കൊല്ലം: പ്രസിഡന്‍സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ലീഗും നടക്കുന്ന അഷ്ടമുടിക്കായലിന്റെ തീരത്ത് സന്ദര്‍ശകരെ കാത്തിരിക്കുന്നത് ദുര്‍ഗന്ധം വമിപ്പിക്കുന്ന മാലിന്യശേഖരം. അടിയന്തരപ്രശ്നം എന്ന നിലയില്‍ ഇതൊന്നു പൊതുജനങ്ങളില്‍ നിന്നും മറച്ചുപിടിക്കാന്‍ കോര്പറേഷന് അധികൃതരുടെ കണ്ണുപൊത്തിക്കളിയും തകൃതി.
ലിങ്ക് റോഡില്‍ ബോട്ട് ജെട്ടിക്ക് സമീപം തുമ്പൂര്‍മൂഴി മോഡല്‍ കമ്പോസ്റ്റ് പ്ലാന്റിന് സമീപത്തെ മാലിന്യകൂമ്പാരം വള്ളംകളി കാണാന്‍ എത്തുന്നവരില്‍ നിന്നും മറച്ചുവയ്ക്കാന്‍ പച്ച നെറ്റ് കെട്ടി അടച്ചു. കൂടെ കോര്പ്പറേഷന് സെക്രട്ടറിയുടെ അറിയിപ്പുമുണ്ട്. അറ്റകുറ്റപണ്ണികള്ക്കായി കമ്പോസ്റ്റ് യൂണിറ്റ് അടച്ചിട്ടിരിക്കുകയാണെന്ന്. നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ചാല്‍ 5000 രൂപ പിഴയടിക്കും. ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കും എന്നുമാണ്.
ലിങ്ക് റോഡിന് സമീപമുള്ള കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ കോര്പറേഷന് ശുചീകരണ ജീവനക്കാര്‍ ഇവിടെ കൊണ്ട് വന്ന് നിക്ഷേപിക്കുകയാണ്. തൊട്ട് ചേര്‍ന്ന് കായലിലേക്ക് ഒഴുകി എത്തുന്ന ഓടയിലെ മാലിന്യം കോരി വയ്ക്കുന്നതും ഇവിടെ തന്നെ.
കായലില്‍ തറയ്ക്കാനായി കൊണ്ട് വന്ന തെങ്ങിന്‍തടികളും മാസങ്ങളായി ഇവിടെ കൂനകൂട്ടിയിട്ടിട്ടുണ്ട്. സുന്ദര നഗരവും ശുചിത്വ നഗരവുമെല്ലം വാക്കുകളില്‍ മാത്രമാണ് എന്നുള്ള കാഴ്ച വള്ളംകളി കാണാന്‍ എത്തുന്നവര്‍ അറിയരുതെന്ന നിര്‍ബന്ധത്തിലാണ് കോര്പ്പറേഷന് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: