തിരുവനന്തപുരം: പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന ഗുണ്ടാ നേതാക്കൾ സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടെന്ന് പോലീസ്. കേസിലെ രണ്ടാം പ്രതി ആരിഫാണ് നിരന്തരമായി ഫോൺ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുടെ കുടുംബാംഗത്തെയും സിപിഐ നേതാവിന്റെ കുടുംബാംഗത്തെയുമാണ് ഇയാൾ വിളിച്ചത്.
ഇതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയും ഫോൺ പിടികൂടുകയും ചെയ്തു . കേസിലെ ഒന്നും രണ്ടും പ്രതികളായ ആസിഫും, ആരിഫും ഊട്ടിയിൽ ഒളിവിലാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഗുണ്ടാനേതാവായ നിധിനും സംഘവും മേട്ടുക്കടയിലുള്ള ആരിഫിൻെറ വീട് ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായിരുന്നു പാറ്റൂരിലിൽ വച്ച് നിധിനെയും കൂട്ടുകാരെയും ഓം പ്രകാശിന്റെ സംഘം ആക്രമിച്ചത്.
അതേസമയം തിരുവനന്തപുരത്തെ ഗുണ്ടാക്രമണങ്ങളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പേട്ട പൊലീസ് അന്വേഷിക്കുന്ന പാറ്റൂർ ആക്രമണ കേസും, മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന മേട്ടുക്കട ആക്രമണ കേസുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്.
പാറ്റൂർ കേസ് അന്വേഷിച്ചിരുന്ന പേട്ട ഇൻസ്പെക്ടർ മുഹമ്മദ് റിയാസിനെ സസ്പെൻറ് ചെയ്തതിനെ തുടർന്നാണ് കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മീഷണർ വിജുകുമാറിന്റെ നേതൃത്വത്തിൽ സൈബർ പോലിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുതിയ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: