പാലക്കാട്: നഞ്ചിയമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഗായികയായത് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തോടെയാണ്. ഒടുവില്‍ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. തല ചായ്‌ക്കാന്‍ സുരക്ഷിതമായ ഒരു കൂരയില്ല എന്ന വിലാപമായിരുന്നു നഞ്ചിയമ്മയ്‌ക്ക് എപ്പോഴും. എന്നാല്‍ ഇപ്പോഴിതാ നഞ്ചിയമ്മയ്‌ക്ക് സ്വന്തമായി വീട് ഒരുങ്ങി.
ഫിലോകാലിയ ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്‌ക്ക് സ്വപ്നഭവനം നിര്‍മ്മിച്ച് നൽകിയത്. എത്രയോ വര്‍ഷം നാടന്‍പാട്ടുകള്‍ പാടി നടന്നിട്ടും ഒരു വീട് സ്വന്തമായില്ലാത്തത് എല്ലാവരുടേയും വേദനയായിരുന്നു. അവാർഡുകള്‍ പോലും സൂക്ഷിക്കാൻ ഇടമില്ലാത്തതിനാല്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഈ ദയനീയ അവസ്ഥ അറിഞ്ഞപ്പോഴാണ് ഫിലോകാലിയ ഫൗണ്ടേഷന്‍ നഞ്ചിയമ്മയ്‌ക്ക് ഒരു വീട് നല്‍കണമെന്ന് ആലോചിച്ചത്. മൂന്നു മാസം മുൻപ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയായി. കഴിഞ്ഞദിവസം അത് നഞ്ചിയമ്മയ്‌ക്ക് കൈമാറുകയും ചെയ്തു.
പാലക്കാട് അട്ടപ്പാടി നക്കുപതി ഊരിലെ അംഗമാണ് നഞ്ചിയമ്മ. മന്ത്രിമാരോ പരിവാരങ്ങളോ വിഐപികളോ ഇല്ലാത്ത ലളിതമായ ചടങ്ങിലായിരുന്നു താക്കോല്‍ കൈമാറ്റം. അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന വീട് എന്ന സൗഭാഗ്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇപ്പോഴും നഞ്ചിയമ്മയുടെ മുഖത്ത് തെളിയുന്നത് അടക്കാനാവാത്ത സന്തോഷത്തിന്റെ നിഷ്കളങ്കമായ പുഞ്ചിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: