തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കി പിണറായി സര്‍ക്കാര്‍. സില്‍വര്‍ലൈനായി നിയോഗിച്ച ജീവനക്കാരെ തിരികെവിളിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. റവന്യൂവകുപ്പ് ജീവനക്കാരെയാണ് തിരികെവിളിച്ചത്. കേന്ദ്ര അനുമതിക്കു ശേഷമേ ഇനി പദ്ധതിയില്‍ സര്‍വേ അടക്കം തുടര്‍ നടപടി സാധ്യമാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. റെയില്‍വേ ബോര്‍ഡ് പദ്ധതി അംഗീകരിച്ചശേഷം സര്‍വേ തുടരാമെന്ന് ഉത്തരവില്‍ പറയുന്നു. റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് ആണ് ഉത്തരവിറക്കിയത്. 11 ജില്ലകളിലായി 205 റവന്യൂ ജീവനക്കാരെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിയോഗിച്ചിരുന്നത്.
ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും കേരളാ റെയില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് എംഡിക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. വിവിധ യൂണിറ്റുകളില്‍ നിയോഗിച്ചിരിക്കുന്ന ജീവനക്കാരെ അടിയന്തരമായി പിന്‍വലിക്കണമെന്നും ഇവരെ മറ്റ് പദ്ധതികളിലേക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറു മാസമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് താല്‍ക്കാലികമായി ഇവരെ തിരിച്ചു വിളിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സാമൂഹികാഘാത പഠനത്തിനായുള്ള കല്ലിടല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനു ശേഷം ഒരു പ്രവര്‍ത്തനവും നടക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാരെ തിരികെ വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: