കൊല്ലം: കണ്ണിന് നല്ല കാഴ്ചയില്ലെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് റെഡി. ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ അലട്ടിയാലും ലൈസന്‍സ് കിട്ടാന്‍ ഒരു പ്രയാസവുമില്ല. പുതുക്കാനാണെങ്കില്‍, പഴയ ലൈസന്‍സും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈനിറയെ പണവുമുണ്ടായാല്‍ മതി.
ഏജന്റുമാരെ പണമേല്‍പ്പിച്ച് കണ്ണുപരിശോധനയുടെ വ്യാജ റിപ്പോര്‍ട്ടും കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാക്കി ഡ്രൈവിംഗ് ലൈസന്‍സ് സംഘടിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. സ്വകാര്യ ഡോക്ടര്‍മാരുടെ സഹായത്തോടെയാണിതെന്ന് ആര്‍ടിഒമാര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അമ്പത് വയസ് കഴിഞ്ഞവര്‍ക്കും ബാഡ്ജിന് അപേക്ഷിക്കുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധനമാണ്. പുതിയ ലൈസന്‍സിനും പുതുക്കലിനുമായി കൊല്ലം ആര്‍ടി ഓഫീസില്‍ ദിനംപ്രതി മുന്നൂറോളം അപേക്ഷകളാണ് എത്തുന്നത്. ഇതില്‍ നൂറും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെയാണ് നേടുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ചില സര്‍ട്ടിഫിക്കറ്റ് ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിവായത്.
വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ഇതിനകം എത്രപേര്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്നതിന് ഒരു കണക്കുമില്ല. അപേക്ഷകന്റെ നിഴല്‍പോലും കാണാതെ തയാറാക്കുന്ന ഈ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെ വന്‍തുകയാണ് ഏജന്റുമാരും ചില ഡോക്ടര്‍മാരും നേടുന്നത്. ഡോക്ടര്‍ക്ക് ഏജന്റ് മാസംതോറുമാണ് പണം നല്‍കുക. ഡോക്ടര്‍മാര്‍ക്ക് നല്‍കാനുള്ള ഫീസടക്കം ലൈസന്‍സിന് 1500 രൂപ മുതല്‍ 3000 രൂപവരെ ഏജന്റുമാര്‍ വാങ്ങുന്നുണ്ടെന്നാണ് സൂചന. കൊല്ലം ആര്‍ടി ഓഫീസ് ചുറ്റിപ്പറ്റി നാല്‍പ്പതോളം ഏജന്റുമാരുണ്ട്. ഗുരുതരമായ കാഴ്ച വൈകല്യങ്ങളുള്ളവര്‍, അപസ്മാരരോഗികള്‍ എന്നിവര്‍ക്ക് ലൈസന്‍സ് കിട്ടാന്‍ പ്രയാസമാണ്. കണ്ണട വച്ചാലും 6/6 കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ലൈസന്‍സ് കിട്ടില്ല. കോങ്കണ്ണ്, വര്‍ണാന്ധത, നിശാന്ധത എന്നിവയുണ്ടോ എന്നൊക്കെ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അതുപോലെതന്നെയാണ് മറ്റ് രോഗമുള്ളവരുടെ കാര്യത്തിലും. അപേക്ഷകനെ നേരിട്ട് പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത്. അല്ലെങ്കില്‍, വണ്ടിയോടിച്ച് ഇവര്‍ സ്വയം അപകടത്തില്‍പ്പെടുമെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കും.
ശിക്ഷ ഏഴുവര്‍ഷംവരെ
ഡ്രൈവിംഗ് ലൈസന്‍സിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് പിടികൂടിയാല്‍ വ്യാജരേഖ ചമച്ചതിന് ഏഴുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. ലൈസന്‍സിന് അപേക്ഷിച്ചയാള്‍ മാത്രമല്ല, അതുണ്ടാക്കിക്കൊടുത്ത ഏജന്റും ഡോക്ടറും പിടിയിലാകും. അതിനിടെ, വ്യാജ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പുതന്നെ മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് നല്കാന് ആലോചിക്കുന്നുണ്ട്. ഒരു ചെറിയ ഫീസ് ഈടാക്കി ഡോക്ടര്‍മാരുടെ സേവനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ആര്‍ടി ഓഫീസിനോടനുബന്ധിച്ചായിരിക്കും ഡോക്ടര്‍മാരുടെ സേവനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: