ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വേകുന്ന അതിനൂതനമായ തീരുമാനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി എടുക്കുന്നത്. നോട്ടുനിരോധനം മുതല്‍ ഇങ്ങോട്ട് രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കുന്ന നിരവധി തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയുണ്ടായി. അഴിമതിയും സാമ്പത്തിക തിരിമറികളുമൊക്കെ നടത്തി അവിഹിതമായ നേട്ടങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ എതിര്‍പ്പുകളുയര്‍ത്തിയെങ്കിലും അതിനെ മറികടന്നും പുതിയ സങ്കേതങ്ങളിലൂടെ പുത്തന്‍ സാമ്പത്തിക വിനിമയ രീതികള്‍ ആവിഷ്കരിച്ച് ജനങ്ങളെ ഒന്നടങ്കം ശാക്തീകരിച്ച് മുന്നേറുന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇ-രൂപയുടെ വിനിമയത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 2022-23 സാമ്പത്തികവര്‍ഷത്തെ പൊതുബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച നിര്‍ദ്ദേശം യഥാസമയം പ്രാവര്ത്തികമാക്കിയിരിക്കുന്നതില് സര്‍ക്കാരിന് അഭിമാനിക്കാം. ഇപ്പോള്‍തന്നെ ലോകത്ത് അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. 2021-22 ല്‍ 88 ബില്യണിലധികം ഡിജിറ്റല്‍ പേയ്മെന്റുകള്‍ രാജ്യം നടത്തിയിരിക്കുന്നു എന്നതില്‍നിന്നുതന്നെ ഇത് വ്യക്തമാണ്. ഇന്ത്യക്കാര്‍ ഇപ്പോള്‍ പ്രതിദിനം 28 കോടിയിലേറെ രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
റിസര്‍വ് ബാങ്ക് സാമ്പത്തിക വിനിമയത്തിന് ഇ-രൂപ ആരംഭിച്ചതോടെ ഇത്തരം സംരംഭം സ്വീകരിച്ച ലോകത്തെ ചുരുക്കം സെന്‍ട്രല്‍ ബാങ്കുകളില്‍ ഒന്നായി ആര്‍ബിഐ മാറിയിരിക്കുകയാണ്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഗവണ്മെന്റ് സെക്യൂരിറ്റികളുടെ സെറ്റില്മെന്റിനായാണ് ഇത് ഉപയോഗിക്കുക. ഇതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ വലിയ തുകയുടെ ഇടപാടുകള്‍ക്കും രാജ്യാന്തര ഇടപാടുകള്‍ക്കുള്ള പദ്ധതികളും ഏറ്റെടുക്കും. ഡിജിറ്റല്‍ ഇ-രൂപ ഇപ്പോള്‍ ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാധാരണ രൂപയില്‍നിന്ന് വ്യത്യസ്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാധാരണ രൂപ സര്‍ക്കാര്‍ അച്ചടിക്കുകയും ഉപയോക്താക്കള്‍ കൈവശം സൂക്ഷിക്കുകയും വേണം. ഇ-രൂപ പ്രചാരത്തില്‍ കൊണ്ടുവരുന്നതിന്റെ നേട്ടം പലതാണ്. ഇതിലൊന്ന് സഹസ്രകോടികള്‍ ചെലവഴിച്ച് കറന്‍സി അച്ചടിക്കേണ്ടതില്ല എന്നതാണ്. വര്‍ഷംതോറും 5000 കോടി രൂപയാണ് ഇന്ത്യ ഇതിനായി ചെലവഴിക്കുന്നത് എന്നോര്‍ക്കുക. ഇ-രൂപ പ്രാബല്യത്തില്‍ വരുന്നതോടെ ഇത്രയും തുക നമുക്ക് ലാഭിക്കാനാവും എന്നത് ചെറിയ കാര്യമല്ല. ഇപ്പോള്‍ ബഹുഭൂരിപക്ഷം പേരും നടത്തുന്ന യുപിഐ ഇടപാടുകള്‍ക്ക് പണം ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടതുണ്ട്. അതേസമയം ഇ-രൂപ അച്ചടിക്കേണ്ടതില്ല. കേടാകാനുള്ള സാധ്യതയുമില്ല. ഇ-വാലറ്റില്‍ സൂക്ഷിക്കാമെന്ന സൗകര്യവുമുണ്ട്. സാധാരണ രൂപ പേഴ്സില്‍ സൂക്ഷിച്ചുവയ്ക്കുന്നതുപോലെ ഇ-വാലറ്റില്‍ സൂക്ഷിക്കാം.
ആദ്യഘട്ടത്തില്‍ മുംബൈ, ദല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലെ തെരഞ്ഞെടുത്ത കച്ചവട സ്ഥാപനങ്ങളിലും വ്യക്തികളിലുമായി ചില ബാങ്കുകളാവും ഇ-രൂപ വിനിമയം പരീക്ഷിക്കുക. രണ്ടാംഘട്ടത്തില്‍ കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നത് മലയാളികള്‍ക്ക് ഒരു സദ്വാര്‍ത്തയാണ്. മൊത്തവ്യാപാരത്തിനും ചില്ലറ മേഖലയിലും വ്യത്യസ്ത കറന്‍സികള്‍ ആയിരിക്കും. പേപ്പര്‍ കറന്‍സി പോക്കറ്റിലും മറ്റും സൂക്ഷിക്കുമ്പോള്‍ ഇ-രൂപ വാലറ്റിലായിരിക്കും. ഒറ്റയടിക്ക് വിശദീകരിക്കാനാവാത്തവിധം വിപുലമാണ് ഇതിന്റെ പ്രയോജനങ്ങള്‍. ഇപ്പോഴത്തെ നിലയ്ക്ക് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പൊതുവായ കാര്യങ്ങളുണ്ട്. സാധാരണ രൂപയുടെ ഡിജിറ്റല്‍ രൂപമായിരിക്കും ഇ-രൂപ. അപകടസാധ്യത കുറവായിരിക്കും. സാധാരണ രൂപയുമായി കൈമാറ്റം ചെയ്യാം. വ്യാജകറന്‍സി എന്നത് എന്നന്നേക്കുമായി ഇല്ലാതാവും. സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക മുഴുവന്‍ യഥാര്‍ത്ഥ ഉപഭോക്താവിനുതന്നെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ കഴിയും. ഒരു രൂപ ചെലവഴിക്കുമ്പോള്‍ 15 പൈസ മാത്രം പൗരന് ലഭിക്കുന്ന അഴിമതിക്ക് അറുതിവരുത്താന്‍ കഴിയും. ആഗോള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം രൂപീകരിക്കാന്‍ വഴിയൊരുക്കും. ചുരുക്കത്തില്‍ പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമായി സാമ്പത്തിക വിനിമയങ്ങളില്‍ നേരിടുന്ന പല പ്രശ്നങ്ങളും ഇ-രൂപയിലൂടെ പരിഹരിക്കപ്പെടും. സുതാര്യവും കാര്യക്ഷമവുമായ ഒരു സമ്പദ്വ്യവസ്ഥ ഉയര്‍ന്നുവരും. ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണം ചെയ്യുന്നതാണെങ്കിലും ഇ-രൂപയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്ഥാപിതശക്തികള്‍ നടത്തും. ഇത് ഒഴിവാക്കാന്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ മുന്കയ്യെടുത്തുതന്നെ വ്യാപകമായ ബോധവല്‍ക്കരണം നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: