ഭരണഘടനയെ അവഹേളിച്ചതിന് രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലെടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയും ജനാധിപത്യത്തെ പരിഹസിക്കുന്നതുമാണ്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം യോഗത്തില്‍ പ്രസംഗിക്കവെ ഭരണഘടനയെ അവഹേളിച്ചതിനാലാണ് സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാന് പുറത്തുപോകേണ്ടി വന്നത്. മതേതരമെന്നും ജനാധിപത്യമെന്നും കുന്തം കൊടച്ചക്രമെന്നുമൊക്കെ എഴുതി വച്ചിട്ടുണ്ടെങ്കിലും ജനങ്ങളെ കൊള്ളയടിക്കാനുള്ളതാണ് ഭരണഘടനയെന്ന് ചെറിയാന് പറഞ്ഞത് വിവാദമാവുകയായിരുന്നു. കനത്ത പ്രതിഷേധമുയര്‍ന്നിട്ടും മന്ത്രി രാജിവയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ കോടതിനിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തപ്പോഴാണ് മന്ത്രി സ്ഥാനമൊഴിഞ്ഞത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി മന്ത്രിക്കെതിരെ കേസെടുക്കാതിരുന്ന പോലീസാണ് ഇപ്പോള്‍ കുറ്റങ്ങള്‍ തെളിയിക്കാനാവില്ലെന്നും കേസ് തീര്‍പ്പാക്കണമന്നും പറഞ്ഞ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി കേസില്‍ തീര്‍പ്പാക്കുന്നതിനു മുന്‍പാണ് തിടുക്കത്തില്‍ സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള തീരുമാനം. പ്രസംഗം വിവാദമായപ്പോള്‍ തന്റെ വിമര്‍ശനം ശരിയാണെന്നും, നിലപാടില്‍ മാറ്റമില്ലെന്നും പറഞ്ഞ് മന്ത്രി സ്ഥാനത്ത് തുടരുകയാണ് ചെറിയാന് ചെയ്തത്. എന്നാല്‍ ജനരോഷം ശക്തമായതോടെ രാജിവയ്ക്കേണ്ടി വരികയായിരുന്നു. മന്ത്രിക്ക് ഒരു തെറ്റു പറ്റിയെന്നും, അത് ബോധ്യം വന്നതിനാലാണ് രാജിവയ്ക്കുന്നതെന്നുമാണ് സിപിഎം പറഞ്ഞത്. അതേ സിപിഎമ്മാണ് ഇപ്പോള്‍ സ്വന്തം നിലയ്ക്ക് ചെറിയാനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
സജി ചെറിയാന് ഭരണഘടനയെ പരിഹസിക്കുകയല്ല, വിമര്‍ശിക്കുകയാണ് ചെയ്തതെന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്. ചെറിയാന്റെ പ്രസംഗം കേട്ട ആര്‍ക്കും ഇങ്ങനെയൊരു അഭിപ്രായമുണ്ടാവില്ല. മന്ത്രി ചെറിയാന് ഭരണഘടനയെ പരിഹസിക്കുക മാത്രമല്ല, അവഹേളിക്കുകയുമാണ് ചെയ്തത്. നിലവാരമില്ലാത്ത ശൈലിയില്‍ ഭരണഘടനയെ കടന്നാക്രമിക്കുന്ന ചെറിയാന്റെ പ്രസംഗം കേട്ട് വേദിയിലിരുന്ന ചില സിപിഎം നേതാക്കളുടെ പോലും നെറ്റിചുളിയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. സിപിഎമ്മിന്റെ വാദം മുഖവിലയ്ക്കെടുത്താല്‍പ്പോലും മന്ത്രിയായിരുന്ന ചെറിയാന് ഭരണഘടനയെ പരിഹസിക്കുകയാണോ വിമര്‍ശിക്കുകയാണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ല, കോടതിയാണ്. സജി ചെറിയാന് മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തടസ്സമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണത്രേ. പാര്‍ട്ടിക്കോടതിയുടെ തീരുമാനങ്ങള്‍ പൗരന്മാരെന്ന നിലയ്ക്ക് പാര്‍ട്ടി നേതാക്കള്‍ക്കുപോലും ബാധകമല്ലെന്നിരിക്കെ, ഭരണഘടനാ പദവി വഹിക്കുന്നവരുടെ കാര്യത്തില്‍ അത് എങ്ങനെ സ്വീകാര്യമാവും? രാജ്യത്ത് ഒരു നിയമമുണ്ട്. നീതിന്യായ സംവിധാനമുണ്ട്. അത് മാനിക്കാനും അനുസരിക്കാനും തങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് സജി ചെറിയാന്റെ കാര്യത്തില്‍ സിപിഎം നടത്തിയിരിക്കുന്നത്. ഭരണഘടനയെക്കുറിച്ച് തങ്ങള്‍ക്ക് ചില വ്യത്യസ്ത നിലപാടുകളുണ്ടെന്നും, അത് വിമര്‍ശനമാണെന്നും സിപിഎം നേതാക്കള്‍ ചര്‍ച്ചകളില്‍ മറ്റും ആവര്‍ത്തിക്കാറുണ്ട്. ഈ നിലപാടുകള്‍ ഭരണഘടനയെ അംഗീകരിക്കാത്തതും കോടതികളെ അനുസരിക്കാത്തതും ന്യായാധിപന്മാരെ പരിഹസിക്കുന്നതുമാണെന്ന് പലപ്പോഴും വ്യക്തമായിട്ടുള്ളതാണ്. ഇതിന്റെ പേരില്‍ സിപിഎം നേതാക്കള്‍ ശിക്ഷ അനുഭവിക്കുകയോ പിഴയൊടുക്കുകയോ മാപ്പു പറയുകയോ ഒക്കെ ചെയ്യേണ്ടിയും വന്നിട്ടുണ്ട്.
പാര്‍ട്ടി നേതാക്കള്‍ ആരോപണ വിധേയരും പ്രതികളുമാകുന്ന അഴിമതി, കൊലപാതകം, ലൈംഗികപീഡനം എന്നിങ്ങനെയുള്ള കേസുകളില്‍ സിപിഎം തന്നെ തീരുമാനമെടുക്കുകയും കുറ്റവിമുക്തരാക്കുകയും ചെയ്യുന്ന ഒരു രീതി കാലങ്ങളായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. മൂന്നര പതിറ്റാണ്ട് തുടര്‍ച്ചയായി ഇടതുമുന്നണി ഭരിച്ച പശ്ചിമബംഗാളിലും, രണ്ടരപ്പതിറ്റാണ്ട് അധികാരത്തിലിരുന്ന ത്രിപുരയിലും ഇതുതന്നെയായിരുന്നു സ്ഥിതി. അധികാരത്തുടര്‍ച്ച ലഭിച്ചതോടെ കേരളത്തിലും പാര്‍ട്ടിക്കോടതികളാണ് അവസാന വാക്ക് എന്ന രീതി പൂര്‍വാധികം ശക്തിയോടെ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സിപിഎം ശ്രമിക്കുന്നത്. ഇ.പി. ജയരാജനെതിരെ ഉയര്‍ന്ന അഴിമതിയാരോപണത്തിനെതിരെ കേസെടുക്കാതെ പാര്‍ട്ടി പരിഗണിക്കും, പാര്‍ട്ടി നേതൃത്വം തീരുമാനിക്കും എന്നാണല്ലോ സിപിഎം നേതൃത്വം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് ഭരണഘടനയെ അവഹേളിച്ചുവെന്ന ഗുരുതരമായ കുറ്റത്തില്‍ കോടതി തീര്പ്പുകല്പ്പിക്കുന്നതിനു മുന്‍പ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം. ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരു മന്ത്രിക്ക് ആ ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്യാനുള്ള ധാര്‍മികാവകാശമില്ല. ഇപ്പോഴത്തെ നിലയ്ക്ക് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അജണ്ട ഏകപക്ഷീയമായി നടപ്പാക്കാനാവില്ല. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിന്റെ നിയമവശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിശോധിക്കുകയാണ്. പ്രത്യക്ഷത്തില്‍ നിയമവിരുദ്ധമെന്നു കരുതാവുന്ന ഒരു നടപടിക്ക് ഭരണഘടനാ തലവനായ ഗവര്‍ണര്‍ അനുമതി നല്‍കാനുള്ള സാധ്യതയില്ല. സമാനമായ മറ്റു വിഷയങ്ങളിലേതുപോലെ ഇക്കാര്യത്തിലും ഗവര്‍ണറുടെ ധീരമായ തീരുമാനം ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: