ദോഹ: എതിര്‍താരങ്ങള്‍ക്ക് പന്ത് വിട്ടുനല്‍കാതെ നിയന്ത്രിച്ച്, കുറിയ പാസുകളുമായി, സൗന്ദര്യമുള്ള ഫുട്ബോളിലൂടെ കളം നിറയുന്ന, ടിക്കി ടാക്ക ശൈലിയുമായെത്തിയ സ്പെയ്ന്‍ ഒരു കാര്യം മറന്നു. കളിച്ചതുകൊണ്ടു കാര്യമില്ല, ഗോളടിക്കണം, എന്നാലേ മുന്നേറാനാവൂയെന്ന കാര്യം. നിശ്ചിത സമയത്തും അധിക സമയത്തും ഗോളടിക്കാതെ ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോള്‍ സ്പെയ്നിനെ കണ്ണീര് കുടിപ്പിച്ച് മൊറോക്കോയുടെ തേരോട്ടം. യാസിന് ബോനുവെന്ന ഗോള്‍കീപ്പര്‍ പോസ്റ്റിനു മുന്നില്‍ വലവിരിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ സ്പെയ്നിന് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി.
ആദ്യ കളിയില്‍ കോസ്റ്ററിക്കയ്ക്കെതിരെ മാത്രമാണ് ടിക്കി ടാക്ക ഗെയിം പ്ലാന്‍ വിജയിച്ചത്. ഏഴ് ഗോളടിച്ച് ഈ ടീം ഏറെ പ്രതീക്ഷ നല്കി. തുടര്‍ന്നുള്ള കളികളിലൊക്കെ പന്തിന്മേല് നിയന്ത്രണം ഏറെക്കുറെ പൂര്‍ണമായി സ്വന്തമാക്കിയിട്ടും യുവതാരനിര ഗോളടിക്കാന്‍ മറന്നു. അതുതന്നെയാണ് മൊറോക്കോയ്ക്കെതിരായ പ്രീ ക്വാര്‍ട്ടറിലും കണ്ടത്. സ്പെയ്നിനെ വീഴ്ത്തിയതോടെ ചരത്രത്തിലാദ്യമായി മൊറോക്കോ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തുകയും ചെയ്തു.
ഷൂട്ടൗട്ടില്‍ 3-0നായിരുന്നു ആഫ്രിക്കന്‍ കരുത്തരുടെ വിജയം. സ്പെയ്ന്‍ എടുത്ത മൂന്ന് കിക്കുകളും പാഴായി. ഷൂട്ടൗട്ടില്‍ കാര്‍ലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്ക്വെറ്റ്സിന്റെ മൂന്നാം കിക്കും തടുത്തിട്ട ബോനുവാണ് മൊറോക്കോയുടെ ഹീറോ. മറ്റൊരു സ്പാനിഷ് താരം പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റില്‍ത്തട്ടി തെറിച്ചു. മൊറോക്കോയ്ക്കായി അബ്ദല്‍ഹമീദ് സബീരി, ഹാകിം സിയെച്ച്, അച്റഫ് ഹക്കിമി എന്നിവര്‍ ലക്ഷ്യം കണ്ടു. ബദിര്‍ ബെനോണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സൈമണ്‍ രക്ഷപ്പെടുത്തി. പരാജയത്തോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഷൂട്ടൗട്ടില്‍ തോല്‍ക്കുന്ന ടീമെന്ന നാണക്കേട് സ്പെയ്നിന്റെ പേരിലായി. നാലാം തവണയാണ് സ്പെയ്ന്‍ ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നത്.
പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം സ്പാനിഷ് ആധിപത്യമായിരുന്നു കളത്തില്‍. എന്നാല്‍ ശക്തമായ പ്രതിരോധം മൊറോക്കോ ഉയര്‍ത്തിയതോടെ അവരുടെ മുന്നേറ്റങ്ങളെല്ലാം ബോക്സിന് പുറത്ത് അവസാനിച്ചു.
അപൂര്‍വമായി മാത്രമാണ് സ്പാനിഷ് താരനിരക്ക് മൊറോക്കോ ബോക്സില്‍ കടക്കാനായത്. എന്നാല്‍ കളത്തില്‍ ശ്രദ്ധേയമായ നിമിഷങ്ങള്‍ സമ്മാനിച്ചത് മൊറോക്കോ.
മത്സരത്തില്‍ സ്പാനിഷ് താരം റോഡ്രി വ്യക്തിപരമായ ഒരു റിക്കാര്‍ഡ് സ്വന്തമാക്കി. 1966 മുതലിങ്ങോട്ട് ഒറ്റ ലോകകപ്പില്‍ അറനൂറിലധികം പാസ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാണ് റോഡ്രി. 2010 ലോകകപ്പില്‍ 599 പാസുകള്‍ പൂര്‍ത്തിയാക്കിയ മറ്റൊരു സ്പാനിഷ് താരം ചാവിയുടെ റിക്കാര്‍ഡാണ് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: