ന്യൂദല്‍ഹി: കെ-റെയില്‍ സ്പെഷ്യല്‍ ഓഫീസര്‍ എ.കെ. വിജയകുമാറിനെ ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസിന്റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാന്‍ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരമുള്ള ശിപാര്‍ശ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെത്തി. ഉടന്‍ ഉത്തരവുണ്ടാകും. ചീഫ് സെക്രട്ടറി അടക്കമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണിത്.
ദല്‍ഹിയിലെ കണ്ണായ സ്ഥലത്തെ ട്രാവന്‍കൂര്‍ ഹൗസിന്റെ പന്ത്രണ്ട് ഏക്കര്‍ സ്വകാര്യ ബിസിനസുകാര്‍ക്ക് കൈമാറാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമനം.
കെ-റെയില്‍ സ്പെഷ്യല്‍ ഓഫീസറായി കേരളാ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന വിജയകുമാറിനെതിരെ ദല്‍ഹിയിലെ റസിഡന്റ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും പരാതികള്‍ നല്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിജയകുമാര്‍ ഉപയോഗിക്കുന്നതിലടക്കം കമ്മീഷണര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. മന്ത്രാലയ രേഖകള്‍ ഉപയോഗിക്കരുതെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിജയകുമാറിന് നിര്‍ദേശം നല്‍കിയിരുന്നു.
മധ്യ ദല്‍ഹിയിലെ 12 ഏക്കര്‍ അടങ്ങുന്ന ട്രാവന്‍കൂര്‍ ഹൗസ് സ്വകാര്യ ഹോട്ടല്‍ ശൃംഖലയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് നിയമനം. മതിപ്പുവില അയ്യായിരം കോടിക്ക് മുകളിലുള്ള കണ്ണായ ഭൂമി കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ശ്രമം. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ബെംഗളൂരുവിലെ താവഴിയിലുള്ള വേണുഗോപാല്‍ വര്‍മ്മ ചെന്നൈയിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി 250 കോടിക്ക് വില്‍പ്പനക്കരാര്‍ ഒക്ടോബര്‍ 21ന് ഒപ്പുവെച്ചിട്ടുണ്ട്. ഭൂമിക്ക് പട്ടയം തേടി തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യവര്‍മ്മ കേന്ദ്ര ലാന്‍ഡ് ഡവലപ്മെന്റ് ഓഫീസര്‍ക്ക് നല്കിയ അപേക്ഷയില്‍ മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രം തേടിയിരുന്നു. ഇതില്‍ പുതിയ നിലപാട് നല്‍കാനും സംസ്ഥാനം ശ്രമം തുടങ്ങി.
1916ലാണ് ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ദല്‍ഹിയില്‍ എട്ട് ഏക്കര്‍ ഭൂമി വാങ്ങിയത്. കപൂര്‍ത്തല മഹാരാജാവില്‍ നിന്ന് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് 1936ല്‍ ആറേക്കര്‍ ഭൂമിയും വാങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ഇതു കേന്ദ്ര നിയന്ത്രണത്തിലായിരുന്നു. 1967ല്‍ കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് 2.16 ഏക്കര്‍ ഭൂമി കൈമാറി, ഇവിടെ കേരളാ സ്കൂള്‍ സ്ഥാപിച്ചു. 1988ല്‍ സുപ്രീംകോടതി 3.88 ഏക്കറിന്റെ കൈവശാവകാശം സംസ്ഥാന സര്‍ക്കാരിന് നല്കി. സംസ്ഥാന സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ 2011ലും 2014ലും ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഈ ഭൂമിയിലുള്ള നിര്‍മ്മാണ അപേക്ഷകള്‍ തള്ളിയിരുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നാഷണല്‍ ആര്‍ക്കൈവ്സില്‍ നിന്നും ലഭിച്ച രേഖകള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഭൂമിയില്‍ കൈവശാവകാശം മാത്രമേയുള്ളുവെന്നാണ് രാജകുടുംബത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: