സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയത്തിന്റെ മറവില്‍ ലാബുകളില്‍ ആയുധ നിര്‍മാണം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളോട് ഇടതുമുന്നണി സര്‍ക്കാര്‍ പതിവുപോലെ തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഐടിഐകള്‍, പോളിടെക്നിക്കുകള്, എഞ്ചിനീയറിങ് കോളജുകള്‍ തുടങ്ങിയവയില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ നിര്‍മിക്കുന്നതായും, അത് മറ്റിടങ്ങളിലേക്ക് കടത്തുന്നതായും സംശയമുണ്ടെന്നു കാണിച്ച് ഇന്റലിജന്‍സ് വിഭാഗം ഡിജിപിയാണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരം ധനുവച്ചപുരം ഐടിഐയിലെ ടെക്നിക്കല്‍ ലാബില്‍ ആയുധ നിര്‍മാണം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് സ്ഫോടനാത്മകമായ വിവരങ്ങള്‍ ലഭിച്ചത്. രഹസ്യമായി നിര്‍മിക്കുന്ന ഈ ആയുധങ്ങള്‍ കലാലയങ്ങളിലെ സംഘര്‍ഷങ്ങളിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഒരു ക്യാമ്പസില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ മറ്റു ക്യാമ്പസുകളിലേക്ക് മാറ്റുന്നതായ വിവരം വളരെയധികം ആശങ്കാജനകമാണ്. അതീവഗുരുതരമായ ഈ സ്ഥിതിവിശേഷം മുന്‍നിര്‍ത്തിയാണ് പോലീസ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇതിനെതിരായ സര്‍ക്കാരിന്റെ നടപടി ഒരു സര്‍ക്കുലറില്‍ ഒതുങ്ങിയിരിക്കുകയാണ്. വിദ്യാലയങ്ങളിലെ ലാബ് സംബന്ധമായ കാര്യങ്ങളില്‍ അധ്യാപകര്‍ക്കും ലാബ് ജീവനക്കാര്‍ക്കും നിരീക്ഷണവും മേല്‍നോട്ടവും വേണമെന്ന ഒഴുക്കന്‍ മട്ടിലുള്ള നിര്‍ദേശമാണ് ഈ സര്‍ക്കുലറിലുള്ളത്.
ആയുധ നിര്‍മാണം സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് നല്കിയ കാര്യം പുറത്തുകൊണ്ടുവന്നത് ‘ജന്മഭൂമി’ യാണ്. പിന്നീട് മറ്റ് പത്രങ്ങളും ഇത് വാര്‍ത്തയാക്കി. ഇത്രയുമായപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കണം, മേല്‍നോട്ടം വേണം എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ ശക്തമായ നടിപടികളെടുക്കുന്നതിലുള്ള താല്‍പ്പര്യമില്ലായ്മ ഇതില്‍നിന്നു തന്നെ വ്യക്തമാണ്. ഇതുകൊണ്ട് യാതൊരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല. ധനുവച്ചപുരം ഐടിഐ ഭരിക്കുന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയാണ്. ഇവിടെ രഹസ്യമായി ആയുധങ്ങള്‍ നിര്‍മിക്കുന്നതിന്റെ ചിത്രം പുറത്തുവന്നതാണ് പോലീസ് ഇന്റലിജന്‍സിനെ വ്യാപകമായ അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അധ്യാപകര്‍ മൗനം പാലിക്കുന്നതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടതു അധ്യാപക സംഘടനയില്‍പ്പെട്ടവരുടെ ഒത്താശയാണ് ഇതിന് ലഭിക്കുന്നുതെന്നു വേണം മനസ്സിലാക്കാന്‍. ക്യാമ്പസുകളിലെ സംഘര്‍ഷങ്ങളില്‍ ഇടതുഅധ്യാപക സംഘടനകളില്‍പ്പെട്ടവര്‍ പിന്തുണ നല്‍കുന്നത് പുതിയ കാര്യമല്ല. അക്രമങ്ങളെ പരസ്യമായി ന്യായീകരിക്കാനും ഇക്കൂട്ടര്‍ മടിക്കാറില്ല. അത് തങ്ങളുടെ രാഷ്ട്രീയ കടമയായാണ് ഇവര്‍ കരുതുന്നത്. രാഷ്ട്രീയ പക്ഷപാതിത്വം കൊണ്ട് കലാലയങ്ങളിലെ ആയുധനിര്‍മാണത്തിനും അധ്യാപകരെന്നു പറയുന്നവര്‍ കൂട്ടുനില്‍ക്കുന്നു എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇവരോടുതന്നെ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നും മേല്‍നോട്ടം വേണമെന്നുമൊക്കെ പറയുന്നതിന്റെ നിഷ്ഫലത ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
സംഭവത്തോട് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രതികരിക്കാത്തതിലും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അലസമായ നടപടിയിലും പ്രതിഫലിക്കുന്നത് സര്‍ക്കാരിന്റെ സമീപനം തന്നെയാണ്. ക്യാമ്പസുകളെ സംഘര്‍ഷഭൂമികളായി നിലനിര്‍ത്തുകയെന്നത് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണ്. മറ്റ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കെതിരെപോലും അക്രമങ്ങള്‍ അഴിച്ചുവിടുന്ന എസ്എഫ്ഐ, ഇസ്ലാമിക ഭീകരവാദികളുടെ വിദ്യാര്‍ത്ഥി വിഭാഗങ്ങളോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്നു. അതേസമയം ദേശീയപക്ഷത്ത് നിലയുറപ്പിക്കുന്ന എബിവിപിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണവും, അതിന്റെ പ്രവര്‍ത്തകരെ കടന്നാക്രമിക്കുന്ന രീതിയും എസ്എഫ്ഐ തുടരുകയാണ്. കോടതി നിര്‍ദ്ദേശിച്ചിട്ടുപോലും പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ സ്വത്തു കണ്ടുകെട്ടുന്നതിന് ഇടതുമുന്നണി സര്‍ക്കാര്‍ മടിക്കുകയാണല്ലോ. ഈയൊരു സാഹചര്യത്തിലാണ് കലാലയങ്ങളില്‍ ഇടതുപിന്തുണയോടെ മാരകായുധങ്ങള്‍ നിര്‍മിക്കുകയാെണന്ന വിവരവും പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി ആയുധങ്ങള്‍ നിര്‍മിക്കുകയും അരുംകൊലകള്‍ നടത്തുകയും ചെയ്യുന്ന മറ്റൊരു വിഭാഗം പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഇസ്ലാമിക തീവ്രവാദികളാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും, നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തിരിക്കുകയാണല്ലോ. കലാലയങ്ങളില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ ഇക്കൂട്ടരുടെ കയ്യിലെത്തുന്നുണ്ടോ എന്നും അന്വേഷിക്കണം. കലാലയങ്ങളെ കൊലക്കളങ്ങളായി മാറ്റാതിരിക്കാന്‍ സത്വരമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: