കോട്ടയം: പൊൻകുന്നത്ത് യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി. കോട്ടയം ഞാലിയാകുഴിക്കടുത്ത് താമസിക്കുന്ന രാജേഷ് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കുടുംബപ്രശനം പറഞ്ഞുതീർക്കാനെന്ന വ്യാജേന പൊന്‍കുന്നത്തുള്ള സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ വിളിച്ചു വരുത്തുകയും മർദ്ദിക്കുകയുമായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും പോലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി യുവാവിനെ റിമാന്‍ഡ് ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ ആയുധങ്ങളുമായെത്തി അക്രമണം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം. രാജേഷിനെ ചുറ്റികയും വടിയും ആയുധങ്ങളും ഉപയോഗിച്ച് അക്രമിക്കുന്നത് സഹോദരി ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് കുടുംബം ആരോപിക്കുന്നു. ആയുധങ്ങളടക്കം ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ തെളിവായി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും സഹോദരി ഭര്‍ത്താവിന്റെ വീടു കയറി ആക്രമണം നടത്തി എന്ന വകുപ്പ് ചുമത്തി രാജേഷിനെ പൊന്‍കുന്നം പോലീസ് റിമാന്‍ഡ് ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി.
ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേഷിന്റെ സഹോദരി രാജി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. രാജിയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് രാജേഷിനെ സഹോദരി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വിളിച്ചു വരുത്തി മര്‍ദിച്ചതെന്ന് കുടുംബം പറയുന്നു. തെളിവായി ഭര്‍ത്തൃമാതാവിന്റെ ഫോണ്‍ സംഭാഷണവും ഇവര്‍ പുറത്തുവിട്ടു. ഇത്രയധികം തെളിവുകള്‍ നല്‍കിയിട്ടും പൊന്‍കുന്നത്തുള്ള സഹോദരി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ ഒരു കേസ് പോലും എടുക്കാത്ത പോലീസിന്റെ അനീതിക്കെതിരെ മര്‍ദനമേറ്റ യുവാവിന്റെ കുടുംബം കോട്ടയം എസ്പിക്ക് പരാതി നല്‍കി.
സഹോദരീ ഭര്‍ത്താവിന്റെ ബന്ധുക്കളിലൊരാളുടെ തല രാജേഷ് അടിച്ചു പൊട്ടിച്ചതു കൊണ്ടാണ് വധശ്രമത്തിന് കേസ് എടുത്തതെന്നും പോലീസ് പറയുന്നു. എന്നാല്‍ രാജേഷിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും ഒരു കൗണ്ടര്‍ കേസ് പോലും ചുമത്തിയില്ലേ എന്ന ചോദ്യത്തിന് പൊന്‍കുന്നം പോലീസിന് വ്യക്തമായ മറുപടില്ലെന്നും കുടുംബം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: