ദോഹ: അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നിലവിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിന്റെ കണ്ണീര്. ഗ്രൂപ്പ് എഫിലെ അവസാന കളിയില്‍ ക്രൊയേഷ്യയോട് സമനില പാലിച്ചതോടെ ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്ത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ നോക്കൗട്ടില്‍.
കാനഡക്കെതിരെ ജയം നേടിയ അതേ ടീമിനെ ക്രൊയേഷ്യ നിലനിര്‍ത്തിയപ്പോള്‍ ബെല്‍ജിയം ടീമില്‍ നാല് മാറ്റങ്ങളുണ്ടായി. നായകന് ഈഡന് ഹസാര്‍ഡും സഹോദരന് തോര്‍ഗന്‍ ഹസാര്‍ഡും പകരക്കാരുടെ ബെഞ്ചിലായി. പ്രീക്വാര്‍ട്ടറിലേക്കു മുന്നേറാന്‍ വിജയം അനിവാര്യമായിരുന്ന ബെല്‍ജിയം അതിനൊത്ത പ്രകടനം പുറത്തെടുത്തത് രണ്ടാം പകുതിയില്‍ മാത്രം. ആദ്യ പകുതിയില്‍ ലക്ഷ്യബോധമില്ലാതെ കളിച്ച ബെല്‍ജിയം, രണ്ടാം പകുതിയില്‍ റൊമേലു ലുക്കാകു ഉള്‍പ്പെടെയുള്ളവര്‍ കളത്തിലെത്തിയതോടെ ഉഷാറായി. പക്ഷേ പോസ്റ്റിനു മുന്നില്‍ ലഭിച്ച സുവര്ണാവസരങ്ങള് ലുക്കാകു അവിശ്വസനീയമായി നഷ്ടമാക്കിയത് ബെല്‍ജിയത്തിന് തിരിച്ചടിയായി. ലുക്കാകുവിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചതും അവരുടെ ദിനമല്ലെന്ന് ഉറപ്പിച്ചു.
കളിയുടെ തുടക്കത്തില്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ ഇരു ടീമുകളും ശ്രദ്ധിച്ചാണ് കളിച്ചത്. എങ്കിലും ആദ്യ പകുതിയില്‍ ക്രൊയേഷ്യക്കായിരുന്നു മുന്‍തൂക്കം. മികച്ച മുന്നേറ്റങ്ങളുമായി മോഡ്രിച്ചും ക്രമാരിച്ചും പെരിസിച്ചും ഉള്‍പ്പെട്ട താരനിര പല തവണ ബെല്‍ജിയം ഗോള്‍ മുഖത്ത് പന്തെത്തിച്ചെങ്കിലും പ്രതിരോധത്തില്‍ത്തട്ടി അവയെല്ലാം വിഫലമായി. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ ക്രൊയേഷ്യക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ക്രൊയേഷ്യയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്തത് ലൂക്ക മോഡ്രിച്ച്. ബോക്സിലേക്കെത്തിയ പന്തിനായുള്ള പോരാട്ടത്തിനിടെ ക്രമാരിച്ചിനെ കാരസ്കോ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ക്രൊയേഷ്യയ്ക്കായി മോഡ്രിച്ച് പെനാല്‍റ്റി എടുക്കാന്‍ തയാറായി നില്‍ക്കെ ‘വാര്’ ഇടപെട്ടു. റഫറിയുടെ പരിശോധനയില്‍ ഫ്രീകിക്കെടുക്കുമ്പോള്‍ ലോവ്റെന് ചെറിയ തോതില്‍ ഓഫ്സൈഡായിരുന്നുവെന്ന് വ്യക്തമായതോടെ പെനല്‍റ്റി നിഷേധിക്കപ്പെട്ടു. മോഡ്രിച്ചും സംഘവും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. കളി അവസാന മിനിറ്റുകളിലേക്ക് കടന്നപ്പോള്‍ ഈഡന് ഹസാര്‍ഡും കളത്തിലെത്തിയെങ്കിലും ക്രൊയേഷ്യന്‍ ഗോളിയും പോസ്റ്റും ബെല്‍ജിയത്തിന് മുന്നില്‍ വിലങ്ങുതടിയായതോടെ ബെല്‍ജിയത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ സ്വപ്നം പൊലിഞ്ഞു.
അതേസമയം, അല്‍തുമാമ സ്റ്റേഡിയത്തില്‍ ആരാധകരെ ത്രസിപ്പിച്ച് മൊറോക്കോയുടെ മാര്‍ച്ച്. ഒന്നിനെതിരെ രണ്ടു ഗോളിന് കാനഡയെ കീഴടക്കി മൊറോക്കോ ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍. ജേതാക്കള്‍ക്കായി ഹകിം സിയെച്ചും യൂസഫ് എന്‍ നെസ്രിയും ഗോള്‍ നേടിയപ്പോള്‍, നയെഫ് അഗ്വേഡിന്റെ സെല്‍ഫ് ഗോള്‍ കാനഡയുടെ ആശ്വാസം. ഗ്രൂപ്പ് എഫില്‍ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് മൊറോക്കോയുടെ മുന്നേറ്റം. ആദ്യ കളിയില്‍ ക്രൊയേഷ്യയെ തളച്ചും രണ്ടാമത്തേതില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചുമാണ് ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന മൊറോക്കോയുടെ നോക്കൗട്ട് പ്രവേശനം.
കളി തുടങ്ങി നാലാം മിനിറ്റില്‍ മൊറോക്കോ മുന്നിലെത്തി. കാനഡ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്താണ് ഹകിം സിയെച്ച് ഗോള്‍ നേടിയത്. ബോക്സിനു സമീപം വച്ച് കിട്ടിയ പന്ത് ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ വലയില്‍ നിക്ഷേപിക്കുകയായിരുന്നു. വീണ്ടും ആക്രമണം തുടര്‍ന്ന ആഫ്രിക്കന്‍ ടീം 23-ാം മിനിറ്റില്‍ ലീഡുയര്‍ത്തി. കനേഡിയന്‍ പ്രതിരോധം പിളര്‍ത്തി അച്രഫ് ഹാകിമി നല്കിയ പാസ് യൂസഫ് എന്‍ നെസ്രി ലക്ഷ്യത്തിലെത്തിച്ചു.
ഇതിനിടെ, ആക്രമണങ്ങള്‍ സംഘടിപ്പിച്ച കാനഡയ്ക്ക് അതിനു ഫലം ലഭിച്ചു. 40-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ഒരെണ്ണം മടക്കി. മൊറോക്കോ ഭാഗത്ത് ചെലുത്തിയ സമ്മര്‍ദത്തിനൊടുവില്‍ അഡെകുഗ്ബെ ബോക്സിനു സമാന്തരമായി ക്രോസ് ചെയ്തത് കാനഡയുടെ നയെഫ് അഗ്വേഡിന് തിരിച്ചുവിടാനായില്ല. താരത്തിന്റെ കാലില്‍ത്തട്ടി പോസ്റ്റിലേക്ക് നീങ്ങിയ പന്ത് തട്ടിയകറ്റാന്‍ ഗോളി ശ്രമിച്ചെങ്കിലും സാധിച്ചില്ല. 1986നു ശേഷം ആദ്യമായാണ് മൊറോക്കോ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: