ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുന്നതോടെ അതിര്‍ത്തിക്കപ്പുറത്തും രാമതരംഗം. രാമ, സീതാ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നാരായണി എന്ന് അറിയപ്പെടുന്ന കാളിഗണ്ഡകി നദിയുടെ തീരത്ത് നിന്ന് കൂറ്റന്‍ ശിലകള്‍ അയോധ്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് നേപ്പാള്‍.
ഹിമാലയന്‍ ശിലകളുടെ കൈമാറ്റം നേപ്പാളും ഇന്ത്യയും തമ്മിലുള്ള ആത്മീയ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് നേപ്പാള്‍ മുന്‍ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധി പറഞ്ഞു. ശ്രീരാമക്ഷേത്രത്തിലേക്ക് ജനകപുരിയിലെ ജനങ്ങള്‍ നല്‍കുന്നത് അഷ്ടലോഹങ്ങളാല്‍ തീര്‍ക്കുന്ന ശിവധനുസ്സും. നേപ്പാളിലെ മിഥിലാപുരിയിലാണ് സീതാദേവിയെ വിവാഹം ചെയ്യുന്നതിനായി ശ്രീരാമന് ശിവധനുസ്സുയര്‍ത്തിയതെന്നാണ് രാമായണ ചരിത്രം. എല്ലാ വര്‍ഷവും ജനകപുരിയില്‍ ശ്രീരാമനവമിയും സീതാപരിണയ വാര്‍ഷികവും കൊണ്ടാടാറുണ്ടെന്നും ബിമലേന്ദ്രനിധി ചൂണ്ടിക്കാട്ടി.
ഇതിന്റെ ഓര്‍മ്മകളുമായാണ് ശിവധനുസും കൂറ്റന്‍ ശിലകളും അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. പതിനെട്ടും പന്ത്രണ്ടും ടണ്‍ ഭാരമുള്ള രണ്ട് ശിലകളാണ് കൈമാറുന്നത്. മകരസംക്രമ ദിവസം ജനകപുരിയില്‍ ഈ ശിലകള്‍ പൂജിച്ചു. ഫെബ്രുവരി ഒന്നിന് അയോധ്യയിലെത്തിക്കും, നേപ്പാളി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ബിമലേന്ദ്രനിധി പറഞ്ഞു.
2020-ല്‍ ജനക്പൂരില്‍ സീതാപരിണയ ആഘോഷവേളയിലാണ് അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് പുരിയുമായി ഈ ആശയങ്ങള്‍ പങ്കുവച്ചത്. രാമജന്മഭൂമി ട്രസ്റ്റിന്റെ ചുമതലയുള്ള ചമ്പത് റായിയെയും ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍വാണ സമിതി ചുമതലയുള്ള നൃപേന്ദ്ര മിശ്രയെയും ബിമലേന്ദ്രനിധി ഈ ആവശ്യവുമായി കണ്ടിരുന്നു. 2022 ഡിസംബറിലാണ് രണ്ട് ശിലകളും ഒരു വില്ലും ഇന്ത്യയിലേക്ക് അയയ്ക്കാന്‍ നേപ്പാള്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: