തൃശൂര്‍: ഭക്ഷ്യവിഷബാധയിലൂടെ വില്ലന്‍ വേഷമണിഞ്ഞ അറേബ്യന്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഷവര്‍മ, കുഴിമന്തി, അല്‍ഫാം, ബാര്‍ ബി ക്യൂ തുടങ്ങിയവയുടെ വില്പനയെ ഇത് പ്രതികൂലമായി ബാധിച്ചു. അടിക്കടിയുള്ള അനിഷ്ട സംഭവങ്ങള്‍ കാരണം കച്ചവടം പകുതിയിലേറെ കുറഞ്ഞതായി ഹോട്ടല്‍ ഉടമകളും പറയുന്നു.
കാസര്‍കോട്ട് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്ന് ഒരു മാസം കടകളില്‍ തിരക്ക് കുറവായിരുന്നു. പിന്നീട് ക്രിസ്മസും പുതുവര്‍ഷവുമാണ് വിപണിയെ ഉണര്‍ത്തിയത്. എന്നാല്‍ കോട്ടയത്ത് കുഴിമന്തിയില്‍ നിന്ന് ഭക്ഷണം കഴിച്ച നഴ്‌സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതോടെ വിപണി വീണ്ടും പ്രതിസന്ധിയിലായി. മുമ്പ് അറബിക് ഭക്ഷണമുള്ള നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വലിയ തിരക്കായിരുന്നു. എന്നാലിപ്പോഴത് പകുതിയിലും താഴെയായി. പതിവായി കുടുംബവുമൊത്ത് അറേബ്യന്‍ വിഭവങ്ങള്‍ രുചിക്കാനെത്തിയവരും ആശങ്ക കാരണം പിന്‍മാറി. തിരക്ക് കുറഞ്ഞതോടെ ഹോട്ടലുകളില്‍ പാചകം ചെയ്യുന്നവയുടെ അളവ് ഹോട്ടലുടമകള്‍ കുറച്ചു.
കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ വ്യാപകമായി വെജിറ്റേറിയന്‍ ഹോട്ടലുകള്‍ പൂട്ടിയതിന് പിന്നാലെയാണ് അറേബ്യന്‍ വിഭവങ്ങളുമായി നിരവധി സ്ഥാപനങ്ങളും ബേക്കറികളും തുറന്നത്. ലോക്ക് ഡൗണിനു ശേഷം ജില്ലയില്‍ ഇത്തരത്തില്‍ 200 ലേറെ പുതിയ സ്ഥാപനങ്ങള്‍ മുളച്ചു. അതില്‍ ഏറെയും അറേബ്യന്‍ വിഭവങ്ങള്‍ അടങ്ങിയതാണ്. ഇവരിലേറെയും ജോലി നഷ്ടമായി വിദേശത്ത് നിന്നെത്തിയ പ്രവാസികളും. വലിയ ചെലവില്ലാതെ അറബ്യേന്‍ ഭക്ഷണം തയ്യാറാക്കാമെന്നതാണ് ഇത്തരം ഹോട്ടലുകള്‍ തുടങ്ങാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: