ഷേക്സ്പിയറുടെ പ്രയോഗം കടമെടുത്ത് ‘ബ്രിട്ടാസ് നീയും!’ എന്ന് ആശ്ചര്യപ്പെടേണ്ടതില്ല. പാര്‍ട്ടി യജമാനന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുന്നവനാണ് താനെന്ന് ജോണ്‍ ബ്രിട്ടാസ് ഇതിനു മുന്‍പ് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ‘വെറുക്കപ്പെട്ടവന്‍’ എന്ന് വി.എസ്. അച്യുതാനന്ദന് അധിക്ഷേപിച്ച ഫാരീസ് അബൂബക്കറെ താന്‍ മേധാവിയായിരിക്കുന്ന കൈരളി ചാനലില്‍ ക്ഷണിച്ചുവരുത്തി പ്രകീര്ത്തിച്ചയാളാണല്ലോ ബ്രിട്ടാസ്. ഇതില്‍ പിന്നീട് ലാവണങ്ങള്‍ മാറുകയും, പുതിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയുമൊക്കെ ചെയ്തിട്ടും ബ്രിട്ടാസിന്റെ യജമാന സ്നേഹത്തിന് തെല്ലും കുറവുവന്നിട്ടില്ല. കോഴിക്കോട് മുജാഹിദ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗം അടിവരയിട്ടു തെളിയിക്കുന്നതും ‘പിണറായിസ’ത്തോടുള്ള ഈ പ്രതിബദ്ധതയാണ്.
വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയെയും മുജാഹിദ് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ വിളിച്ചതാണ് ബ്രിട്ടാസിനെ പ്രകോപിപ്പിച്ചത്. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും, കാരണം നിങ്ങള്‍ (മുസ്ലിങ്ങള്‍) അവരെ (സംഘപരിവാര്‍) ഉള്‍ക്കൊള്ളുന്നതുപോലെ അവര്‍ നിങ്ങളെ ഉള്ക്കൊള്ളില്ലത്രേ. ഇതില്‍ ബ്രിട്ടാസ് രോഷാകുലനാണ്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ലെന്നും, ഇത് സംഘടിതമായി ചോദ്യം ചെയ്യുന്നതിന് ഇടതു-ഇസ്ലാമിക ഐക്യം വളര്‍ത്തിയെടുക്കണമെന്നും ബ്രിട്ടാസ് ആഹ്വാനം ചെയ്തു.
ബിജെപി തുടര്‍ച്ചയായി ഏഴാമതും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഗുജറാത്തില്‍ പാര്‍ട്ടി എംഎല്‍എമാരായി മുസ്ലിങ്ങളില്ല എന്നതും ബ്രിട്ടാസിനെ ആശങ്കപ്പെടുത്തുന്നു. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള 19 സീറ്റില്‍ 17 ലും ജയിച്ചത് ബിജെപി സ്ഥാനാര്ത്ഥികളാണെന്നത് ബ്രിട്ടാസ് മറച്ചുപിടിക്കുന്നു. മുസ്ലിം വംശഹത്യയുടെ പരീക്ഷണശാല എന്നൊക്കെ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സുകാരും രണ്ട് പതിറ്റാണ്ടായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുജറാത്തില്‍ ഇങ്ങനെയൊരു പിന്തുണ മുസ്ലിങ്ങള്‍ ബിജെപിക്ക് നല്‍കുന്നത് ബ്രിട്ടാസിനെപ്പോലുള്ളവരെ അമര്ഷംകൊള്ളിക്കുന്നുണ്ടാവാം. ഉത്തര്‍പ്രദേശില്‍ മുസ്ലിം ഭൂരിപക്ഷമുള്ള അസംഗഢ്, രാംപൂര്‍ മുതലായ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നു. കേരളത്തിലെ മൊത്തം ജനസംഖ്യയേക്കാള്‍ അധികം വരുന്ന 3.85കോടിയാണ് ഉത്തര്‍പ്രദേശിലെ മുസ്ലിം ജനസംഖ്യ. ഇതില്‍ എട്ട് ശതമാനംപേര്‍ പിന്തുണക്കുന്നു എന്നത് ബിജെപി മുസ്ലിം വിരുദ്ധമാണെന്ന കെട്ടുകഥ പൊളിക്കുന്നതാണ്. ഇങ്ങനെയൊരു പിന്തുണ ഏതെങ്കിലുമൊരു ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് സിപിഎമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയില്ല. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം മതതീവ്രവാദികളുടെ പാര്‍ട്ടിയായ ഐഎസ്എഫുമായി സഖ്യമുണ്ടാക്കിയിട്ടുപോലും സിപിഎമ്മിന് ഒരൊറ്റ സീറ്റുപോലും നേടാനായില്ലല്ലോ. ബംഗാളിലെ ജനസംഖ്യയില്‍ 27 ശതമാനമാണ് മുസ്ലിങ്ങള്‍ എന്നോര്‍ക്കുക.
ഗുജറാത്തിലും ഉത്തര്പ്രദേശിലുമുള്പ്പെടെ ദേശീയതലത്തില്‍ ബിജെപിക്ക് ലഭിക്കുന്ന മുസ്ലിം പിന്തുണയുടെ ചെറിയൊരംശംപോലും ഇടതുപാര്‍ട്ടികള്‍ക്കില്ല. കേരളത്തിലും ഇങ്ങനെ സംഭവിക്കുമോയെന്ന ആശങ്ക സിപിഎമ്മിനുണ്ട്. ഇത് ഒഴിവാക്കണമെങ്കില്‍ ശത്രുതയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. എന്നുമാത്രമല്ല, ഇപ്പോഴത്തെ നിലയ്ക്ക് ഇടതുമുന്നണിക്ക് അധികാരത്തുടര്‍ച്ച ലഭിക്കില്ലെന്ന് സിപിഎമ്മിന് ഉറപ്പായിരിക്കുന്നു. മറിച്ചു സംഭവിക്കണമെങ്കില്‍ മതപരമായ വലിയൊരു ധ്രുവീകരണം സംഭവിച്ച് മുസ്ലിംവോട്ട് ബാങ്കിന്റെ കൂടുതല്‍ വിഹിതം ലഭിക്കണം. ഇതിനുള്ള കുബുദ്ധിയാണ് ബ്രിട്ടാസുമാര്‍ പ്രയോഗിക്കുന്നത്. ഇതനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും മുജാഹിദ് സമ്മേളനത്തില്‍ പ്രസംഗിച്ചത്. മുസ്ലിം ജനസാമാന്യത്തെ എതിര്‍ക്കുകയും, മുസ്ലിം തീവ്രവാദികളെ പിന്തുണയ്ക്കുകയും ചെയ്യുകയെന്നതാണ് സിപിഎമ്മിന്റെ നയം. തലശ്ശേരി ലഹളയുടെ കാലം മുതല്‍ ഇങ്ങനെയാണ്. സദാം ഹുസൈനെ പിന്തുണച്ചതും മദനിയെ ഒപ്പം കൂട്ടിയതും, ഇപ്പോള്‍ ബേനസീര്‍ ഭൂട്ടോയെ പ്രകീര്ത്തിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്. ഭീകരവാദത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടതിനാല്‍ അവരുടെ ഭാഷയില്‍ സംസാരിച്ചാല്‍ ജിഹാദികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നും സിപിഎം കണക്കുകൂട്ടുന്നു.
മുസ്ലിംലീഗിനെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളും സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയനും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും തമ്മിലെ അന്തര്‍ധാര അടുത്തിടെയായി കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. പിണറായിയുടെ മരുമകന് കൂടിയായ മുഹമ്മദ് റിയാസിനെ മുന്‍നിര്‍ത്തി ‘കേരളത്തിനൊരു മുസ്ലിം മുഖ്യമന്ത്രി’ എന്ന അജണ്ട അണിയറയില്‍ രൂപംകൊള്ളുകയാണ്. ലീഗിന് മറുകണ്ടം ചാടാനുള്ള ശക്തമായ ഉപാധിയായിരിക്കും ഇത്. റിയാസാണ് മുഖ്യമന്ത്രിയാവാന്‍ യോഗ്യന്‍ എന്ന തരത്തിലുള്ള സര്‍വെയും മറ്റും സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഇതും പിണറായിസം പ്രയോഗത്തില്‍ വരുത്തുന്നതിന്റെ ഭാഗമാണ്. മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇതിനു തെളിവാണ്.
പിണറായിയുടെ പിആര്‍ വര്‍ക്ക് ചെയ്യാന്‍ എംപിയാക്കി ദല്‍ഹിക്ക് പറഞ്ഞുവിട്ടിട്ടുള്ള ബ്രിട്ടാസിനെ അലട്ടുന്ന മറ്റൊരു പ്രശ്നവുമുണ്ട്. കൈരളി ചാനലിലേതുപോലെ പാര്‍ലമെന്റില്‍ തിളങ്ങാന്‍ ബിജെപി അനുവദിക്കുന്നില്ല. ബ്രിട്ടാസിന്റെ ദുരുപദിഷ്ടമായ ചോദ്യങ്ങള്‍ക്ക് മന്ത്രിമാരായ നിര്‍മലാ സീതാരാമനും വി. മുരളീധരനും ജ്യോതിരാദിത്യ സിന്ധ്യയും, എംപിയായിരുന്ന സുരേഷ് ഗോപിയുമൊക്കെ നല്‍കിയിട്ടുള്ള വായടപ്പിക്കുന്ന മറുപടികള്‍ ജനങ്ങള്‍ കണ്ടിട്ടുള്ളതാണ്. ഇതിന്റെ പരിക്ക് തീര്‍ക്കാന്‍ കൂടിയാവും മുജാഹിദ് വേദിയിലെ ബ്രിട്ടാസിന്റെ നിലവാരമില്ലാത്തതും പ്രകോപനപരവുമായ മതപ്രസംഗം.
മുജാഹിദ് സമ്മേളനത്തില്‍ ബ്രിട്ടാസ് മതതീവ്രവാദം വിളമ്പുകയായിരുന്നെങ്കില് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ മന്ത്രി എം.ബി. രാജേഷ് ശ്രമിച്ചത് ജാതീയമായ കുത്തിത്തിരിപ്പിനാണ്. ശ്രീശങ്കരനും ശ്രീനാരായണഗുരുവും ഒരേ ഋഷിപരമ്പരയില്പ്പെട്ടവരല്ല. ശ്രീശങ്കരന് ജാതീയമായ വേര്‍തിരിവ് പുലര്‍ത്തിയിരുന്നു. അതുകൊണ്ട് കമ്യൂണിസ്റ്റുകള്‍ക്ക് ശങ്കരാചാര്യരോട് വിയോജിപ്പുണ്ട്, ശ്രീനാരായണ ഗുരുവിനോട് യോജിപ്പുമുണ്ട് എന്നാണ് മന്ത്രി രാജേഷ് പ്രസംഗിച്ചതിന്റെ ചുരുക്കം. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ‘ജന്മഭൂമി’ക്കും മറുപടിയുമായി മന്ത്രി രാജേഷ് രംഗത്തുവരികയുണ്ടായി.
ശ്രീശങ്കരന് ജാതിബോധമുണ്ടായിരുന്നു എന്നു പറയുന്നത് വിവരക്കേടാണ്. നിര്‍വാണാഷ്ടകത്തില്‍ ‘നമേ ജാതിഭേദ’ എന്നാണ് ആചാര്യന് ആവര്‍ത്തിച്ചു പറയുന്നത്. ജാതിനിരാസം കൈവന്നവനു മാത്രമേ വിജ്ഞാനം പകരാവൂ എന്നാണ് ഉപദേശസാഹസ്രിയില്‍ ശ്രീശങ്കരന് പറയുന്നത്. വിവേക ചൂഡാമണി, ശതശ്ലോകി, സര്‍വ്വവേദാന്ത സിദ്ധാന്ത സംഗ്രഹം, പ്രബോധ സുധാകരം, ആത്മജ്ഞാന വിവേകം, മായാപ്രപഞ്ചം, നിര്‍വ്വാണ മഞ്ജരി, അദൈ്വതാനുഭൂതി തുടങ്ങിയ ഗ്രന്ഥങ്ങളിലും ആചാര്യന് ഇക്കാര്യം ആവര്‍ത്തിച്ചുപറയുന്നുണ്ട്. ഇതിനെക്കുറിച്ച് മന്ത്രി രാജേഷിന് എന്തെങ്കിലും ധാരണയുണ്ടായിരുന്നെങ്കില്‍, ശങ്കരാചാര്യര്‍ ജാതിവ്യവസ്ഥയുടെ വക്താവായിരുന്നുവെന്ന അറിവ് എവിടെനിന്നു കിട്ടിയെന്ന വി.മുരളീധരന്റെ ചോദ്യത്തെ പരിഹസിക്കില്ലായിരുന്നു. മന്ത്രിയാണെന്നതുകൊണ്ട് വിഡ്ഢിത്തങ്ങള്‍ എഴുന്നെള്ളിച്ച് പാണ്ഡിത്യമായി കരുതരുത്.
ശ്രീശങ്കരനോട് ശ്രീനാരായണഗുരുവിന് വിയോജിപ്പുണ്ടായിരുന്നു എന്നു പറയുന്നത് ഈ രണ്ട് ഗുരുക്കന്മാരെയും ഒരുപോലെ നിന്ദിക്കലാണ്. ”സരളാദ്വയ ഭാഷ്യകാരനാം ഗുരു” എന്നു ശ്രീശങ്കരനെയാണ് നാരായണ ഗുരു പ്രകീര്‍ത്തിക്കുന്നത്. ”…ശുകാദികളും പകരുന്നു പരമ്പരയായി പലതും ഭഗവാനുടെ മായയഹോ വലുതേ” എന്നു ഗുരുദേവന് പറയുന്നതില്‍ ശ്രീശങ്കരനും ഉള്‍പ്പെടുന്നുണ്ട്. ശ്രീശങ്കരനും ശ്രീനാരായണ ഗുരുവും വിരുദ്ധ ചിന്താഗതി പുലര്‍ത്തുന്നവരാണെന്നു വരുത്താന്‍ ഇരുവരുടെയും സങ്കുചിത ബുദ്ധികളായ ചില അനുയായികള്‍ ശ്രമിക്കാറുണ്ട്. ശ്രീശങ്കരനെക്കുറിച്ച് ഗുരുദേവന് പറഞ്ഞിട്ടുള്ളതായി ചിലര്‍ കാലങ്ങളായി പ്രചരിപ്പിച്ചുപോരുന്നതിന് ആധികാരികതയൊന്നുമില്ല. കോട്ടുകോയിക്കല്‍ വേലായുധന് എന്ന ഗൃഹസ്ഥ ശിഷ്യനെഴുതിയ ജീവചരിത്രത്തിലാണ് ഇങ്ങനെ ചില പരാമര്‍ശങ്ങള്‍ കയറിക്കൂടിയിട്ടുള്ളത്. സ്വന്തം നിലയ്ക്ക് എഴുതിയുണ്ടാക്കി ഗുരുവിന്റെ പേരില്‍ വിളംബരം വരെ പുറപ്പെടുവിച്ച സമര്ത്ഥന്മാരും ഗുരുദേവ ശിഷ്യന്മാരായി ഉണ്ടായിരുന്നല്ലോ.
കമ്യൂണിസ്റ്റുകാര്‍ക്ക് ഗുരുദേവനോട് യോജിപ്പാണെന്ന് എം.ബി. രാജേഷ് അവകാശപ്പെടുന്നത് ഇ.എം.എസ്. നമ്പൂതിരിപ്പാട് ജീവിച്ചിരിപ്പില്ലാത്തതിനാല്‍ വലിയ കുഴപ്പമില്ല. ശ്രീനാരായണന് കമ്യൂണിസ്റ്റുകള്‍ക്ക് സ്വീകാര്യനല്ലെന്ന് ആവര്‍ത്തിച്ച് പറയുകയും എഴുതുകയും ചെയ്തുകൊണ്ടിരുന്നയാളാണ് ഇഎംഎസ്. ഇക്കാരണത്താല്‍ ശിവഗിരി സമ്മേളനത്തില്‍ ക്ഷണിച്ചിട്ടും പോകാതിരുന്നയാളുമാണ്. മാത്രമല്ല, തന്നെപ്പോലുള്ള പൊതുപ്രവര്ത്തകന് ശിവഗിരിയില്‍ പോയാല്‍ അതവര് മുതലെടുക്കുമെന്നുവരെ ഇഎംഎസ് പറഞ്ഞിട്ടുണ്ട്. മന്ത്രി രാജേഷ് ആദ്യം സ്വന്തം പാര്‍ട്ടിയുടെ ഈ ചരിത്രമൊക്കെ പഠിക്ക്. എന്നിട്ടാവാം അദൈ്വതവും ഗുരുദര്‍ശനവും.
റിപ്പബ്ലിക് ദിന പരേഡിലെ ഫ്ളോട്ടില്‍ ഗുരുദേവന് ഉള്‍പ്പെടാതെ പോയതിനെക്കുറിച്ചും മന്ത്രി രാജേഷ് പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ കുറ്റംകൊണ്ടല്ല, കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ കുത്തിത്തിരിപ്പുകൊണ്ടായിരുന്നു. 1957 മുതല്‍ കേരളം ഭരിക്കുന്ന രാജേഷിന്റെ പാര്‍ട്ടി എന്തൊക്കെയാണ് ഗുരുദേവനും ശിവഗിരിക്കും വേണ്ടി ചെയ്തിട്ടുള്ളതെന്ന് ഒന്നു പറയാമോ? എട്ട് വര്‍ഷമായി അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഗുരുദേവനും ശിവഗിരിക്കും വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറയാന്‍ കഴിയും.
എം.ബി.രാജേഷിന്റെ താല്‍പ്പര്യം ഗുരുദേവനിലും ശിവഗിരിയിലുമൊന്നുമല്ല. ജാതീയമായ കുത്തിത്തിരിപ്പിലാണ്. ശിവഗിരിയില്‍ ചെന്ന് ശ്രീശങ്കരനെ കുറ്റം പറഞ്ഞാല്‍ ജാതീയമായ ധ്രൂവീകരണത്തിന് ആക്കം കൂട്ടാമെന്ന് രാജേഷ് കരുതുന്നു. ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ മാട്ടിറച്ചിയുടെ വക്താവായി മതം നന്നായി വിറ്റഴിച്ചിട്ടുള്ളയാളാണല്ലോ രാജേഷ്. ശ്രീശങ്കരനെ ഇകഴ്ത്തിയാല്‍ വലിയ വോട്ടു നഷ്ടമൊന്നും സംഭവിക്കാനില്ലെന്നും, ജാതീയമായ ധ്രുവീകരണം അനുകൂലമാവുമെന്നും വലിയ രാഷ്ട്രീയമോഹങ്ങള്‍ പുലര്‍ത്തുന്ന ഈ നേതാവ് കണക്കുകൂട്ടുന്നു. മതം പറയേണ്ടിടത്ത് മതവും ജാതി പറയേണ്ടിടത്ത് അതും പറയാന്‍ രാജേഷിനെ ആരും പഠിപ്പിക്കേണ്ടതില്ല. മന്ത്രി രാജേഷിന്റെയുള്ളില് ഒരു ജാതിപ്പിശാചുണ്ട്. ശിവഗിരിയിലായിരിക്കുമ്പോഴും അതിന് അടങ്ങിയിരിക്കാന്‍ കഴിയുന്നില്ല. ഇത്തരമൊരാള്‍ക്ക് ഗുരുദേവന്റെ പേരുച്ചരിക്കാന്‍ പോലുമുള്ള യോഗ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: