ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി സുഖ്വിന്ദര്‍ സിങ്ങ് സുഖുവിന്റെ പേര് പ്രിയങ്കാ ഗാന്ധി നിര്‍ദേശിച്ചെങ്കിലും പ്രതിസന്ധി തീരുന്ന മട്ടില്ല. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രതിഭാ സിങ്ങ് അനുകൂലികള്‍ തുറന്ന പോരിന് തയ്യാറെടുക്കുകയാണ്. പ്രിയങ്ക ഉള്‍പ്പെടെയുള്ള ഹൈക്കമാന്‍റിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിച്ച് പതിഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. തീരുമാനം പുനപരിശോധിച്ച് പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന കടുത്ത നിലപാടിലാണ് അനുയായികള്‍.
കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ച നടത്താന്‍ എത്തിയ ഹൈക്കമാന്‍റ് പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലിന്റെ ഗേറ്റും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വില്‍ക്കപ്പെട്ടു എന്ന മുദ്രാവാക്യം വരെ പ്രതിഭാ സിങ്ങ് അനുകൂലികള്‍ മുഴക്കി.
ഏറെ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ സുഖ്വിന്ദര്‍ സിങ്ങ് സുഖുവിന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി വാദിച്ച മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കിയിരിക്കുകയാണ്. പ്രതിഭാ സിങ്ങിന് പകരം അവരുടെ മകന് മന്ത്രിസ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ഇതിനിടെ സുഖ്വിന്ദര്‍ സിങ്ങ് സുഖു മുഖ്യമന്ത്രിയായി ഡിസംബര്‍ 11ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഭൂപേഷ് ബാഗല്‍ പ്രഖ്യാപിച്ചു.
പ്രതിഭാ സിങ്ങ് നിയമസഭാ സീറ്റില്‍ മത്സരിച്ചിരുന്നില്ല. എന്നാല്‍ ഹിമാചല്‍പ്രദേശിന്റെ കോണ്‍ഗ്രസ് ഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ ഭാര്യ എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന അവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. സുഖ്വിന്ദര്‍ സിങ്ങ് സുഖുവിനെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാന്‍റ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ ശബ്ദമുയര്‍ത്താനുള്ള തീരുമാനത്തിലാണ് പ്രതിഭാ സിങ്ങ് പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: