വാഷിങ്ടണ്‍ : ഫോസില്‍ ഇന്ധനത്തിന് പകരം ന്യൂക്ലിയര്‍ ഫ്യൂഷന്‍(ആണവ സംയോജനം) വഴിയുള്ള ഊര്ജ്ജോല്പ്പാദനത്തിനായുള്ള ശാസ്ത്രലോകത്തിന്റെ പരീക്ഷണങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഫോസില്‍ ഇന്ധനത്തിനുപകരം ക്ലീന്‍ എനര്‍ജി അഥവാ ശുദ്ധോര്‍ജത്തിന്റെ പ്രധാന ഉറവിടമായി ആണവസംയോജനത്തെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലെ (എല്‍എല്‍എന്‍എല്‍) ശാസ്ത്രഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്താനായത്.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എല്‍എല്‍എന്‍എല്ലിന്റെ നാഷണല്‍ ഇഗ്നിഷന്‍ ഫെസിലിറ്റിയിലെ ശാസ്ത്ര സംഘം നടത്തിയ പരീക്ഷണത്തില്‍ ‘നെറ്റ് എനര്‍ജി ഗെയിന്‍’ നേട്ടം കൈവരിച്ചതായി വൈറ്റ് ഹൗസ് ശാസ്ത്ര ഉപദേഷ്ടാവ് ആരതി പ്രഭാകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴിയുള്ള ആണവ സംയോജനത്തിലൂടെ വാണിജ്യാടിസ്ഥാനത്തില്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന് സാധിച്ചാല്‍ ഇത് വന്‍ നേട്ടങ്ങള്‍ക്ക് കാരണമാകും. നിലവിലെ ഫോസില്‍ ഇന്ധനത്തിന് പകരമായി മാലിന്യമുക്തവും ശുദ്ധവുമായ രീതിയില്‍ ഊര്‍ജ ഉല്പാദനം സാധ്യമാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ നിലവിലെ ന്യൂക്ലിയര്‍ ഫിഷന് ആണവോര്‍ജ നിലയങ്ങളേക്കാള്‍ സുരക്ഷയും ഉറപ്പ് നല്‍കുന്നുണ്ട്. ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, മറ്റ് ഹൈഡ്രോ കാര്ബണുകള് എന്നിവയെ ആശ്രയിക്കുന്നത് പൂര്‍ണമായി ഒഴിവാക്കാനും ശുദ്ധവും സമൃദ്ധവും സുരക്ഷിതവുമായ ഊര്‍ജ്ജ സ്രോതസ് കൂടിയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ എനര്‍ജി.
ഊര്ജോല്പാദന ചെലവിനേക്കാള്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാനയത് ഈ രംഗത്തെ വലിയ നേട്ടമാണെന്ന് യുഎസ് ഊര്‍ജ വകുപ്പ് വിശേഷിപ്പിച്ചു. എന്നാല്‍ ഇതിനെ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിന് ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ചെലവാക്കിയ ഊര്‍ജത്തേക്കാള്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിക്കുന്നതിനെയാണ് നെറ്റ് എനര്‍ജി ഗെയിന്‍ എന്നു പറയുന്നത്. നിലവില്‍ ആണവ കേന്ദ്രങ്ങളില്‍ അണുവിഘടന (ന്യൂക്ലിയര്‍ ഫിഷന്) രീതി ഉപയോഗിച്ചാണ് ഊര്ജോല്പാദനം. ആറ്റത്തിന്റെ ന്യൂക്ലിയസ് വിഭജിക്കുന്നതിലൂടെ വന്‍തോതില്‍ ഊര്‍ജം പുറത്തുവിടുന്ന രീതിയാണ് ന്യൂക്ലിയര്‍ ഫിഷന്. സുരക്ഷാ പ്രശ്നവും കാര്‍ബണ്‍ എമിഷനുമാണ് ഫിഷന് രീതിയിലുള്ള ഊര്‍ജ ഉല്പാദനത്തിന്റെ പ്രധാന പ്രശ്നം.
രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളെ സംയോജിപ്പിച്ച് ഭാരമേറിയ ഹീലിയം ആറ്റം ഉണ്ടാക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍. ഈ പ്രക്രിയയിലും വലിയ അളവില്‍ ഊര്‍ജ്ജം പുറത്തുവിടുന്നു. സൂര്യനിലും നക്ഷത്രങ്ങളിലും ഊര്‍ജനിര്‍മാണ പ്രക്രിയ നടക്കുന്നത് ഫ്യൂഷന്‍ രീതിയിലാണ്. ഫ്യൂഷന്‍ കാര്‍ബണ്‍ രഹിതമായതിനാല്‍ ആഗോളതാപനമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. റേഡിയോ ആക്ടീവ് മാലിന്യങ്ങളും വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഉണ്ടാകൂ.
അതേസമയം മൂലകങ്ങളുടെ അണുസംയോജനത്തിന് വളരെ ഉയര്ന്നതാപനിലയും മര്‍ദവും ആവശ്യമാണ്. അതുകൊണ്ടുതന്നെ വ്യവസായികാടിസ്ഥാനത്തില്‍ ഊര്‍ജോത്പാദനത്തിന് ഇത്തരത്തില്‍ ചെറിയ ചില പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇതിനുള്ള സൗകര്യം ഒരുക്കുക ചെലവേറിയതാണെങ്കിലും ശുദ്ധോര്ജത്തിനുവേണ്ടി അണുസംയോജനത്തിലൂടെയുള്ള ഊര്‍ജോത്പാദനം ആരംഭിക്കുന്നത് ലോകത്തിന് എന്നും മുതല്‍ക്കൂട്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: