ഇരിട്ടി: ആറളം ഫാമില്‍ പട്ടയം നല്‍കിയിട്ടും ഇതുവരെ താമസക്കാത്തവരുടെ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിയുമായി ജില്ലാഭരണകൂടം. ഇതുസംബന്ധിച്ച് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് പ്രമോട്ടര്‍മാരെ വെച്ച് നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയ താമസക്കാരല്ലാത്ത 1929 പട്ടയങ്ങള്‍ റദ്ദാക്കുന്നതിനായി റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ പുനര്‍പരിശോധന ആരംഭിച്ചു.
ഫാമിലെ ഏഴ് മുതല്‍ 13 വരെയുള്ള ബ്ലോക്കുകളില്‍ പട്ടയം ലഭിച്ചിട്ടും താമസിക്കാത്തവരുടെ ഭൂമി ഏതെന്ന് നിര്‍ണ്ണയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇരിട്ടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസില്‍ദാരോട് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരിട്ടി തഹസില്‍ദാര്‍ എം. ലക്ഷ്മണന്റെ നേതൃത്വത്തില്‍ താലൂക്ക് സര്‍വ്വെയര്‍ ഉള്‍പ്പെട്ട സംഘം ഫാമില്‍ പുനപരിശോധന തുടങ്ങി. ഫാമില്‍ ഭൂരഹിതരായ 3520 കുടുംബങ്ങള്‍ക്കാണ് അഞ്ചു ഘട്ടങ്ങളിലായി ഒരേക്കര്‍ ഭൂമിവീതം അനുവദിച്ചത്. ഇതില്‍ 1300-ല്‍താഴെ കുടുംബങ്ങള്‍ മാത്രമാണ് ഫാമിനുള്ളില്‍ വീടുവെച്ച് കഴിയുന്നത്.
1650തോളം പേര്‍ക്ക് വീടുവെക്കാന്‍ പണം അനുവദിച്ചിട്ടുണ്ടെങ്കിലും വീടുവെച്ച 400ഓളം കുടുംബങ്ങള്‍ കാട്ടാന ഭീഷണിമൂലം വീട് ഉപേക്ഷിച്ച് പോവുകയയിരുന്നു. വയനാട് ജില്ലയില്‍ നിന്നുള്ള 450 കുടുംബങ്ങള്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ 50-ല്‍താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഫാമില്‍ താമസിക്കുന്നത്. അനാഥമായിക്കിടക്കുന്ന ഇത്തരം ഭൂമി മുഴുവന്‍ കാടുമൂടിക്കിടക്കുകയാണ്. ഇവിടങ്ങളിലാണ് കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും അവരുടെ താവളമാക്കി മാറ്റിയിരിക്കുന്നത്.
ഇതുകൂടാതെ പുനരധിവാസമേഖലയില്‍ 225 കുടുംബങ്ങള്‍ ഭൂമി കൈയേറി കുടില്‍ കെട്ടി താമസിക്കുന്നുണ്ട്. നേരത്തെ അനുവദിച്ച പട്ടയങ്ങള്‍ പരസ്പരംവെച്ച് മാറി വീടുവെച്ച് കഴിയുന്നവരും ഇവിടെ ഉണ്ട്. ഇത്തരം പട്ടയങ്ങള്‍ എല്ലാം നിയമവിധേയമാക്കി നല്‍കുന്നതിനും റവന്യു വകുപ്പിന്റെ പുനര്പരിശോധനകൊണ്ട് ലക്ഷ്യമിടുന്നുണ്ട്.
പുനരധിവാസമേഖലയില്‍ അടുത്തഘട്ട ഭൂമി വിതരണത്തിനായി കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള ഭൂരഹിതരായ അദിവാസി കുടുംബങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. ഫാമില്‍ താമസിക്കാത്തവരുടെ പട്ടയം റദ്ദാക്കി പുതിയ അപേക്ഷകര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പട്ടയക്കാര്‍ക്ക് ഭൂമി തിരിച്ചുപിടിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അനുവദിച്ച പട്ടയം റദ്ദാക്കിക്കൊണ്ടുള്ള നടപടി സ്വീകരിക്കുക.
പുനര്‍പരിശോധനാ സംഘത്തില്‍ തഹസില്‍ദാര്‍ക്ക് പുറമെ താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് പി.വി. ഷൈജ, താലൂക്ക് സര്‍വ്വെയര്‍ രവീന്ദ്രന് കണ്ണോത്ത്, താലൂക്ക് ഹെഡ്ക്ലാര്ക്കുമാരായ എന്‍.എം. സുജീഷ്, ഇ.കെ. ദീപേഷ്, ഒ.ടി. പമോദ്, ആദിവാസി പുനരധിവാസ മിഷന് സൈറ്റ് മാനേജര്‍ ഷൈജു, പ്രമോട്ടര്‍മാര്‍ എന്നിവര്‍പങ്കെടുത്തു. ഒരേക്കര്‍ ഭൂമിയുടെ പട്ടയം കൈയിലുണ്ടായിട്ടും ഫാമില്‍ സ്ഥിരതാമസമാക്കാത്ത കുടുംബങ്ങളുടെ പട്ടയം റദ്ദാക്കുന്നതിനുള്ള പുനര്‍പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇരിട്ടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ എം. ലക്ഷ്മണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: