തിരുവനന്തപുരം: സംവിധായകന് ഒമര്‍ ലുലുവിനെതിരേ കേസെടുത്ത് എക്സൈസ്. ഇന്നു റിലീസായ ‘നല്ല സമയം’ എന്ന ചിത്രത്തില്‍ ലഹരിമരുന്ന് ഉപയോഗം നിരവധി തവണ കാട്ടിയതിനെ തുടര്‍ന്നാണ് ഒമര്‍ ലുലുവിനെതിരെ കോഴിക്കോട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സുധാകരന് കേസെടുത്തത്. സിനിമയുടെ ട്രെയിലറില്‍ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തെന്നു പരാതിയുയര്‍ന്നിരുന്നു.
എന്‍ഡിപിഎസ്, അബ്കാരി നിയമങ്ങള്‍ ചുമത്തി കേസെടുത്തത്. ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്സണ്, നന്ദന സഹദേവന്, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: