കൊല്ലത്ത് ഒരു കോടി രൂപയുടെ ലഹരി വസ്തു കടത്തിയ ആലപ്പുഴയിലെ പാര്‍ട്ടി നേതാവ് ഇജാസ് അറസ്റ്റിലാവുകയും, പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായ എ. ഷാനവാസ് ആരോപണ വിധേയനാവുകയും ചെയ്തതോടെ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഇജാസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയും, ഷാനവാസിനെ സസ്പെന്റു ചെയ്തും പ്രശ്നം ഒരുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഷാനവാസിന്റെ വാഹനത്തിലാണ് ഇജാസ് ലഹരിവസ്തു കടത്തിയത്. ലോറി വാടകയ്ക്കു കൊടുത്തതാണെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നുമൊക്കെ ഷാനവാസ് പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രത്യക്ഷത്തില്‍തന്നെ വ്യക്തമാണ്. ഇജാസ് തന്റെ സുഹൃത്താണെന്ന് ഷാനവാസ് സമ്മതിക്കുന്നുണ്ട്. ഇതേ ഇജാസിനെ കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ അരക്കോടിയുടെ ലഹരിവസ്തുക്കളുമായി പിടികൂടിയതും, അതുസംബന്ധിച്ച വിവരം മാധ്യമങ്ങളില്‍ വന്നതുമാണ്. അതിനാല്‍ ലഹരിക്കടത്തുമായുള്ള ഇജാസിന്റെ ബന്ധം അറിയില്ലെന്ന നവാസിന്റെ വാദം വിലപ്പോവില്ല. ലോറി വാങ്ങിയത് പാര്‍ട്ടിയെ അറിയിച്ചില്ല, വാടകയ്ക്ക് കൊടുത്തതില്‍ ജാഗ്രതക്കുറവുണ്ടായി എന്നൊക്കെ ഷാനവാസ് പറയുന്ന തൊടുന്യായങ്ങള്‍ ആരും വിശ്വസിക്കില്ല. ഇരുവരും ഇക്കാര്യത്തില്‍ കൂട്ടുപ്രതികളാണെന്ന് കരുതാവുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇജാസിനെപ്പോലെ ഷാനവാസിനെതിരെയും കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും വേണം. ഒരേ കുറ്റം ചെയ്തവര്‍ക്ക് രണ്ട് നിയമങ്ങള്‍ പാടില്ല.
ലഹരിക്കടത്ത് പിടിക്കപ്പെട്ടത് സിപിഎമ്മിലെ വിഭാഗീയതകൊണ്ടാണെന്നും, അതിനാല്‍ ഇത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമാണെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല. വിഭാഗീയത ഇതില്‍ ഒരു ഘടകമായിരിക്കാം, അല്ലായിരിക്കാം. നിയമത്തിന്റെ മുന്നില്‍ അതല്ല പ്രശ്നം. കുറ്റകൃത്യത്തില്‍ പാര്ട്ടിക്കാര് പങ്കാളികളാണോ അല്ലയോ എന്നാണ് നോക്കേണ്ടത്. ലഹരിക്കടത്ത് വിഭാഗീയതയുടെ സൃഷ്ടിയല്ല. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളും സംവിധാനവും, സര്‍ക്കാരിന്റെ സ്വാധീനവും ഉപയോഗിച്ച് ലഹരി കടത്തുകയായിരുന്നു. ഇത് വളരെക്കാലമായി തുടരുന്നതാണെന്നും ഊഹിക്കാന്‍ കഴിയും. ലഹരിക്കടത്തു കേസില്‍നിന്ന് കഴിഞ്ഞവര്‍ഷം ഇജാസിനെ രക്ഷിച്ചതുപോലെ ഇക്കുറി ഷാനവാസിനെയും രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി കമ്മിറ്റി ഷാനവാസിനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കിയത് ഇതിന്റെ ഭാഗമാണ്. താന്‍ തെറ്റു ചെയ്തതിന് തെളിവില്ലെന്ന് ഷാനവാസും പാര്‍ട്ടിയും പറഞ്ഞാല്‍ പോരാ. അത് തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയും കോടതിയുമാണ്. ഷാനവാസിനെതിരായ ഇപ്പോഴത്തെ നടപടി പ്രഹസനമാണ്. ഒത്തുകളിയുടെ ഭാഗവുമാണ്. ഷാനവാസിനെതിരെ ശക്തമായ നടപടിയെടുക്കുന്നതിനെ മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്നവര്‍ എതിര്‍ക്കുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ നിയോഗിച്ചിട്ടുള്ള അന്വേഷണ കമ്മീഷന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മറ മാത്രമാണ്. പാര്‍ട്ടിയില്‍ എന്തെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ അതീവ ഗുരുതരമായ ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയായ ഷാനവാസിനെ പുറത്താക്കണമായിരുന്നു. അതുണ്ടാവില്ല. മന്ത്രി സജി ചെറിയാന് തന്നെ പാര്‍ട്ടിയുടെ ഇത്തരം നയത്തിന്റെ ഗുണഭോക്താവാണല്ലോ.
ലഹരിക്കടത്തില്‍ ആരോപണ വിധേയനായ ഷാനവാസ് പറയുന്നത് താന്‍ അഞ്ച് നേരവും നിസ്കരിക്കുന്ന വിശ്വാസിയാണെന്നാണ്. ഒരാള്‍ വിശ്വാസിയാണോ അല്ലയോ എന്നതല്ല ഇവിടെ പ്രശ്നം. കുറ്റം ചെയ്തിട്ടുണ്ടോ എന്നതാണ്. ഷാനവാസിനും ഇതറിയാം. പക്ഷേ കുറ്റകൃത്യങ്ങള്‍ക്ക് മതം ഒരു മറയാക്കുകയാണ്. അഞ്ച് നേരം നിസ്കരിക്കുന്നയാള്‍ കുറ്റം ചെയ്യില്ല എന്നാണോ? ഇത് ഒരുതരം ബ്ലാക്മെയിലിങ് ആണ്. തനിക്കെതിരെ നടപടിയെടുത്താല്‍ അത് മതത്തിനെതിരായിരിക്കുമെന്ന് വരുത്തുകയാണ് ലക്ഷ്യം. ഇപ്പോഴത്തെ സ്ഥിതിയില്‍ സിപിഎം ഇതിന് വഴങ്ങുമെന്ന് ഷാനവാസിനെപ്പോലുള്ളവര്‍ക്ക് അറിയാം. മതതീവ്രവാദികളുടെ പിന്തുണയ്ക്കായി ഏതറ്റംവരെയും പോകുന്ന സിപിഎം ഇത്തരം ‘മതവിശ്വാസി’കള്‍ക്കതിരെ ഒന്നും ചെയ്യില്ല. സ്വര്‍ണ കള്ളക്കടത്തിനെ വിമര്‍ശിച്ചപ്പോള്‍ ഖുറാനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നതും ഭരണസംവിധാനം മതതീവ്രവാദത്തിന് കീഴടങ്ങിയതുകൊണ്ടാണ്. ലഹരിക്കടത്തും കള്ളക്കടത്തും സിപിഎമ്മില്‍ പുതിയ കാര്യമല്ല. വിമാനത്താവളം വഴി വരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിനു പിന്നില്‍ കണ്ണൂരിലെ ഒരു പ്രമുഖ സിപിഎം നേതാവാണെന്ന ആരോപണം വളരെ ശക്തമാണല്ലോ. അന്തരിച്ച ഒരു പ്രമുഖ പാര്‍ട്ടി നേതാവിന്റെ മകന് ലഹരിക്കടത്തു കേസില്‍ പ്രതിയുമാണ്. ഇത്തരം വലിയ മീനുകള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ പോകുന്നില്ല. ഇതുകൊണ്ടാണ് ആലപ്പുഴയിലെ ലഹരിക്കടത്തു സംഭവത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിശ്ശബ്ദത പാലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: