മെല്‍ബണ്‍: ഇന്നു മുതല്‍ ടെന്നീസിന്റെ ആരവങ്ങള്‍. മെല്‍ബണ്‍ പാര്‍ക്കിലെ വിവിധ വേദികളില്‍ ലോക ടെന്നീസിലെ വന്മരങ്ങള് റാക്കറ്റേന്തും. വര്‍ഷത്തെ ആദ്യ ടെന്നീസ് ഗ്രാന്‍ഡ്സ്ലാം ഓസ്ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കം.
പുരുഷന്മാരിലെ ലോക ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍ക്കരാസ് പരിക്കു മൂലം ഇല്ലാത്തത് മെല്‍ബണിന്റെ നഷ്ടം. സ്പെയ്ന്റെ ഉതിഹാസ താരം റാഫേല്‍ നദാലാണ് ഒന്നാം സീഡ്. നിലവിലെ ജേതാവു കൂടിയായ നദാലിന് കിരീടം നിലനിര്‍ത്തിയാല്‍ 23-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാകും. കാനഡയുടെ കാസ്പര്‍ റൂഡ് രണ്ടാം സീഡും ഗ്രീസിന്റെ സ്റ്റെഫാനി സിറ്റ്സിപാസ് മൂന്നാം സീഡുമാണ്.
കൊവിഡ് വാക്സിന് സ്വീകരിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ തവണ ഓസ്ട്രേലിയ പ്രവേശനം നിഷേധിച്ച മൂന് ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചാണ് നാലാം സീഡ്. മെല്‍ബണില്‍ ഒമ്പത് കിരീടങ്ങളുടെ പകിട്ടുള്ള ദ്യോകോയ്ക്ക് ഇത്തവണ ജയിച്ചാല്‍ കൂടുതല്‍ കിരീടങ്ങളെന്ന റിക്കാര്‍ഡ് സ്വന്തമാകും. നദാലിന്റെ 22 ഗ്രാന്‍ഡ്സ്ലാമെന്ന നേട്ടത്തിനൊപ്പമെത്താനും സെര്‍ബിയന്‍ താരത്തിനാകും.
വനിതകളില്‍ പോളണ്ടിന്റെ ഇഗ സ്വെയ്റ്റെക്കാണ് ഒന്നാം സീഡ്. ടൂണീഷ്യയുടെ ഒന്‍സ് ജാബ്യുര്‍, യുഎസിന്റെ ജെസിക പെഗുല, ഫ്രാന്‍സിന്റെ കരോലിന ഗാര്‍ഷ്യ, ബെലാറസിന്റെ ആര്യാന സബലേങ്ക എന്നിവര്‍ രണ്ടു മുതല്‍ അഞ്ചു വരെ സീഡുകള്‍. ആഷ്ലി ബാര്‍ട്ടിയാണ് നിലവിലെ ചാമ്പ്യന്‍. പക്ഷെ, കിരീടം നിലനിര്‍ത്താന്‍ ബാര്ട്ടിയില്ല. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതിനു പിന്നാലെ ബാര്‍ട്ടി പ്രൊഫഷണല്‍ ടെന്നീസിനോട് വിടപറഞ്ഞു. സെറീന, വീനസ്, രണ്ടു തവണ ഇവിടെ ജേതാവായ ജപ്പാന്റെ നവോമി ഒസാക്ക എന്നിവരുടെ അഭാവവും നഷ്ടം.
ബ്രിട്ടന്റെ ഇരുപത്തിയൊന്നുകാരന് ജാക്ക് ഡ്രാപ്പറെയാണ് നദാല്‍ എതിരിടുക. കഴിഞ്ഞയാഴ്ച സമാപിച്ച അഡ്ലെയ്ഡ് ഇന്റര്‍നാഷണലില്‍ സെമിയിലെത്തിയ ഡ്രാപ്പര്‍ മിന്നും ഫോമിലാണ്. നദാലിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കടുപ്പമേറിയ ആദ്യ റൗണ്ട് പോരാട്ടം. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് കഴിഞ്ഞ വര്‍ഷം നദാല്‍ ചാമ്പ്യനായത്. മെദ്വദേവിന് ഇത്തവണ ആദ്യവട്ട എതിരാളി യുഎസിന്റെ മാര്‍ക്കോസ് ജിറോണ്‍.
കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ദ്യോകോ സ്പെയ്ന്റെ റോബെര്‍ട്ടൊ കാര്‍ബല്ലെസ് ബയീനയെ എതിരിടും. കാസ്പര്‍ റൂഡിന് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മാച്ചാക്കും സിറ്റ്സിപാസിന് ഫ്രാന്‍സിന്റെ ക്വെന്റിന്‍ ഹാലിസുമാണ് ആദ്യ റൗണ്ട് എതിരാളികള്‍.
വനിതകളില്‍ ഇഗ ജര്‍മ്മനിയുടെ ജൂലി നെയ്മെയറെ നേരിടും. ആറു വര്‍ഷത്തിനിടെ ഒരു വര്‍ഷം രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ആദ്യ താരമായ ഇഗ, ഈ വര്‍ഷം കിരീടനേട്ടത്തോടെ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഫ്രഞ്ച്, യുഎസ് ഓപ്പണുകളാണ് കഴിഞ്ഞ വര്‍ഷം ഇഗ സ്വന്തമാക്കിയത്. ജാബ്യുര്‍ സ്ലൊവേനിയയുടെ ടമാര സിദന്സെയെയും പെഗുല റൊമാനിയയുടെ ജാക്വിലിന് ക്രിസ്റ്റ്യനെയും ആദ്യ റൗണ്ടില്‍ നേരിടും.
മെല്‍ബണില്‍ ഇത്തവണ സിംഗിള്‍സില്‍ ഒരു താരം പോലുമില്ലെന്ന നിരാശയുണ്ട് ഇന്ത്യക്ക്. അതേസമയം, സാനിയ മിര്‍സ തന്റെ അവസാന ഗ്രാന്ഡ്സ്ലാമിനൊരുങ്ങുന്നു. ഡബിള്‍സിലാണ് താരം റാക്കറ്റേന്തുന്നത്. രോഹന് ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിള്‍സിലും കസാഖിസ്ഥാന്റെ അന്ന ഡാനിലിനയ്ക്കൊപ്പം വനിതാ ഡബിള്‍സിലും സാനിയ ഇറങ്ങും. ഓസ്ട്രേലിയയുടെ മാത്യു എബ്ഡെനൊപ്പം പുരുഷ ഡബിള്‍സിലും ബൊപ്പണ്ണ മത്സരിക്കുന്നു.
രാംകുമാര്‍ രാമനാഥന്, ഓസ്ട്രേലിയന്‍ ഓപ്പണ്‍ മുന്‍ ജൂനിയര്‍ ചാമ്പ്യന്‍ യുകി ഭാംബ്രി, സാകേത് മൈനേനി എന്നിവരും ഡബിള്‍സില്‍ മത്സരിക്കുന്നു. രാംകുമാര്‍ മെക്സിക്കൊയുടെ മിഗ്വെല്‍ ഏഞ്ചല്‍ റെയെസ് വരെലയ്ക്കൊപ്പം ഇറങ്ങുമ്പോള്‍, ഭാംബ്രിയും സാകേതും സഖ്യമായാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: