ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഒരുവര്‍ഷത്തിനിടെ പോലീസ് വകവരുത്തിയത് 56 പാക്കിസ്ഥാനികള്‍ ഉള്‍പ്പടെ 186 ഭീകരര്‍. ജമ്മുകശ്മീര്‍ പോലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ഭരണ പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍ സുരക്ഷാ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നെന്നും ജമ്മു കശിമീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബഗ് സിങ് അറിയിച്ചു.
ഇവിടെ നടന്ന വര്‍ഷാവസാന പത്രസമ്മേളനത്തില്‍, സെലക്ടീവ്, ടാര്‍ഗെറ്റുചെയ്ത കൊലപാതകങ്ങള്‍, ഗ്രനേഡ്, ഐഇഡി ആക്രമണങ്ങള്‍ എന്നിവ നടത്താന്‍ ചുമതലപ്പെടുത്തിയ നാലോ അഞ്ചോ അംഗങ്ങള്‍ വീതമുള്ള പാക്കിസ്ഥാന് സൃഷ്ടിച്ച 146 ഭീകരവാദ മൊഡ്യൂളുകളും 2022-ല്‍ തകര്‍ത്തതായി പോലീസ് മേധാവി പറഞ്ഞു.
ഭീകരരുമായി ഈ വര്‍ഷം 93 പ്രാവശ്യമാണ് ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരില്‍ 42 പേര് വിദേശ ഭീകരരാണ്. 108 പേര് ലഷ്കര്‍ ഭീകരരും 35 പേര് ജയ്ഷെ ഭീകരരുമായിരുന്നു. 22 ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍, നാല് അല്‍-ബാദര്‍ ഭീകരര്‍ എന്നിവരെയും വകവരുത്തി. 17 ഭീകരരെ അറസ്റ്റ് ചെയ്യാനായെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.
ഭീകരസംഘടനയിലേക്ക് പുതുതായി ചേര്‍ന്ന് പ്രവര്‍ത്തിച്ച 58 പേരെയും കൊലപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ ഭീകരസംഘടനയിലേക്ക് പ്രവേശിച്ച് ഒരു മാസം പിന്നിടുമ്പോഴേക്കും വധിക്കപ്പെട്ടു. ഈ വര്‍ഷം നടത്തിയ പരിശോധനയിലും ഏറ്റുമുട്ടലുകളിലുമായി 360 മാരക ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞു. 121 എകെ റൈഫിളുകള്‍, 231 പിസ്റ്റലുകള്‍, ഐഇഡികള്‍, സ്റ്റിക്കി ബോംബുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: