ദോഹ: പറങ്കിപ്പടയുടെ സ്വപ്നത്തിലേക്ക് ആഫ്രിക്കന്‍ കരുത്തിന്റെ വെടിയുണ്ടകള്‍ വര്‍ഷിക്കുമോ… ആദ്യ കിരീടമെന്ന പോര്‍ച്ചുഗലിന്റെ ലക്ഷ്യത്തിനു മുന്നിലെ ആദ്യ കടമ്പ മൊറോക്കോ. സ്പാനിഷ് വീര്യത്തെ പിഴുതെറിഞ്ഞ ആത്മവിശ്വാസവുമായെത്തുന്ന മൊറോക്കോ പറങ്കികളുടെ വഴിമുടക്കുമോ.. ഇന്ന് രാത്രി 8.30ന് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് ഈ ക്വാര്‍ട്ടര്‍ പോരാട്ടം.
ഒരു കളിയും തോല്‍ക്കാതെയായിരുന്നു മൊറോക്കോയുടെ വരവ്. ടിക്കി ടാക്ക ശൈലിയുമായി എതിരാളികളെ അമ്പരിപ്പിക്കുന്ന സ്പെയ്നെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യാസിന് ബോനു എന്ന ഗോള്‍കീപ്പറുടെ മിന്നുന്ന പ്രകടനത്തില്‍ കീഴടക്കി അവര്‍ ക്വാര്‍ട്ടറിലുമെത്തി. ഗ്രൂപ്പിലെ മൂന്ന് കളിയില്‍ നാല് ഗോളടിച്ച അവര്‍ ഒരെണ്ണം വഴങ്ങി. 4-3-3 ശൈലിയിലാകും അവര്‍ ഇന്നും ഇറങ്ങുക. ഗോള്‍വലയ്ക്ക് മുന്നില്‍ യാസിന് ബോനുവിന്റെ സാന്നിദ്ധ്യം തന്നെയാണ് അവരുടെ കരുത്ത്.
ക്രിസ്റ്റ്യാനൊയെ സൈഡ് ബെഞ്ചിലിരുത്തിയിട്ടും ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്തെറിഞ്ഞാണ് പോര്‍ച്ചുഗല്‍ മുന്നേറ്റം. ഈ കളിയിലൂടെ സൂപ്പര്‍താരമായി മാറിയ ഗൊണ്‍സാലോ റാമോസ് അവരുടെ കുന്തമുനയായി. 4-3-3 ശൈലിയില്‍ ഇറങ്ങുന്ന നിരയില്‍ റാമോസിനൊപ്പം ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ ഫെലിക്സും എത്തും. നാലു മത്സരങ്ങളില്‍ നിന്ന് 12 ഗോളടിച്ചുകൂട്ടിയ പോര്‍ച്ചുഗല്‍ അഞ്ചെണ്ണം വഴങ്ങി. ഇന്നത്തെ പോരാട്ടം പ്രധാനമായും പോര്‍ച്ചുഗല്‍ മുന്നേറ്റവും മൊറോക്കോ പ്രതിരോധവും തമ്മിലാകും.
മൂന്നാം തവണയാണ് രണ്ട് ടീമുകളും ഏറ്റുമുട്ടുന്നത്. മുന്‍പ് രണ്ട് തവണയും ഏറ്റുമുട്ടിയത് ലോകകപ്പിലാണ്. കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അവസാന മുഖാമുഖം. ഇതില്‍ ഒരു ഗോളിന് പോര്‍ച്ചുഗല്‍ ജയിച്ചു. 1986 ലോകകപ്പില്‍ 3-1ന് ജയം മൊറോക്കോയ്ക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: