ന്യൂദല്‍ഹി: സ്ത്രീശാക്തീകരണം ഇന്ത്യയെ സമത്വപൂര്‍ണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വൈവിധ്യപൂര്‍ണ്ണവുമായ വളര്‍ച്ചാ പാതയിലേക്ക് നയിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.’ഇന്ത്യയിലെ ആരോഗ്യ,ശാസ്ത്ര മേഖലയില്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ത്രീകള്‍’ എന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗും യോഗത്തില്‍ സന്നിഹിതനായിരുന്നു. മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.
ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ നിര്‍ണായക പങ്കു മനസിലാക്കുന്നതിന്, ആരോഗ്യ സേവന വിതരണത്തില്‍ പ്രത്യേകിച്ച് കോവിഡ് 19 ന്റെ നിര്‍ണായക കാലഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്ന പത്തുലക്ഷം ആശാ പ്രവര്‍ത്തകരുടെ ഉദാഹരണത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. പവാര്‍ പറഞ്ഞു. ലോകാരോഗ്യ അസംബ്ലിയുടെ 75ാമത് വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്‌സ് അവാര്‍ഡ്2022 ആശ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. പുരുഷ തൊഴിലാളികള്‍ക്ക് തുല്യമായി സ്ത്രീ തൊഴിലാളികളെ കൊണ്ടുവരുന്നതിന് ശ്രമങ്ങള്‍ തുടരണമെന്ന് ഡോ. പവാര്‍ ഊന്നല്‍ നല്‍കി പറഞ്ഞു. സമഗ്രമായ വികസനത്തിന് കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
രാജ്യത്തിന്റെ മാനവ വിഭവശേഷിയുടെ നിര്‍ണായക ഘടകമാണ് സ്ത്രീകള്‍ എന്നും കാര്യക്ഷമമായി വിനിയോഗിച്ചാല്‍ അവര്‍ക്ക് നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ അടിയന്തര പണ കൈമാറ്റം പോലുള്ള നിര്‍ണായക നടപടികള്‍ ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടെന്നും ഇത് ലിംഗപരമായ ഉദ്ദേശ്യ നയത്തിന്റെ മികച്ച ഉദാഹരണമാണ് എന്നും മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് പറഞ്ഞു. ലിംഗസമത്വ രാജ്യം കെട്ടിപ്പടുക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് അടിസ്ഥാന തലത്തില്‍ നിന്ന് മുന്നേറുകയാണ്. ഗേറ്റ്‌സ് ഫൗണ്ടേഷനും ഇന്ത്യാ ഗവണ്‍മെന്റും പങ്കിട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും രാജ്യത്തെ ലിംഗസമത്വ സ്ഥിതി ഇനിയും മെച്ചപ്പെടുത്തുന്നതിനും ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: