കൊല്ലം: ശശിതരൂര്‍ ഇഫക്ട് കാരണം കൊല്ലത്ത് പുതിയ ചേരി രൂപപ്പെടുന്നു. എ ഐ ഗ്രൂപ്പ് വ്യത്യാസം ഇല്ലാതെയാണ് പുതിയ ഗ്രൂപ്പിന് നീക്കം തുടങ്ങിയത്. പ്രതാപവര്‍മ്മ തമ്പാന്റെ വിയോഗത്തോടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എ ഗ്രൂപ്പ് നേതൃത്വവുമായി അകന്നു. ഇതോടെ പല തട്ടിലായ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളാണ് തരൂരിന്റെ കീഴില്‍ ഒരുമിക്കുന്നത്.
നിലവിലെ ഡിസിസി നേതൃത്വത്തിന് എതിരായ വികാരമുള്ളവരെയും ഈ കൂട്ടായ്മയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. കഴിഞ്ഞ ദിവസം ഇക്കൂട്ടര്‍ ചാത്തന്നൂരില്‍ ഒരു പ്രമുഖ ഐ ഗ്രൂപ്പ് നേതാവിന്റെ വീട്ടില്‍ ഒത്ത് ചേര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ ശശിതരൂരിനെ നേരിട്ട് കണ്ടതിന് ശേഷം ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ഇവരുടെ നീക്കം.കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്ന് കെപിസിസി അംഗങ്ങള്‍ ശശി തരൂരിന് വോട്ട് ചെയ്തിരുന്നില്ല. എങ്കിലും തരൂരിനെ അനുകൂലിക്കുന്നവര്‍ ഇപ്പോള്‍ സംഘടിതമായ നീക്കത്തിലൂടെ പുതിയ ചേരിക്ക് നീക്കം നടത്തുന്നത്.
ജില്ലയില്‍ എ ഗ്രൂപ്പിലെ ശക്തനായ നേതാവായിരുന്ന പ്രതാപവര്‍മ്മ തമ്പാന്റെ വിയോഗത്തോടെ അദ്ദേഹത്തിന് ഒപ്പം ഉറച്ചു നിന്നവര്‍ അന്‍സാര്‍ അസീസിന്റെയും സുഭാഷ് പുളിക്കലിന്റെയും നേതൃത്വത്തില്‍ ഒരുമിച്ചുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി അന്‍സാര്‍ അസീസ് അടുത്തിടെ എ ഗ്രൂപ്പ് നേതാക്കളുടെ യോഗവും വിളിച്ചു കൂട്ടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 52 നേതാക്കളാണ് ഇതില്‍ പങ്കെടുത്തത്. മുതിര്‍ന്ന പല എ ഗ്രൂപ്പ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തതോടെ എ ഗ്രൂപ്പിന്റെ ജില്ലയിലെ പുതിയ നേതൃത്വം അന്‍സാര്‍ അസീസില്‍ കേന്ദ്രീകൃതമായി. ഇതോടെ മറുവിഭാഗം നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തി. ഇവരില്‍ കുറച്ചുപേര്‍ ചാത്തന്നൂരില്‍ ഐ ഗ്രൂപ്പ് നേതാവ് വിളിച്ചു കൂട്ടിയ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ശശി തരൂര്‍ വിവാദത്തില്‍ എ ഗ്രൂപ്പിന്റെ സംസ്ഥാന നേതൃത്വം പരസ്യമായ നിലപാട് എടുക്കാത്തതും ഈ നീക്കത്തിന് സഹായകമായി. നേരത്തേ അഡ്വ. ഷാനവാസ്ഖാനിന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും പ്രതാപവര്‍മ്മ തബാന്റെയും നേതൃത്വത്തില്‍ മൂന്ന് തട്ടിലായിരുന്ന ജില്ലയിലെ എ ഗ്രൂപ്പ് ഇപ്പോള്‍ പല തട്ടിലാണ്. ഇവരെ ഏകോപിപ്പിച്ച് പഴയ എ ഗ്രൂപ്പിനെ സജീവമാക്കാനുള്ള ശ്രമങ്ങളാണ് അന്‍സാര്‍ അസീസ് നടത്തുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: