പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാരിനേയും ഓരോരുത്തരും പ്രശംസിക്കുന്നത് ഓരോ വിധമാണ്. കാശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായിരുന്ന ഗുലാംനബി ആസാദിന്റെ പ്രശംസ ആത്മാര്‍ത്ഥത തുളുമ്പുന്നതായിരുന്നു. കണ്ണീരണിഞ്ഞുകൊണ്ടാണദ്ദേഹം പ്രശംസ നിര്‍ത്തിയത്. അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഒരേ ഓരുത്തരമേ ശശി തരൂരിനുണ്ടായിരുന്നുള്ളൂ. ‘നരേന്ദ്രമോദി അല്ലാതെ മറ്റാര്?’ എന്നായിരുന്നു തരൂരിന്റെ ഉത്തരം. കോണ്‍ഗ്രസിലിരുന്നപ്പോള്‍ എ.പി. അബ്ദുള്ളക്കുട്ടി കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയത്, അദ്ദേഹത്തിന് പുറത്തേയ്ക്കുള്ള വഴിയാണ് തുറന്നത്. അദ്ദേഹമിപ്പോള്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനും ഹജ് കമ്മറ്റി ചെയര്‍മാനുമാണ്.
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രശംസിച്ചവരില്‍ പിന്നേയും കുറെ നേതാക്കളുണ്ട്. സച്ചിന് പൈലറ്റ്, മജീദ് മേമന്, ഷിബു ബേബി ജോണ്‍, എ.എന്‍. ഷംസീര്‍ തുടങ്ങി ഒട്ടേറെ പേര്. ഓരോരുത്തര്‍ക്കും അവരവരുടെ പാര്‍ട്ടിയില്‍ നിന്ന് ഓരോരോ അനുഭവമാണുണ്ടായത്. ശതശതകോടി വ്യവസായിയും രാജ്യസഭാംഗവുമായ പി.വി. അബ്ദുള്‍ വഹാബ് കേന്ദ്രമന്ത്രിമാരെ പുകഴ്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സദുദ്ദേശ്യത്തോടെ തമാശ രൂപത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പുകഴ്ത്തലായി ചില കേന്ദ്രങ്ങള്‍ വ്യാഖ്യാനിച്ചെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേരള സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ തന്നെ ദല്‍ഹിയില്‍ കേരളത്തിന്റെ അംബാസിഡറായാണ് വി. മുരളീധരന് പ്രവര്‍ത്തിക്കുന്നതെന്ന് തമാശ രൂപത്തില്‍ പരാമര്‍ശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചത്. നൈപുണ്യ വികസന മേഖലയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും പ്രസംഗത്തില്‍ ആവശ്യപ്പെട്ട് മന്ത്രി രാജീവ് ചന്ദ്രശേഖരനെ പരാമര്‍ശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു. പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ വസ്തുത അന്വേഷിക്കുകയും കാര്യങ്ങള്‍ അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും വാഹാബ് കുറിച്ചു.
താങ്കള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ നില ശൂന്യമാകുമായിരുന്നുവെന്ന് മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹം കേരള സര്‍ക്കാറിനെ കുറിച്ച് വിമര്‍ശനങ്ങള്‍ നടത്താറുണ്ടെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. പ്രസംഗം വിവാദമായതോടെ എം.പിയുടെ നടപടിയോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും വിശദീകരണം തേടുമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചിരുന്നു. ”കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടി യോജിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമര്‍ശം എന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കും”, എന്നിങ്ങനെയായിരുന്നു കുറിപ്പ്. സദുദ്ദേശ്യത്തോടെയുള്ള എന്റെ ‘തമാശയെ’ പലരും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ എന്റെ നേതാവ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വസ്തുത അന്വേഷിച്ചു. കാര്യങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്. എന്നും വഹാബ് പറഞ്ഞു.
ശ്രീരാമനെ പുകഴ്ത്തിയ വിഭീഷണന് ഉണ്ടായ അനുഭവമാണ് വഹാബിനുണ്ടായതെന്ന് ചുരുക്കം. രഘുരാമന്റെ പ്രിയപത്നിയെ അപഹരിച്ചു എന്ന കൊടും തെറ്റ് ജ്യേഷ്ഠനായ രാവണന് ചെയ്തെന്നും ധര്‍മ്മഭംഗം വരുത്തിയെന്നും വ്യക്തമാണ്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കി രാമന് സീതയെ തിരിച്ചുനല്‍കുകയാണ് യുക്തം.
സീതാദേവി എന്ന് ലങ്കയില്‍ എത്തിയോ അന്നുമുതല്‍ ദുശ്ശകുനങ്ങള് തുടങ്ങി. ഹോമാഗ്നി കത്തുന്നില്ല. നല്ല പശുക്കളുടെ അകിട് വറ്റിത്തുടങ്ങി. കുതിരകള്‍ ചീത്ത ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നു. മിക്ക ജീവികളും ആഹാരം കഴിക്കാതെ തൂങ്ങി നില്‍ക്കുകയാണ്. കാക്കകള്‍ കലപില ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. കുറുക്കന്മാര് ഓരിയിടുന്നു. അതുകൊണ്ട് നമുക്ക് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത്. ദശരഥകുമാരന് സീതാദേവിയെ കൊടുക്കുന്നത് അങ്ങേയ്ക്ക് ശ്രേയസ്കരമായിരിക്കും. മറിച്ചാണെങ്കില്‍ അങ്ങയുടെ പ്രവര്‍ത്തിക്കുള്ള ശിക്ഷ ഈ കുലം മുഴുവന്‍ അനുഭവിക്കേണ്ടിവരും. ഇത് പറയേണ്ടത് എന്റെ ധര്‍മ്മമാണ്. അങ്ങ് ആലോചിച്ച് തീര്‍പ്പുണ്ടാക്കണം. രാവണന് തെറ്റിദ്ധരിച്ചു. ഉടന്‍ തന്നെ അരമന വിട്ടുപോകാനാണ് ആജ്ഞാപിച്ചത്.
മുരളീധരനെ പുകഴ്ത്താന്‍ വ്യവസായിയായ അബ്ദുള്‍ വഹാബിന് പിന്നെയും കാരണമുണ്ടാകാം. സംസ്ഥാനത്ത് ഹര്‍ത്താലും മിന്നല്‍ പണിമുടക്കുകളും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസമവായത്തില്‍ എത്തണമെന്നാണ് വി. മുരളീധരന് പറഞ്ഞത്. കേരളം വലിയ വികസനക്കുതിപ്പിന് ഒരുങ്ങുമ്പോള്‍ അതിനെ പിന്നോട്ടുവലിക്കുന്ന പണിമുടക്കുകള്‍ അവസാനിപ്പിക്കണം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇതിനായി ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും വിവിധ ചേംബറുകള്‍ ഇതിനായി സ്വാധീനം ചെലുത്തണമെന്നും മുരളീധരന് പറഞ്ഞിരുന്നു. ലോകടൂറിസം ദിനത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുടെ നാടാണ് കേരളമെന്ന കാര്യവും മന്ത്രി ഓര്‍മ്മിപ്പിച്ചു.
വിഴിഞ്ഞം തുറമുഖവും കൊച്ചി കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയും അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറും. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. ദേശീയ പാത ഭൂമിയേറ്റെടുക്കലിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിവില നല്‍കേണ്ട സാഹചര്യം കേരളത്തിനുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളും വികസന പദ്ധതികള്‍ വരുമ്പോള്‍ പരിഗണിക്കേണ്ട വിഷയമാണ്. എന്നിട്ടും വലിയ മാറ്റത്തിലേക്ക് സംസ്ഥാനം ചുവടുവയ്ക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കുന്ന സമീപനം ഉണ്ടാകരുത്. വിദ്യാസമ്പന്നരായ സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്ക് ഇവിടെ തന്നെ സംരംഭങ്ങള്‍ ആരംഭിക്കാനാകുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട്.
വിവിധ മേഖലകളില്‍ ഗള്‍ഫ് രാജ്യങ്ങളുമായി വലിയ സഹകരണം നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ ഇന്നുണ്ട്. 2014ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 28,000 കോടി രൂപയുടെ നിക്ഷേപമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് അഞ്ച് ഇരട്ടിയായി. പ്രവാസി സമൂഹത്തിന്റെ ആരോഗ്യകരമായ ഇടപെടലുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായ കൂട്ടുന്നതായും മുരളീധരന് അഭിപ്രായപ്പെട്ടതും വഹാബടക്കമുള്ളവരെ സന്തോഷിപ്പിച്ചിരിക്കാം. ഏതായാലും രാവണന്റെ അവസ്ഥ വിശദീകരണം ചോദിച്ചവര്‍ക്കാര്‍ക്കും വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: