പാലക്കാട്: കുഴല്‍മന്ദത്ത് രണ്ട് യുവാക്കളുടെ മരണത്തിനിടയായ അപകടമുണ്ടാക്കിയ ഡ്രൈവറെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. പീച്ചി സ്വദേശിയായ സി.എല്‍ ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. പൊതു നന്മയും കെഎസ്ആര്‍ടിസിയുടെ താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. ഔസേപ്പ് മുന്‍പും ഇത്തരത്തില്‍ കൃത്യവിലോപം നടത്തിയിട്ടുണ്ടെന്നും അശ്രദ്ധമായി വാഹനമോടിച്ചിട്ടുണ്ടെന്നും പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവില്‍ കെഎസ്ആര്‍ടിസി പറയുന്നു.
ഇനിയും ഇയാള്‍ സര്‍വീസില്‍ തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുമെന്നും ഇയാളുടെ നടപടി കെഎസ്ആര്‍ടിസിയ്ക്ക് അവമതിപ്പുണ്ടാക്കിയതായും അതിനാല്‍ അന്വേഷണവിധേയമായി പിരിച്ചുവിടുന്നതായി കെഎസ്ആര്‍ടിസി ഉത്തരവിറക്കുകയായിരുന്നു. കെഎസ്ആര്‍ടിസി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇയാള്‍ തന്റെ ഭാഗം ന്യായീകരിച്ചെങ്കിലും അപകടം നടന്ന സമയത്ത് ബസിന് പിന്നാലെവന്ന കാറിലുണ്ടായിരുന്ന ഡാഷ്ക്യാമില്‍ നിന്നുളള ദൃശ്യങ്ങള്‍ അപകടത്തിന് ഔസേപ്പ് മനപൂര്‍വം കാരണമായതായി തെളിഞ്ഞു. തുടര്‍ന്ന് അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
2022 ഫെബ്രുവരി 7നായിരുന്നു സംഭവം. പാലക്കാട് നിന്നും വടക്കഞ്ചേരിയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായിരുന്നു ഔസേപ്പ്. റോഡിന് ഇടത് വശത്ത് കടന്നുപോകാന്‍ സ്ഥലമുണ്ടായിട്ടും മനപൂര്‍വം ബസ് വലത് വശത്തേക്ക് കയറ്റുകയും അടുത്തുകൂടി പോകുകയായിരുന്ന ബൈക്കിലുണ്ടായിരുന്ന യുവാക്കളെ തട്ടിയിടുകയുമായിരുന്നു. ബസിന്റെ പിന്നിലെ ചക്രങ്ങള്‍ കയറി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: