രഞ്ജിത് ചന്ദ്രശേഖർ
അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും, കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതിവേഗം ജനപ്രിയമായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)ന്റെ ഭരണഘടന ന്യൂയോർക്കിൽ വച്ച് നടന്ന ഇടക്കാല ജനറൽ ബോഡി അംഗീകരിച്ചു. ഇതോടെ മന്ത്രയുടെ ഔദ്യോഗിക ബൈലോ നിലവിൽ വന്നു.
നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം ഏകകണ്ഠമായാണ് ബൈലോ അംഗീകരിച്ചത്. ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ആയ ഡോ മധു പിള്ളയാണ് ഭരണഘടന അവതരിപ്പിച്ചത്. യോഗത്തിൽ മന്ത്ര ട്രസ്റ്റീ ചെയർമാൻ ശശിധരൻ നായർ അധ്യക്ഷൻ ആയിരുന്നു. അമേരിക്കയിലെ മലയാളീ ഹിന്ദു ജനതയുടെ ഭാവിയെ മുന്നിൽ കണ്ടു തയാറാക്കിയ ശക്തവും സമഗ്രവുമായ ഭരണഘടനക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.
വിനോദ് കെയാർകെ, രാജൂ നാണൂ, ജയ് ചന്ദ്രൻ, ആനന്ദൻ നിരവേൽ, സുദർശന കുറുപ്, രാജേഷ് കുട്ടി, രുഗ്മിണി പത്മ കുമാർ, മധു പിള്ള തുടങ്ങിയവർ അടങ്ങിയ സമിതിയാണ് ഭരണഘടന തയാറാക്കിയത്.
മന്ത്രയുടെ ആദ്യ ഹൈന്ദവ സമ്മേളനം ജൂലൈ1 മുതൽ 4 വരെ ഹ്യുസ്റ്റണിൽ നടക്കും. അതിനുള്ള വൻ തയാറെടുപ്പുകൾ ഗുരുവായൂരപ്പന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഹ്യുസ്റ്റൺ നഗരത്തിൽ ആരംഭിച്ചു കഴിഞ്ഞു. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസം കൺവെൻഷന് മുന്നോടിയായി വിവിധ ആത്മീയ സാംസ്കാരിക പരിപാടികൾ കേരളത്തിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും സംഘടിപ്പിക്കപ്പെടുമെന്നു പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: