മറ്റൊരു ശൈത്യകാലത്തിന് കൂടി സ്വാഗതമോതുകയാണ് ഇന്ദ്രപ്രസ്ഥം. തലയുയര്‍ത്തി നില്‍ക്കുന്ന നേതാജിയുടെ കൂറ്റന്‍ പ്രതിമയെ തലോടിയെത്തുന്ന മന്ദമാരുതന്‍ പറയാതെ പറയുന്നുണ്ട് കാലത്തിന്റെ മാറ്റത്തെക്കുറിച്ച്, പുതിയ ഭാരതത്തെക്കുറിച്ച്. ഒരു പേരുമാറ്റത്തില്‍ എന്തിരിക്കുന്നു എന്നു ചോദിച്ചവര്‍, പേരില്‍ മാത്രമല്ല മാറ്റമെന്ന് തിരിച്ചറിയുന്നു. ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വരാനിരിക്കുന്ന 25 വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് കരുത്തുപകരേണ്ടത് ഓരോ പൗരനുമാണ്, ഒരോരുത്തര്‍ക്കും അവരുടെ കടമ നിര്‍വ്വഹിക്കാനുണ്ട്. കര്‍ത്തവ്യ പഥ് അതാണ് നമ്മോട് പറയുന്നത്.
രാജ്പഥില്‍ നിന്ന് കര്‍ത്തവ്യ പഥിലേക്കുള്ള ദൂരം ഒരു ബോര്‍ഡ് മാറ്റിവയ്‌ക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. കോളനിവാഴ്ചയുടെ ശേഷിപ്പുകള്‍ ഒന്നൊന്നായി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ചെങ്കോട്ടയുടെ നടുത്തളത്തില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനസേവകന്‍ നരേന്ദ്രമോദി ജനങ്ങളോട് നടത്തിയ ആഹ്വാനവും അതായിരുന്നു. അടിമത്തത്തിന്റേതായ യാതൊന്നും മുന്നോട്ടുള്ള പ്രയാണത്തില്‍ നമ്മെ പിന്നോട്ടുവലിക്കരുത്. അതോടൊപ്പം ഭാരതീയമായ ചേതന നമ്മെ നയിക്കുകയും വേണം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ കര്‍ത്തവ്യ പഥില്‍ സ്ഥാപിച്ചതിലൂടെ അതാണ് ഭാരതം വിളിച്ചുപറയുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി മാസങ്ങള്‍ നീണ്ട നവീകരണത്തിനു ശേഷമാണ് കര്‍ത്തവ്യ പഥ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇന്ത്യാഗേറ്റില്‍ തുടങ്ങി രാഷ്‌ട്രപതി ഭവന്‍ വരെ നീളുന്ന പ്രദേശം ആകെ മാറിയിരിക്കുന്നു. ആ മാറ്റം ജനമനസ്സിനും രാജ്യത്തിനും നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
13,500 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത വികസന പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കര്‍ത്തവ്യ പഥ് ഉള്‍പ്പെടുന്ന അവന്യൂ നവീകരിച്ചത്. മൊത്തം കനാല്‍ പ്രദേശത്തിന്റെ 19 ഏക്കറിലാണ് നവീകരണം നടത്തിയത്. പൊതുജനങ്ങള്‍ക്കായി നടപ്പാതയടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. നേരത്തെ നിലത്ത് നിരത്തിയിരുന്ന ബജ്രി മണലിന് പകരമായി 16.5 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകള്‍. സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി ഗ്രാനൈറ്റില്‍ തീര്‍ത്ത അഞ്ഞൂറോളം ബെഞ്ചുകള്‍. ഇരുവശത്തമുള്ള കനാലുകളെ നടപ്പാതയുമായി ബന്ധിപ്പിച്ചുകൊണ്ട് 16 പാലങ്ങളും.
സെന്‍ട്രല്‍ വിസ്ത അവന്യൂവിലെ നാല് അടിപ്പാതകള്‍ പുതുക്കി പണിതു. കാല്‍നടയാത്രക്കാര്‍ക്ക് തിരക്കേറിയ ജംഗ്ഷനുകളില്‍ വാഹനഗതാഗതത്തെ ബാധിക്കാതെ സുരക്ഷിതമായി സഞ്ചരിക്കാന്‍ അടിപ്പാതകള്‍ സൗകര്യമൊരുക്കുന്നു. ഈ അടിപ്പാതകളുടെ വശങ്ങളില്‍ കര്‍ത്തവ്യ പഥിന്റെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. വശങ്ങളില്‍ മനോഹരമായ പുല്‍മൈതാനങ്ങളുണ്ട്, 3.90 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടിതിന്. നേരത്തെ പുല്‍മൈതാനം നനയ്‌ക്കാന്‍ ഭൂമിക്ക് മുകളിലൂടെയുള്ള പൈപ്പുകളാണ് ഉപയോഗിച്ചിരുന്നത്. അത് വെള്ളക്കെട്ടിന് കാരണമായിരുന്നു. ഇത് മാറ്റി മൈക്രോ ഇറിഗേഷനുള്‍പ്പെടെ പുതിയ ജലസേചന സംവിധാനം കൊണ്ടുവന്നു. 900 ലധികം ലൈറ്റ് തൂണുകള്‍, 4,087 മരങ്ങള്‍, ചെറുകിട വ്യാപാരശാലകള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍, മലിനജല പുനരുപയോഗ പ്ലാന്റ്, പൊതുശുചിമുറികള്‍, കുടിവെള്ളസൗകര്യം, മഴവെള്ള സംഭരണി എന്നിവയും സ്ഥാപിച്ചു. കനാലിന്റെ രണ്ട് ഭാഗങ്ങളില്‍ ബോട്ടിങ് അനുവദിക്കാനും പദ്ധതിയുണ്ട്.
ബ്രിട്ടീഷുകാര്‍ ഭരണസിരാകേന്ദ്രം കൊല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജോര്‍ജ് അഞ്ചാമന്‍ നടത്തിയ സന്ദര്‍ശനത്തിലാണ് രാഷ്‌ട്രപതി ഭവന്‍ മുതല്‍ പുരാനകില വരെയുള്ള ഭാഗത്തിന് കിങ്‌സ് വേ എന്നു പേരിട്ടത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്പഥ് എന്ന് പുനര്‍നാമകരണം ചെയ്തു. പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ളവയുടെ രൂപകല്‍പ്പന ചെയ്ത സര്‍ എഡ്വിന്‍ ല്യൂട്ടിന്‍സ് തന്നെയായിരുന്നു രാജ്പഥിന്റെയും ശില്‍പ്പി.
നേതാജിക്ക് ആദരം
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം 2016ല്‍ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23ന് പരാക്രം ദിവസമായി ആചരിക്കാന്‍ തുടങ്ങിയതും മോദി സര്‍ക്കാരാണ്. 2022 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനമായ ജനുവരി 23നാണ് ആരംഭിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായായിരുന്നു ഇത്. ഇന്ത്യയുടെ സ്വതന്ത്ര്യസമരചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച നേതാജിയെ രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മനഃപൂര്‍വ്വം അവഗണിക്കുകയായിരുന്നു. നേതാജിയുടെ ചരിത്രം തിരസ്‌ക്കരിക്കപ്പെട്ടതിന് കാരണം നെഹ്‌റു പരിവാറാണെന്ന ആരോപണം നേതാജിയുടെ കുടുംബവും ഉന്നയിച്ചിരുന്നു.
ഇന്ത്യാ ഗേറ്റിന് സമീപം ജോര്‍ജ് അഞ്ചാമന്റെ പ്രതിമ നിന്നിരുന്നിടത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കാന്‍ എടുത്ത തീരുമാനം ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. 1968ല്‍ ജോര്‍ജ് അഞ്ചാമന്റെ പ്രതിമ നീക്കം ചെയ്തതിനുശേഷം അവിടം ശൂന്യമായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2022 ജനുവരി 23ന് ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചു. പിന്നീട് ഹോളോഗ്രാം പ്രതിമ മാറ്റി കൂറ്റന്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു. 28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ള പ്രതിമയാണ് സ്ഥാപിച്ചത്. തെലങ്കാനയില്‍നിന്നെത്തിച്ച ഗ്രാനൈറ്റ് ഉപയോഗിച്ച് രണ്ടുമാസമെടുത്താണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2022 സപ്തംബര്‍ എട്ടിനാണ് പ്രധാനമന്ത്രി ഈ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്തതും കര്‍ത്തവ്യ പഥ് എന്ന് പുനര്‍നാമകരണം നടത്തിയതും.
മാറ്റങ്ങള്‍ പേരില്‍ മാത്രമല്ല
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്സ് റോഡിന്റെ പേര് 2016ലാണ് ലോക് കല്യാണ്‍ മാര്‍ഗ് എന്ന് പുനര്‍നാമകരണം ചെയ്തത്. 1940ല്‍ സ്ഥാപിതമായ ദല്‍ഹി റേസ് ക്ലബ്ബിന്റെ ഭാഗമായ ദല്‍ഹി റേസ് കോഴ്സിന്റെ പേരിലാണ് ബ്രിട്ടീഷ് ഭരണകൂടം റേസ് കോഴ്സ് റോഡ് എന്ന് പേരിട്ടത്. ഇത് ഭാരത സംസ്‌കാരവുമായി ബന്ധമുള്ളതാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ മീനാക്ഷി ലേഖി ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു പേരുമാറ്റം. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ പേരിലുണ്ടായിരുന്ന റോഡിന് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം റോഡ് എന്ന് പുനര്‍നാമകരണം ചെയ്തു. മുന്‍ രാഷ്‌ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായിരുന്നു ഇത്.
2018 ഡിസംബറില്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മൂന്ന് ദ്വീപുകള്‍ക്ക് പുനര്‍നാമകരണം നടത്തി. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള ആദരസൂചകമായി റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്, നീല്‍ ദ്വീപിനെ ഷഹീദ് ദ്വീപ്, ഹാവ്ലോക്ക് ദ്വീപിനെ സ്വരാജ് ദ്വീപ് എന്നൊക്കെ പുനര്‍നാമകരണം ചെയ്തു.
2022 ജനുവരി 21ന് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയുടെ ജ്വാല, തൊട്ടടുത്തുള്ള ദേശീയ യുദ്ധ സ്മാരകത്തിലെ അഗ്‌നി ജ്വാലയുമായി ലയിപ്പിച്ചു. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ധീരസൈനികരുടെയും മറ്റ് പോരാളികളുടെയും സ്മരണാര്‍ത്ഥമാണ് ദേശീയ യുദ്ധസ്മാരകം നിര്‍മിച്ചത്. ഇന്ത്യാ ഗേറ്റ് പരിസരത്ത് 40 ഏക്കര്‍ വിസ്തൃതിയിലുള്ള സ്മാരകം 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 1971ലെ യുദ്ധങ്ങളിലും അതിനു മുമ്പും ശേഷവുമുള്ള യുദ്ധങ്ങള്‍ ഉള്‍പ്പെടെ വീരമൃത്യുവരിച്ച ഇന്ത്യക്കാരായ എല്ലാ ധീരരക്തസാക്ഷികളുടെയും പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2022 ലെ റിപ്പബ്ലിക് ദിനത്തില്‍, ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ എബിഡ് വിത്ത് മീ എന്ന ക്രിസ്ത്യന്‍ ഗാനത്തിന് പകരം ലതാ മങ്കേഷ്‌കര്‍ ആലപിച്ച ഏ മേരെ വതന്‍ കെ ലോഗോണ്‍… ഉള്‍പ്പെടുത്തിയതും പ്രധാനമാറ്റമാണ്.
ഇന്ത്യന്‍ നാവിക സേനയുടെ പതാക പരിഷ്‌കരിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍ മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ കമ്മീഷന്‍ ചടങ്ങിലാണ് പുതിയ പതാക പ്രദര്‍ശിപ്പിച്ചത്. ഛത്രപതി ശിവജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ പതാക. സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോകസ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതുമാണ് പുതിയ പതാക. സത്യമേവ ജയതേ എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
പുതിയ യുഗം
ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് പൊതുഅറിയിപ്പ് നല്‍കിയതിന് ശേഷമാണ് കര്‍ത്തവ്യ പഥ് എന്ന പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൊളോണിയലിസത്തിന്റെ പ്രതീകമായ രാജ്പഥ് എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞതിനാല്‍ ഒരു പുതിയ യുഗം ആരംഭിക്കുന്നതായാണ് കര്‍ത്തവ്യപഥ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ”ശാക്തീകരിക്കപ്പെട്ട ഇന്ത്യയുടെ പുതിയ പാത. ഇന്ത്യയിലെ ജനങ്ങളെ അടിമകളാക്കിരുന്ന ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയായിരുന്നു രാജ്പഥ്. കൊളോണിയലിസത്തിന്റെ പ്രതീകമായിരുന്നു അത്. ഇപ്പോള്‍, അതിന്റെ വാസ്തുവിദ്യ മാറി, അതിന്റെ ആത്മാവും മാറി. നേതാജിയുടെ പ്രതിമ സ്ഥാപിച്ചതിലൂടെ, ശാക്തീകരിക്കപ്പെട്ട ഇന്ത്യയ്‌ക്കായി ഒരു പുതിയ പാത സ്ഥാപിച്ചു” അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ അന്തസ്സും കരുത്തും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന വീഥികൂടിയാണ് കര്‍ത്തവ്യ പഥ്. ഓരോ ഭാരതീയന്റെയും അഭിമാനം വാനോളം ഉയരുന്ന മുഹൂര്‍ത്തമാണത്. ഭാരതത്തിന്റെ പരിച്ഛേദമാണ് റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. പരേഡിന് സാക്ഷിയാകണമെന്ന് കൊതിക്കാത്തവരുണ്ടാകില്ല. വിവിധ സേനകളിലും എന്‍സിസി, എന്‍എസ്എസ് പോലുള്ള സംഘടനകളിലും അംഗങ്ങളായവരുടെ അഭിലാഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമാകുകയെന്നത്. വിവിധ രാഷ്‌ട്രതലവന്മാര്‍ അതിഥിക ളായെത്തുന്ന അപൂര്‍വ്വ ചടങ്ങുകൂടിയാണ് റിപ്പബ്ലിക് ദിന പരേഡ്. 2023 ജനുവരി 26ന് കര്‍ത്തവ്യപഥിലൂടെ മറ്റൊരു റിപ്പബ്ലിക് ദിന പരേഡ് കൂടി കടന്നുപോകുന്നത് കാണാന്‍ കാത്തിരിക്കുകയാണ് രാജ്യം.
കര്‍ത്തവ്യപഥ് വെറും മണ്ണും കല്ലും നിറഞ്ഞ പാതയല്ല. പുതിയ ഭാരതത്തിന്റെ ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും പാതയാണത്. നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തശേഷം ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് കര്‍ത്തവ്യ പഥില്‍ എത്തുന്നത്. കോവിഡിനെ തുടര്‍ന്നുള്ള അടച്ചിടലിനുശേഷം ദല്‍ഹിയിലെ ജനങ്ങളും അവരുടെ സായാഹ്നങ്ങള്‍ ചെലവഴിക്കുന്നതിനുള്ള കേന്ദ്രമായി കര്‍ത്തവ്യപഥിനെ തെരഞ്ഞെടുത്തു. ദല്‍ഹിയിലെ തിരക്കേറിയ കേന്ദ്രങ്ങളില്‍ ഒന്നായി കര്‍ത്തവ്യ പഥ് മാറിക്കഴിഞ്ഞു.
രാജ്യതലസ്ഥാനത്തെത്തുന്ന ഏതൊരാളും ഇപ്പോള്‍ കര്‍ത്തവ്യ പഥിലേക്ക് എത്തുന്നു. ഒന്നു നടന്നു കാണാന്‍, ആ മാറ്റം അനുഭവിച്ചറിയാന്‍. അതിന് രാവെന്നോ പകലെന്നോ വ്യത്യാസമില്ല. ഇവിടെ എത്തുന്ന ഓരോരുത്തര്‍ക്കും പ്രചോദനമായി മാറുകയാണ് ദേശീയ യുദ്ധസ്മാരകവും നേതാജിയുടെ പ്രതിമയുമെല്ലാം. എല്ലാവരെയും മാടിവിളിക്കുകയാണ് കര്‍ത്തവ്യപഥ്. അലങ്കാര ദീപങ്ങള്‍ മിഴിതുറക്കുന്നതോടെ രാത്രിയില്‍ കര്‍ത്തവ്യപഥ് കൂടുതല്‍ സുന്ദരമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: