ്യാന്‍ മടിക്കാത്ത പണമിടപാടുകാരനായ അമ്പാടിയുടെ ബൈക്കിന്റെയൊച്ച മരിച്ചു വിറുങ്ങലിച്ച അജയന്റെ ജഡം കാണാനെത്തിയവരുടെ മൗനത്തിനു മുകളിലൂടെ കരള്‍ പൊട്ടിക്കരയുന്ന കല്ലുവിന്റെ അലറമുറയ്‌ക്ക് മേലേയായി ഹൈ വാട്സില്‍ കേള്‍ക്കുന്നത് ചര്‍ച്ച ചെയ്തില്ല നമ്മള്‍. ഇതൊക്കെയാണ് സത്യാനന്തര കാലമെന്ന് സീല്‍ കുത്തുന്നവരിലൂടെ തെളിയുന്ന മിഥ്യാനന്തരകാല കാപട്യങ്ങള്‍. അത് തിരിച്ചറിഞ്ഞാല്‍ മാത്രം പോരാ മറ്റുള്ളവര്‍ക്കും ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം.
പിന്‍കുറിപ്പ്:
രാഹുല്‍ ഗാന്ധി ജോഡോ യാത്ര നിര്‍ത്തി, പിന്നെ തുടങ്ങി. തുടങ്ങിയിടത്തെത്തുതന്നെ എത്തുമ്പോള്‍ വ്യക്തമാകും ഭൂമി ഉരുണ്ടതാണ്. തിരിച്ചറിവ് അവിടെ തുടങ്ങും. പിന്നെയാണ് യഥാര്‍ത്ഥ യാത്ര. എന്നിലെ എന്നെ ഞാന്‍തന്നെ കൊന്നശേഷമുള്ള പുതിയ ജന്മം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: