ജഡ്ജിമാരുടെ നിയമനം അതില്‍ കോടതിക്കുള്ള റോള്‍, സര്‍ക്കാരിന്റെ പങ്ക് ഒക്കെ കുറേ നാളുകളായി ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യങ്ങളാണ്. ഇതില്‍ തങ്ങള്‍ എടുക്കുന്ന നിലപാടാണ് ആത്യന്തികം എന്നും മറ്റുമുള്ള വാദഗതികള്‍ കോടതി സ്വീകരിക്കുന്നതും ഇടക്കൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്പര ബഹുമാനവും നല്ല ധാരണയുമാണ് വേണ്ടതെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. അത് അടുത്ത ദിവസങ്ങളില്‍ രാജ്യം ചര്‍ച്ച ചെയ്തതുമാണ്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഒരു ബെഞ്ച് സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളും അതിനോട് കേന്ദ്ര നിയമ മന്ത്രി പ്രതികരിച്ചതും തന്നെയാണ് ഇപ്പോള്‍ ഇത് വീണ്ടും ഓര്‍ക്കുവാനുള്ള കാരണം; യാഥാര്‍ഥ വസ്തുതകള്‍ വിലയിരുത്തപ്പെടണമല്ലോ.
നമ്മുടെ ഭരണഘടനയനുസരിച്ച് ഹൈക്കോടതി-സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. രാഷ്ട്രപതിയുടെ കയ്യൊപ്പ് പതിയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഫയലിലാണ്. പഴയകാലത്ത് കേന്ദ്ര സര്‍ക്കാരാണ് നിയമനത്തിന് കഴിവുള്ളവരെ കണ്ടെത്തിയിരുന്നതെങ്കില്‍ കുറെ നാളായി അത് സുപ്രീം കോടതിയും ഹൈക്കോടതികളുമാണ് നിര്‍വ്വഹിക്കുന്നത്-‘കോളിജിയം’ സംവിധാനം. ജഡ്ജിമാര്‍ തന്നെ തീരുമാനിക്കുന്നു, തങ്ങളുടെ ആളുകളെ തങ്ങള്‍ നിശ്ചയിച്ചോളാം എന്ന്. അതൊരു കോടതിവിധിയിലൂടെയാണ് എന്നതുമോര്‍ക്കണം. അന്നത്തെ സര്‍ക്കാര്‍ അത് ശരിവെച്ചു, അതിന്റെ പിന്നാലെ അവര്‍ നടന്നു. സുപ്രീം കോടതി വിധി രാജ്യത്തെ നിയമം ആയതിനാല്‍ സര്‍ക്കാരുകള്‍ക്ക് അത് ശരിവെച്ചേ തീരൂ എന്ന പ്രശ്നവുമുണ്ട്. അതുകൊണ്ട് ചിലപ്പോഴൊക്കെ ഹൈക്കോടതികളും സുപ്രീം കോടതിയും, അവിടത്തെ കൊളീജിയം, ശുപാര്‍ശ ചെയ്യുന്നതൊക്കെ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്.
ജഡ്ജിമാരടങ്ങുന്ന കൊളീജിയം നടത്തുന്ന ശുപാര്‍ശകള്‍ മുഴുവന്‍ അപകടകരമാണ് എന്നൊന്നും ചിന്തിച്ചുകൂടാ, പറഞ്ഞും കൂടാ. എന്നാല്‍ കൊളീജിയം അവരുടെ മുന്നിലെത്തുന്ന ഒരാളെ നിര്‍ദ്ദേശിക്കുന്നു. അതിനുള്ള മാനദണ്ഡങ്ങള്‍ എന്തെന്നൊന്നും പുറംലോകം അറിയണമെന്നുമില്ല. വ്യക്തികളെക്കുറിച്ച് അതിലേറെ അന്വേഷണത്തിന് കോടതിക്ക് സംവിധാനങ്ങളുമില്ലല്ലോ. ഇവിടെ ഒരു കാര്യമുള്ളത്, ഇത്തരം വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രതയും ശ്രദ്ധയും കാണിക്കണമെന്ന് ഇതുസംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ കോടതികള്‍ക്കുള്ള പരിമിതികള്‍ കണ്ടുകൊണ്ടു തന്നെയാവണം അത്തരമൊരു സംവിധാനം വേണമെന്ന് കോടതി അന്ന് പറയാന്‍ തയ്യാറായത്. ഇനി അതില്ലെങ്കിലും ജഡ്ജി നിയമനത്തിനായി ഒരു ഭരണകൂടം, പ്രത്യേകിച്ചും നരേന്ദ്രമോദി സര്‍ക്കാര്‍, രാഷ്ട്രപതിക്ക് ഒരു പേര് ശുപാര്‍ശ ചെയ്യുമ്പോള്‍ അതാരാണ്, എന്താണ് ആ വ്യക്തിയുടെ ചരിത്രം, എന്താണ് അദ്ദേഹത്തിന്റെ സ്വഭാവം എന്നതൊക്കെ പരിശോധിക്കാതിരിക്കാന്‍ സാധിക്കുമോ? ജഡ്ജിമാര്‍ ഭരണഘടനാ പദവി വഹിക്കുന്നവരാണ്; അതിനനുസൃതമായ നിലവാരം, ആത്മാര്‍ഥത, രാജ്യത്തോടുള്ള പ്രതിബദ്ധത, സത്യസന്ധത ഒക്കെയുണ്ടോ എന്ന് പരിശോധിക്കാതിരിക്കാന്‍ ഒരു സര്‍ക്കാരിന് കഴിയില്ലല്ലോ. ഇതൊക്കെ ജഡ്ജിമാരടങ്ങുന്ന കൊളീജിയം പരിശോധിക്കുന്നില്ല എന്നല്ല അതിനര്‍ഥം. എന്നാല്‍ അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കുറെ പരിമിതികളുണ്ട്. എന്നാല്‍ ഒരു രാജ്യത്തെ സര്‍ക്കാരിന് അതിനാവശ്യമായ സംവിധാനങ്ങളുണ്ട്, അന്വേഷണ രീതികളുണ്ട്.
മോദിയുടെ നിലപാട്
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതലാണ് ജഡ്ജി നിയമനത്തില്‍ കാലതാമസം ഉണ്ടാവുന്നു എന്നുള്ള ആക്ഷേപം വലിയതോതില്‍ ഉയര്‍ന്നുവരുന്നത്. ചില ഫയലുകള്‍ മുന്നോട്ട് നീങ്ങുന്നില്ല എന്ന് പരസ്യമായി ആക്ഷേപിക്കുന്നു. ബെഞ്ചിലിരുന്നുകൊണ്ടുള്ള വെറും പരാമര്‍ശങ്ങള്‍ക്ക് ഒരു നിയമ സാധുതയുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതില്‍ ഭൂരിഭാഗവും വിധിന്യായത്തിലുണ്ടാവാറുമില്ല. എന്നാല്‍ ചാനലുകള്‍ക്ക് ‘ബ്രേക്കിംഗ് ന്യൂസ്’ സൃഷ്ടിക്കാന്‍ അത് സഹായകരമാവാറുമുണ്ട്. ‘കോടതി, ജഡ്ജിമാര്‍ കേന്ദ്രത്തെ മുട്ടിലിഴയിച്ചു’ എന്ന് ഒരു വാര്‍ത്ത വന്നാല്‍ അതില്‍ ആവേശം കൊള്ളുന്ന ന്യായാധിപന്മാരുണ്ട് എന്നൊന്നും കരുതുന്നില്ല. എന്നാല്‍ അത്തരം വെറും പരാമര്‍ശങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്ന പ്രതീതി അഥവാ ദുഷ്കീര്‍ത്തി ജുഡിഷ്യറിക്കും ഭരണകൂടത്തിനും ഗുണമല്ലല്ലോ ചെയ്യുന്നത്. അങ്ങിനെയൊക്കെ സംഭവിക്കുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാവാന്‍ ചില പരാമര്‍ശങ്ങള്‍ ഇടയാക്കുന്നു എന്നതാണ് പലര്‍ക്കും തോന്നുന്നത്. കഴിഞ്ഞദിവസം കേന്ദ്ര നിയമമന്ത്രി വിരല്‍ ചൂണ്ടിയതും അതിലേക്കാണല്ലോ. അങ്ങിനെ പരസ്പരം പഴിചാരിക്കൊണ്ട് അല്ലെങ്കില്‍ അവിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടവരല്ല ഭരണകൂടത്തിനും ജുഡീഷ്യറിക്കും നേതൃത്വമേകുന്നത്. ഓരോ കാര്യത്തിലും ജുഡീഷ്യറിക്കും സര്‍ക്കാരിനും എന്താണ് ചെയ്യാനുള്ളത് എന്നുള്ള ബോധം ഉണ്ടാവുകയും വേണമല്ലോ. വിവിധ ആവശ്യങ്ങളുന്നയിച്ച് ഹര്‍ജികള്‍ വിവിധ കോടതിയിലെത്തിയേക്കാം. ഹര്‍ജികള്‍ക്ക് പിന്നില്‍ പലേ താല്പര്യക്കാരുമുണ്ടാവുന്നത് സ്വാഭാവികവും. എന്നാല്‍ സൂര്യന് കീഴെയുള്ള എല്ലാ കാര്യത്തിലും അന്തിമ തീര്‍പ്പ് കല്പിക്കേണ്ടത് ജഡ്ജിമാരല്ല എന്ന ബോധ്യം ഈ ഹര്‍ജിക്കാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാവാനിടയുമുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തി പ്രശ്നത്തില്‍, രാജ്യ സുരക്ഷാ വിഷയത്തില്‍ ഒക്കെ കോടതിക്ക് എന്ത് ചെയ്യാനാവും? അതുപോലെ പല വിഷയങ്ങളിലും പരിമിതികളുണ്ട്, എല്ലാവര്ക്കും. അത് ബന്ധപ്പെട്ട എല്ലാവരും തിരിച്ചറിയേണ്ടതുമുണ്ടല്ലോ.
ജഡ്ജി നിയമനത്തില്‍ കാലതാമസം ഉണ്ടാവുന്നു എന്ന് ആക്ഷേപിക്കുമ്പോള്‍ തന്നെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്ത് നിയമിക്കപ്പെട്ടത് 153 ഹൈക്കോടതി ജഡ്ജിമാരാണ് എന്നത് വിസ്മരിച്ചുകൂടാ. ഏതാനും ദിവസം മുമ്പത്തെ കണക്കാണിത്. മോദി സര്‍ക്കാരിന്റെ കാലത്ത്, 2014 മുതല്‍ ഇതുവരെ, ഏതാണ്ട് 750-ഓളം ഹൈക്കോടതി ജഡ്ജിമാരെ നിയമിച്ചു. കുറെയേറെ സുപ്രീംകോടതി ജഡ്ജിമാരും ഇക്കാലത്ത് നിയമിതരായിട്ടുണ്ടല്ലോ. 2018 മുതല്‍ 2020 വരെ സുപ്രീം കോടതിയില്‍ നിയമനത്തിനായി കൊളീജിയം ശുപാര്‍ശ ചെയത എല്ലാ നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തൊന്നും ഇത്രത്തോളം ജഡ്ജി നിയമനം നടന്നിരിക്കാനിടയില്ല എന്ന പരാമര്‍ശവും ഇതിനിടയില്‍ കണ്ടു. ജഡ്ജി നിയമനത്തില്‍ മുട്ടാപ്പോക്ക് നയമല്ല മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. കൊളീജിയം നടത്തുന്ന ശുപാര്ശകള്ക്കനുസൃതമായാണല്ലോ ഈ മുഴുവന്‍ ജഡ്ജിമാരെയും നിയമിച്ചത്.
എന്നാല്‍ ഒരു ലിസ്റ്റില്‍ അനവധി പേരുണ്ടാവുമ്പോള് ചിലരുടെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവണമെന്നില്ല. പക്ഷെ, ചിലരുടെ കാര്യത്തില്‍ സര്‍ക്കാരിന് അവരുടേതായ പ്രയാസങ്ങളുണ്ടായാല്‍, അല്ലെങ്കില്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ അതിന് യോഗ്യരാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായാല്‍? സര്‍ക്കാര്‍ അതിലേക്ക് എത്തിച്ചേരുന്നത് വെറും ഊഹാപോഹത്തിന്റെ വെളിച്ചത്തിലല്ല എന്നതുമോര്‍ക്കേണ്ടതുണ്ട്. ഒരു ശുപാര്‍ശ കൊളീജിയത്തില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ചാല്‍ ആ വ്യക്തിയെക്കുറിച്ച് അല്ലെങ്കില്‍ ആളുകളെക്കുറിച്ച് അന്വേഷണം നടത്തുന്ന സമ്പ്രദായം കേന്ദ്ര സര്‍ക്കാരിനുണ്ടല്ലോ. അതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഭരണകൂടത്തിനുണ്ട്. അപ്പോള്‍ ദോഷകരമായ അഥവാ ‘നെഗറ്റീവ്’ ആയിട്ടുള്ള വിവരം സര്‍ക്കാരിന് ലഭിച്ചാല്‍, നിര്ദ്ദേശിക്കപ്പെട്ടയാളെക്കുറിച്ച്, സ്വാഭാവികമായും സമഗ്രമായി പഠിക്കേണ്ടിവരും. സാധാരണ നിലയ്ക്ക് തന്നെ ഇത്തരം കാര്യങ്ങളില്‍ സമയമേറെയെടുക്കും. വഴിപോക്കരുടെ അഭിപ്രായമല്ല കേന്ദ്രഏജന്‍സികള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ആധാരമാക്കാറുള്ളത്. അതില്‍ ചില നിഷ്കര്‍ഷകളുണ്ട് എന്നര്‍ത്ഥം. അത് സമയമെടുക്കുന്ന പ്രക്രിയയുമായേക്കാം. ഇത്തരം അന്വേഷണങ്ങളില്‍ ലഭിക്കുന്ന വിവരങ്ങള്‍ സ്വാഭാവികമായും സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറുന്ന പതിവുമുണ്ട്. എന്താണ് ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ഉള്ള പ്രശ്നം, എന്താണ് സര്‍ക്കാരിനുള്ള വിഷമം എന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ‘കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ അടയിരിക്കുന്നു’ എന്നൊക്കെ ചിലപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കേണ്ടത്, ന്യായാധിപന്മാര്ക്ക് മുന്നിലേക്ക് ആ കാര്യങ്ങളെത്തുന്നുണ്ട് എന്നതാണ്. ‘ജഡ്ജി നിയമനത്തില്‍ വേണ്ടത്ര ശ്രദ്ധയും ഗൗരവവും സര്‍ക്കാരെടുക്കണം’ എന്ന സുപ്രീം കോടതിയുടെ തന്നെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നതും ഓര്‍ക്കുക. ഒരു പക്ഷെ ആ ഫയലുകള്‍ അവിടേക്ക് എത്താന്‍ ചില വേളകളില്‍ കാലതാമസമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം ആ പ്രശ്നം അത്രത്തോളം സങ്കീര്‍ണ്ണമാണ് എന്നതുകൊണ്ടുമാവണം എന്നതാണ് പുറമെനിന്ന് ചിന്തിക്കുന്ന ഒരാള്‍ എന്ന നിലക്ക് കരുതാനാവുക.
സര്‍ക്കാരിന് ലഭിച്ച വിവരങ്ങള്‍ അവര്‍ പരമരഹസ്യമായാണ് സൂക്ഷിക്കുന്നത്. അത് പുറത്തുപോകാറില്ല. കൊളീജിയത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനമുയരുമ്പോള്‍ പോലും എന്തുകൊണ്ടാണ് നിയമനം വൈകിയത്, അല്ലെങ്കില്‍ നിയമനം നടത്താന്‍ പറ്റാത്തത്, എന്താണ് ആ വ്യക്തിക്കുള്ള പ്രശ്നം എന്നത് സര്‍ക്കാര്‍ പുറത്തുപറയാറുമില്ല. അതും കോടതി ശ്രദ്ധിക്കേണ്ടതല്ലേ. അത് പുറത്തുപോയാല്‍ ബാധിക്കുക കൊളീജിയത്തിന്റെ കൂടി വിശ്വാസ്യതയെ ആവുമെന്ന ബോധ്യം സര്‍ക്കാരിനുണ്ടെന്നാണ് കരുതേണ്ടത്.
ഇവിടെ ഒന്നിച്ചുനിന്നേതീരൂ
സര്‍ക്കാരും ജുഡീഷ്യറിയും ഒരേ മനസോടെ ചിന്തിച്ചു നീങ്ങിയാലേ പ്രശ്നം പരിഹൃതമാവു. അല്ലെങ്കില്‍ സൗമ്യമായി പരിഹരിക്കാനാവൂ. രണ്ടും നമ്മുടെ ഭരണഘടനയുടെ പ്രധാന തൂണുകളാണല്ലോ. തെറ്റിദ്ധാരണകളോടെ, സംശയത്തോടെ പെരുമാറുന്നത്, സംസാരിക്കുന്നതു പോലും, ഒഴിവാക്കേണ്ടതുണ്ട് എന്നതില്‍ ആര്‍ക്കെങ്കിലും രണ്ടഭിപ്രായം ഉണ്ടാവുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ നിര്‍ദ്ദേശിച്ചവരെ മുഴുവന്‍ ഉടനെ നിയമിക്കണം എന്ന് പറയുന്നത് ശരിയല്ലെന്ന് അറിയേണ്ടതുണ്ട്. അതേസമയം തടസങ്ങള്‍ ഇല്ലാതെ ഈ പ്രക്രിയ നടക്കുന്നതിന് സര്‍ക്കാരും ശ്രദ്ധിക്കണം. നൂറു കണക്കിന് നിയമനങ്ങള്‍ നടന്നു എന്നതിരിക്കെ ഭരണകൂടം അനാവശ്യമായ തടസ്സവാദങ്ങള്‍ ഉയര്‍ത്തുന്നു എന്ന് കരുതാനാവുമോ, അറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: