ലോക കായിക രംഗത്തിന്റെ വിക്റ്ററി സ്റ്റാന്‍ഡില്‍ തല ഉയര്ത്തിനില്ക്കാന് ഭാരതത്തിനു കേന്ദ്ര കായിക വകുപ്പ് അവസരമൊരുക്കിയ വര്‍ഷമായിരുന്നു 2022. ചരിത്ര നേട്ടങ്ങളുടെയും സുവര്‍ണ നേട്ടങ്ങളുടെയും നീണ്ട പട്ടിക തന്നെ കുതിപ്പിനു സാക്ഷ്യമായുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മി്ന്നുന്ന പ്രകടനം മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഉണ്ടായി. നാലാം സ്ഥാനം നേടിയെടുത്തു. 22 സ്വര്‍ണ മെഡലുകള്‍ ഉള്‍പ്പെടെ 61 മെഡലുകള്‍ സ്വന്തമാക്കി. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണു രാജ്യം ബര്‍മിങ്ഹാമില്‍ പുറത്തെടുത്തത്.
ചരിത്രത്തിലാദ്യമായി രാജ്യാന്തര തോമസ് കപ്പ് (ബാഡ്മിന്റണ്‍) ചാംപ്യന്മാരായതാണു കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു പൊന്‍തൂവല്‍. 14 തവണ ലോക ചാ്യംപന്മാരായ ഇന്‍ഡൊനീഷ്യയെ തളച്ചാണു കപ്പില്‍ മുത്തമിട്ടത് എന്നതും ശ്രദ്ധേയം. ജയിച്ച പുരുഷ ടീമിലെയും ഊബര്‍ കപ്പ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത വനിതാ ടീമിലെയും അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ നേരിട്ട് അനുമോദിക്കുകയും ചെയ്തിരുന്നു.
രാജ്യാന്തര കായികമേളകളില്‍ ചിലതിന് ആതിഥ്യമരുളുക വഴിയും ഇന്ത്യ ലോകശ്രദ്ധ പിടിച്ചുപറ്റി. ഫിഫ അണ്ടര്‍ 17 വിമന്‍സ് ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യ 2022 ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ 2022 ഒക്ടോബര്‍ 11നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആ മാസം മുപ്പതിന് മുംബൈയില്‍ നടന്ന ഫൈനലില്‍ കൊളംബിയയെ പരാജയപ്പെടുത്തിക്കൊണ്ട് സ്പെയിന് കപ്പില്‍ മുത്തമിട്ടു.
44ാമതു ഫിഡെ ചെസ് ഒളിംപ്യാഡിന്റെ ഉദ്ഘാടനം ചെന്നൈ ജെ.എല്‍.എന്‍. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചതു പ്രധാനമന്ത്രിയായിരുന്നു. 188 രാജ്യങ്ങളില്‍നിന്നായി 2000 മല്സരാര്ഥികള് പങ്കെടുത്തു. ചെസ് ഒളിംപ്യാഡിന്റെ ചരിത്രത്തില്‍ ഇത്രയും പേര് മല്‍സരിക്കാനെത്തിയത് ഇതാദ്യമാണ് എന്ന സവിശേഷതയുമുണ്ട്. ഒളിംപ്യാഡിനു മുമ്പു നടത്തിയ ദീപശിഖാ പ്രയാണം രാജ്യത്തെ ചരിത്രപ്രധാനമായ 75 സ്ഥലങ്ങളിലൂടെ കടന്നുപോയ ശേഷമാണ് മല്‍സര വേദി സജ്ജീകരിച്ചിരുന്ന തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയത്.
36ാമതു ദേശീയ ഗെയിംസ് മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ടതും ശ്രദ്ധ പിടിച്ചുപറ്റി. ഗുജറാത്ത് സൂറത്തിലെ പണ്ഡിറ്റ് ദീനദയാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ സര്‍വീസസ് സ്പോര്‍ട്സ് കണ്ട്രോള് ബോര്‍ഡാ(എസ്.എസ്.സി.ബി.)ണ് ഏറ്റവും കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കിയത്. 15,000 കായിക താരങ്ങളും കോച്ചുമാരും ഉദ്യോഗസ്ഥരും മേളയുടെ ഭാഗമായെന്നാണു കണക്ക്. 36 ഇനങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കായിക പ്രതിഭകള്‍ മാറ്റുരച്ചതോടെ ഇതുവരെ നടന്ന ദേശീയ ഗെയിമുകളില്‍ ഏറ്റവും പ്രാതിനിധ്യമുള്ളതായി ഈ മേള മാറി. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദേശീയ ഗെയിംസ് വിജയകരമായി നടത്തുന്നതിനായി കായിക മന്ത്രാലയം വലിയ തയ്യാറെടുപ്പാണു നടത്തിയിരുന്നത്.
സംഘാടനത്തിലും നടത്തിപ്പിലും സവിശേഷത പുലര്‍ത്തിയ മറ്റൊരു കായികമേളയായിരുന്നു ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (കെ.ഐ.വൈ.ജി.). കോവിഡ് നിമിത്തം വൈകിയ മേള ജൂണ്‍ നാലു മുതല്‍ 13 വരെ ഹരിയാനയിലെ പഞ്ച്കുലയിലാണു നടന്നത്. ഹരിയാനയാണ് ഏറ്റവും കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കിയ സംസ്ഥാനം. മഹാരാഷ്ട്രയും കര്ണാടകയുമാണു തൊട്ടുപിറകെ. ഭാരോദ്വഹനം, അതല്റ്റിക്സ് തുടങ്ങിയ ഇനങ്ങളിലായി എത്രയോ ദേശീയ റെക്കോഡുകള്‍ പിറക്കുകയും ചെയ്തു.
ഖേലോ ഇന്ത്യ സര്‍വകലാശാലാ ഗെയിംസി(കെ.ഐ.യു.ജെ.)ന്റെ രണ്ടാമതു പതിപ്പ് അഞ്ചിടങ്ങളിലായി നടന്നു. ഇരുനൂറിലധികം സര്‍വകലാശാലകളില്‍നിന്നായി നാലായിരത്തോളം മല്‍സരാര്‍ഥികളാണ് എത്തിയത്. തദ്ദേശീയ കായിക ഇനങ്ങളായ മല്ലഖംബ, യോഗാസന തുടങ്ങിയ ഇനങ്ങളും മേളകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജെയിന് സര്‍വകലാശാല ഒന്നാം സ്ഥാനവും ലവ്ലി പ്രഫഷണല്‍ സര്‍വകലാശാലയും പഞ്ചാബ് സര്‍വകലാശാലയും തൊട്ടടുത്ത സ്ഥാനങ്ങളും കരസ്ഥമാക്കി.
ഫിറ്റ് ഇന്ത്യ പദ്ധതിക്കു കീഴില്‍ വിവിധ കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. മെച്ചപ്പെട്ട ജീവിതശൈലി പിന്തുടരാന് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതിന് വിദ്യാലയങ്ങള്‍ക്ക് അവസരമൊരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. നാലാമതു ഫിറ്റ് ഇന്ത്യ സ്കൂള്‍ വീക്കിന് 2022 നവംബര്‍ 15നായിരുന്നു തുടക്കമിട്ടത്.
ഫിറ്റ് ഇന്ത്യ ക്വിസ്സിന് ആവേശകരമായ സ്വീകരണമാണു രാജ്യത്താകമാനമുള്ള വിദ്യാര്‍ഥികള്‍ നല്‍കിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 42,490 വിദ്യാലയങ്ങളില്‍നിന്നായി 1,74,473 വിദ്യാര്‍ഥികള്‍ പ്രാഥമിക റൗണ്ടില്‍ പങ്കെടുത്തു. ‘ആസാദി കാ അമൃത മഹോത്സവ’ത്തിന്റെ ഭാഗമെന്നോണം 2022 ഒക്ടോബര്‍ രണ്ടിന് ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തു.
കായിക രംഗത്തേക്കു കൂടുതല്‍ സ്ത്രീകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കായിക ഇനങ്ങളില്‍ വനിതാ ലീഗ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഖേലോ ഇന്ത്യ പദ്ധതിയുടെ 36ാമതു ഡിപ്പാര്‍ട്ട്മെന്റല്‍ പ്രോജക്റ്റ് അപ്രൂവല്‍ കമ്മിറ്റി(ഡി.പി.എ.സി.)യാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്. മേഖലാ തലങ്ങളിലും ദേശീയ തലത്തിലുമായി വിവിധ കായിക ഇനങ്ങളില്‍ ലീഗ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
‘ആസാദി കാ അമൃത മഹോത്സവ’ത്തിന്റെ ഭാഗമായി കായിക മന്ത്രാലയം പിന്തുണയേകിയ മറ്റൊരു പരിപാടിയാണ് 75 കോടി സൂര്യനമസ്കാരം പദ്ധതി. പദ്ധതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായുള്ള പ്രചരണ പദ്ധതിയില്‍ പ്രമുഖ കായിക താരങ്ങള്‍ അണിനിരന്നു. ഇതുവരെയായി, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 101 കോടിയിലേറെ സൂര്യനമസ്കാരങ്ങള്‍ നടന്നു.
ധാരണാപത്രങ്ങള്‍ ഒപ്പിടല്‍, സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ യുവജനക്ഷേമ, കായിക മന്ത്രിമാരുടെ സമ്മേളനം സംഘടിപ്പിക്കല്‍, ദേശീയ കായിക ദിനാചരണം തുടങ്ങി മറ്റേറെ പരിപാടികളും വകുപ്പു യാഥാര്‍ഥ്യമാക്കി. കായിക രംഗത്തെ സ്നേഹിക്കുന്നവര്‍ പലരും മെച്ചപ്പെട്ട പ്രകടനത്തില്‍ സന്തുഷ്ടരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: