കോഴിക്കോട് : തുറമുഖ വകുപ്പിന്റെ കെട്ടിടത്തില്‍ അനധികൃത നിര്‍മാണം നടത്താന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരന് വഴിവിട്ട് സഹായങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ട്. കടലിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വെറും നാല് ദിവസം കൊണ്ടാണ്. സ്പീക്കറിന്റെ സഹോദരനോടുള്ള പ്രത്യേക താത്പ്പര്യമാണ് ഇതിന് പിന്നില്‍.
തുറമുഖ വകുപ്പിനു കീഴിലുള്ള കടലിനോട് ചേര്‍ന്നുള്ള 15 സെന്റ് കണ്ണായ സ്ഥലവും ഒരു നില കെട്ടിടവും കുറഞ്ഞ തുകയ്ക്ക് ഷംസീറിന്റെ സഹോദരന് എ.എന്‍. ഷാഹിര്‍ ഉള്‍പ്പെട്ട പ്രദീപ് ആന്‍ഡ് പാര്‍ട്ണേഴ്സ് എന്ന സ്ഥാപനത്തിന് ദിവസങ്ങള്‍ക്കുള്ളിലാണ് വിട്ടു നല്‍കിയത്. പ്രതിമാസം 2 ലക്ഷം രൂപ വരെ വാടകയുള്ളിടത്ത് 45,000 രൂപയ്ക്കാണു കെട്ടിടം കൈമാറിയിരുന്നത്. വര്‍ഷങ്ങളോളം കെട്ടിക്കിടക്കുന്ന നിരവധി ഫയലുകളാണ് തീരദേശ പരിപാലന അതോറിട്ടിയില്‍ ഇപ്പോഴും ഉള്ളത്. ഇതെല്ലാം മാറ്റി നിര്‍ത്തി വെറും നാല് ദിവസത്തിനുള്ളില്‍ തന്നെ ഷാഹിറിന്റെ സ്ഥാപനത്തിന് സ്ഥലം വിട്ടു നല്‍കുന്നിനുള്ള നടപടികളെല്ലാം തീരദേശ പരിപാലന അതോറിട്ടി പൂര്‍ത്തിയാക്കുകയായിരുന്നു.
ഏറെ നിയന്ത്രണങ്ങള്‍ ഉള്ള സിആര്‍ഇസെഡ്2 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കടലില്‍ നിന്ന് വെറും 27 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തിലാണ് ഒരു ഉപാധികളുമില്ലാതെ നിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വാണിജ്യ കെട്ടിടമായതിനാല്‍ സംസ്ഥാന അതോറിറ്റിയാണ് അപേക്ഷ പരിഗണിച്ചത്. അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ നിര്‍മാണം തുടരാന്‍ പിന്നീട് കോര്‍പറേഷനും അനുമതി നല്കി. ഇതോടെ വിവാദത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച ജോലികള്‍ വീണ്ടും പുനരാരംഭിച്ചു.
അതേസമയം സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരന് വേണ്ടി കോഴിക്കോട് കോര്‍പ്പറേഷനും വഴിവിട്ട് സഹായങ്ങള്‍ നല്‍കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഷംസീറിന്റെ സഹോദരന് ഷാഹിര്‍ കരാര്‍ ഏറ്റെടുത്ത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക വാങ്ങിയില്ലെന്നാണ് പരാതി.
കോഴിക്കോട് നഗരസഭയിലെ ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുള്ള കരാറെടുത്തത് ഷാഹിറാണ്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഷാഹിര്‍ ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ല, പകരം ചെക്കാണ് നല്‍കിയത്. ഈ ചെക്ക് ഹാജരാക്കിയപ്പോള്‍ മടങ്ങിയെങ്കിലും നിയമ നടപടി സ്വീകരിച്ചില്ല. എ.എന്‍. ഷംസീറിന്റെ സഹോദരനെന്ന പരിഗണനയില്‍ നടപടികള്‍ ഒഴിവാക്കിയെന്നും ആരോപണങ്ങളില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: