തിരുവനന്തപുരം : ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതിയിലും മുഖ്യമന്ത്രിക്കും മുമ്പാകെ മൂന്ന് വര്‍ഷം മുന്നേ തന്നെ പരാതികള്‍ ഉന്നയിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍. റിസോര്‍ട്ട് നിര്‍മാണത്തിനെതിരെ വ്യവസായി കെ.പി. രമേഷ് കുമാര്‍ 2019 ല്‍ കോടിയേരിക്കും പിന്നീട് മുഖ്യമന്ത്രിക്കും വിശദമായ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.
റിസോര്‍ട്ട് സംരംഭത്തില്‍ ഇ.പി. ജയരാജന്‍ തന്നെ പറ്റിച്ചെന്നും തനിക്ക് കോടികള്‍ നഷ്ടമായെന്നും കാണിച്ച് കെ.പി. രമേഷ്‌കുമാര്‍ 2019ലാണ് ആദ്യം പരാതി കൊടുത്തത്. ആരോപണം ഉന്നയിച്ച സമയത്ത് ബിനീഷ് കോടിയേരിയുടെ കേസ് വിവാദങ്ങളും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യവും ആയതിനാല്‍ പുതിയ വിവാദം ഒഴിവാക്കി പാര്‍ട്ടി തലത്തില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
പിന്നീട് രമേഷ്‌കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കി. എന്താണ് സംഭവിച്ചെന്നത് മുഖ്യമന്ത്രി കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വഷണവും നടത്തി. ഇതിനിടെ രമേഷ്‌കുമാറുമായി ഇപി ചില ഒത്ത്തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയതോടെ തുടര്‍നീക്കങ്ങളുണ്ടായില്ല.
കോടിയേരിയുടെ മരണശേഷം ഈ പരാതിക്കാര്യത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് പരാതിക്കാരന്‍ മറുവഴി തേടിയത്. എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായതും ഇപി പാര്‍ട്ടി നേതൃത്വവുമായി അകലുകയും ചെയ്യുകയും പി. ജയരാജന്‍ വിഷയം വീണ്ടും പാര്‍ട്ടിയില്‍ അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തുവരുന്നത്.
അതേസമയം ഇപി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ ഉന്നയിച്ച ആരോപണത്തില്‍ നിലപാട് എടുക്കാനാവാത്ത് സ്ഥിതിയിലാണിപ്പോള്‍ സിപിഎം. പി.ജയരാജന്റെ ആക്ഷേപത്തിന്മേല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് ഇ.പി. ജയരാജനോടുള്ള അവിശ്വാസ പ്രഖ്യാപനമാകും. ദല്‍ഹിയില്‍ നടക്കുന്ന പോളിറ്റ്ബ്യൂറോ യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തോടെ മാത്രമേ വിഷയത്തില്‍ അന്തിമ നിലപാട് പാര്‍ട്ടി സ്വീകരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: