കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി, എടിഎം എന്നീ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വന്‍ തോതില്‍ ഹവാല ഇടപാട് നടന്നതായി കണ്ടെത്തല്‍. ഹവാല ഇടപാടില്‍ ഇഡി അന്വേഷണം നടത്തിയതായും വിവരം. ഹവാല പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോയെന്നും അന്വേഷണം എടിഎം (എനിടൈംമണി) വഴി വന്‍ തോതില്‍ കള്ള പണമൊഴുകിയെന്നും കണ്ടെത്തല്‍. കണ്ണൂര്‍ അര്‍ബന്‍ നിധി കമ്പനി മാത്രം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ളത് 40 കോടി രൂപയോളം രൂപയാണ്.
ഹവാല ഇടപാട് കൂടി നടന്നുവെന്ന് വെളിവായ സാഹചര്യത്തില്‍ കേവലം സാമ്പത്തിക തട്ടിപ്പെന്നതിലുപരി രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ആസൂത്രിതമായ നീക്കമാണ് നടന്നതെന്ന് വ്യക്തമാകുന്നതായി പോലീസ് പറയുന്നു. അര്‍ബന്‍നിധി സാമ്പത്തിക തട്ടിപ്പ് കേരളത്തിനകത്തൊതുങ്ങി നില്‍ക്കുന്നതല്ലെന്നും രാജ്യാന്തരബന്ധമുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ കേസില്‍ വ്യക്തതവരില്ലെന്നാണ് വിലയിരുത്തല്‍.
കോടികളുടെ ഹവാല ഇടപാടിലൂടെ ഉള്‍പ്പടെ സമാഹരിച്ച തുക രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകണമെങ്കില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണത്തിലൂടെ സാധ്യമാകില്ല. പ്രതികളിലൊരാളായ ഷൗക്കത്തലിയുടെ പാക്കിസ്ഥാന് ബന്ധം കണക്കിലെടുത്താല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണെന്നും വ്യക്തമാകും.
ജോലിയും നിക്ഷേപത്തിന് ഉയര്‍ന്ന പലിശയും വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നായി കോടികള്‍ സമാഹരിച്ചത്. ഇത്തരത്തില്‍ കേരളത്തിന് പുറത്ത് നിന്നും പണം സ്വീകരിച്ചിട്ടുണ്ട്. അര്‍ബന്‍ നിധിയില്‍ പണം നിക്ഷേപിച്ച ചിലരെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അതൊന്നും പരിഗണിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. പ്രതികളുടെ ആഡംബര ജീവിതത്തിനപ്പുറം ഹവലാ പണമിടപാട് സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം പോവുന്നത്.
പണത്തിന്റെ ഉറവിടം കാണിക്കേണ്ടതിനാല്‍ പരാതി നല്‍കാതെ മാറി നില്ക്കുന്ന കോടികള്‍ നിക്ഷേപിച്ചവരെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹവാല ഇടപാടില്‍ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. രഹസ്യ പണമിടപാടും വ്യാജനിക്ഷേപവും കണ്ടെത്താന്‍ പോലീസ് കേന്ദ്ര സാമ്പത്തിക അന്വേഷണ ഏജന്‍സികളുടെ സഹായം കൂടി തേടുമെന്നാണ് സൂചന. രാജ്യവ്യാപകമായുള്ള സാമ്പത്തിക ഇടപാടാണ് നടന്നതെന്നും രാജ്യാന്തരതലത്തില്‍ സാമ്പത്തിക വിനിമയം നടന്നിട്ടുണ്ടെന്നുമാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: